ട്രക്ക് നിറയെ സഫാരി സ്റ്റോമുകള്‍; കരസേനയ്ക്ക് വാഹനങ്ങൾ വിതരണം ചെയ്ത് ടാറ്റ
ഒരു ട്രക്ക് നിറയെ പട്ടാള പച്ചനിറത്തിലുള്ള ടാറ്റ സഫാരി സ്റ്റോമുകള്‍; സമൂഹമാധ്യമങ്ങളില്‍ പുതിയ ചിത്രം വൈറലാവുകയാണ്. മാരുതി ജിപ്‌സിയുമായുള്ള നീണ്ടകാല ബന്ധം വിച്ഛേദിച്ചാണ് ടാറ്റ സഫാരി സ്റ്റോമുകളെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ കരസേന തീരുമാനിച്ചത്. കരാര്‍ പ്രകാരം 3,192 സഫാരി സ്റ്റോമുകള്‍ കരസേനയ്ക്ക് ലഭിക്കും.

ജനറല്‍ സര്‍വീസ് 800 വിഭാഗത്തില്‍പ്പെടുത്തി പ്രത്യേകം ഒരുക്കിയ സഫാരി സ്റ്റോം ആര്‍മി എഡിഷനുകളുടെ വിതരണം ടാറ്റ ആരംഭിച്ചു. കരസേനാതാവളത്തില്‍ വിതരണത്തിന് കൊണ്ടുവന്ന ട്രക്കില്‍ നിന്നാണ് ചിത്രങ്ങള്‍.

മറ്റു പ്രതിരോധ വാഹനങ്ങള്‍ക്ക് സമാനമായി ഒലീവ് ഗ്രീന്‍ നിറത്തിലാണ് പുതിയ സഫാരി സ്റ്റോമുകളും. എസ്‌യുവിയുടെ ചക്രങ്ങള്‍ക്കും ഇതേ നിറം തന്നെ. കരസേനയില്‍ നിലവിലുള്ള മാരുതി ജിപ്‌സി, MM550 DXB, ഹിന്ദുസ്താന്‍ അംബാസഡര്‍ വാഹനങ്ങള്‍ക്ക് പകരക്കാരനാണ് വന്നിരിക്കുന്ന ടാറ്റ സഫാരി സ്റ്റോമുകള്‍.

പട്രോളിംഗിനും ചെറുകിട പ്രതിരോധ നടപടികള്‍ക്കും സഫാരി സ്റ്റോമുകളെ കരസേന ഉപയോഗിക്കും. പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടി വകയിരുത്തിയ സഫാരി സ്റ്റോമുകളില്‍ പ്രത്യേക ആയുധ സംവിധാനങ്ങളും ടാറ്റ സജ്ജമാണ്.

ദുര്‍ഘടമായ നിരത്തുകള്‍ പെട്ടെന്ന് താണ്ടാന്‍ ഡ്രൈവ്‌ട്രെയിനിലും സസ്‌പെന്‍ഷനിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതേസമയം ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകളുടെ കരുത്തുത്പാദനം ടാറ്റ വെളിപ്പെടുത്തിയിട്ടില്ല.

2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് വെരികോര്‍ എഞ്ചിനാണ് സാധാരണ സഫാരി സ്റ്റോമുകളില്‍. എഞ്ചിന് 154 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ആറു സ്പീഡ് ഗിയര്‍ബോക്‌സില്‍ 4X4 ലോ റേഞ്ച് ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഗിയര്‍ ലെവറിന് സമീപം സ്ഥാപിച്ചിട്ടുള്ള കറങ്ങുന്ന പിടി മുഖേന ഉയര്‍ന്ന, താഴ്ന്ന അനുപാതങ്ങളെ സഫാരി സ്റ്റോമില്‍ തെരഞ്ഞെടുക്കാം.

ബീജ് ബ്ലാക് പശ്ചാത്തലത്തിലാണ് എസ്യുവിയുടെ അകത്തളം. സഫാരി സ്റ്റോമിന്റെ മുന്‍ പിന്‍ നിരകളില്‍ റീഡിങ്ങ് ലാമ്പുകളുണ്ട്. സുബ്രോസ് എയര്‍ കണ്ടീഷണിംഗ് സംവിധാനം, എബിഎസ് 9.1, ഇരട്ട എയര്‍ബാഗുകള്‍ എന്നിവ ആര്‍മി എഡിഷന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടും.

എസ്‌യുവിയില്‍ എവിടെയും ക്രോം അലങ്കാരമില്ല. ശരീര നിറത്തോട് ചേര്‍ന്നു നില്‍ക്കാന്‍ എസ്‌യുവിയുടെ പ്ലാസ്റ്റിക് ഘടകങ്ങളിലും ഒലീവ് ഗ്രീന്‍ നിറം കമ്പനി പൂശിയിട്ടുണ്ട്. ചവിട്ടുപടിയ്ക്കും റൂഫ്‌റെയിലുകള്‍ക്കും മാത്രമാണ് ഈ നിറം ലഭിക്കാഞ്ഞത്.

ഇതിനു പുറമെ ആര്‍മി എഡിഷന്റെ ഇടതു പിന്‍ഭാഗത്ത് ഫെന്‍ഡറില്‍ ജെറി കാന്‍ ഹോള്‍ഡറും ടാറ്റ സ്ഥാപിച്ചിട്ടുണ്ട്. ബോണറ്റിലുള്ള ആന്റിന, മുന്‍ബമ്പറിലുള്ള സ്‌പോട് ലൈറ്റുകള്‍, പിന്നിലുള്ള കൊളുത്തുകള്‍ എന്നിവ സഫാരി സ്റ്റോം ആര്‍മി എഡിഷന്റെ മറ്റു സവിശേഷതകളാണ്.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, നാലു വീല്‍ ഡ്രൈവ്, ലാഡര്‍ ഓണ്‍ ഫ്രെയിം ഷാസി - ആഭ്യന്തരമായി വികസിപ്പിച്ച സഫാരി സ്റ്റോമുകളെ മതിയെന്ന കരസേനയുടെ തീരുമാനത്തിന് പിന്നില്‍ കാരണങ്ങള്‍ പലത്. 1958 മുതല്‍ കരസേനയുടെ ഭാഗമായി ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ പ്രവര്‍ത്തിക്കുന്നുണ്ട്.
Image Source: Tejas-India's MRCA


Click it and Unblock the Notifications








