മാരുതി ജിപ്‌സിക്ക് പകരക്കാരന്‍; ഇതാണ് ടാറ്റ സഫാരി സ്റ്റോം ആര്‍മി എഡിഷന്‍
കരസേനയ്ക്ക് വേണ്ടി ടാറ്റ പ്രത്യേകം നിർമ്മിച്ച സഫാരി സ്റ്റോമിന്റെ ചിത്രങ്ങള്‍ പുറത്ത്. കുറച്ച് കാലം മുമ്പാണ് കരസേനയ്ക്ക് ആവശ്യമായ വാഹനങ്ങളെ നിര്‍മ്മിച്ചു നല്‍കാനുള്ള കരാര്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ കരസ്ഥമാക്കിയത്.

കരാര്‍ പ്രകാരം 3,192 സഫാരി സ്റ്റോം 4X4 എസ്‌യുവികളെ കരസേനയ്ക്ക് ടാറ്റ വിതരണം ചെയ്യും. ജനറല്‍ സര്‍വീസ് 800 എന്ന വിഭാഗത്തിലാണ് പുതിയ ടാറ്റ സഫാരി സ്റ്റോമുകൾ കരസേനയിൽ അണിചേരുക.

മറ്റു സൈനികവാഹനങ്ങള്‍ക്ക് സമാനമായി മാറ്റ് ഗ്രീന്‍ നിറത്തിലാണ് ടാറ്റ സഫാരി സ്റ്റോം ആര്‍മി എഡിഷന്‍. ആര്‍മി എഡിഷനില്‍ എവിടെയും ക്രോം അലങ്കാരങ്ങള്‍ ടാറ്റ നല്‍കിയിട്ടില്ല.

ശരീര നിറത്തോട് ചേര്‍ന്നു നില്‍ക്കാന്‍ എസ്‌യുവിയുടെ പ്ലാസ്റ്റിക് ഘടകങ്ങളിലും മാറ്റ് ഗ്രീന്‍ നിറം കമ്പനി പൂശിയിട്ടുണ്ട്. ചവിട്ടുപടിയ്ക്കും റൂഫ്‌റെയിലുകള്‍ക്കും മാത്രമാണ് മാറ്റ് ഗ്രീന്‍ നിറം ലഭിക്കാഞ്ഞത്.

ഇതിന് പുറമെ ആര്‍മി എഡിഷന്റെ ഇടതു പിന്‍ഭാഗത്ത് ഫെന്‍ഡറില്‍ ജെറി കാന്‍ ഹോള്‍ഡറും ടാറ്റ സ്ഥാപിച്ചിട്ടുണ്ട്. ബോണറ്റിലുള്ള ആന്റിന, ഫ്രണ്ട് ബമ്പറിലുള്ള സ്‌പോട്‌ലൈറ്റുകള്‍, പിന്നിലുള്ള കൊളുത്തുകള്‍ എന്നിവ സഫാരി സ്റ്റോം ആര്‍മി എഡിഷന്റെ മറ്റു പ്രത്യേകതകളാണ്.

ബീജ് നിറത്തിലാണ് അകത്തളം. എന്നാല്‍ ഉള്ളില്‍ കമ്പനി നല്‍കിയ ഫീച്ചറുകള്‍ സംബന്ധിച്ച് വ്യക്തതയില്ല. 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് ടാറ്റ സഫാരി സ്റ്റോം ആര്‍മി എഡിഷന്റെ ഒരുക്കം.

എഞ്ചിന് പരമാവധി 154 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് എസ്‌യുവിയില്‍. ഉയര്‍ന്ന അനുപാതത്തിലും താഴ്ന്ന അനുപാതത്തിലുമുള്ള 4X4 ട്രാന്‍സ്ഫര്‍ കേസും ആര്‍മി എഡിഷന് ലഭിച്ചിട്ടുണ്ട്.

ഗിയര്‍ ലെവറിന് സമീപം സ്ഥാപിച്ചിട്ടുള്ള കറങ്ങുന്ന പിടി മുഖേന ഉയര്‍ന്ന, താഴ്ന്ന അനുപാതങ്ങളെ എസ്‌യുവിയില്‍ തെരഞ്ഞെടുക്കാം. ശരീര നിറത്തോട് നീതിപുലര്‍ത്തുന്ന ഗ്രീന്‍ വീല്‍ കവറുകളും ടാറ്റ സഫാരി സ്റ്റോം ആര്‍മി എഡിഷനില്‍ എടുത്തുപറയണം.

മാരുതി ജിപ്‌സിക്ക് പകരക്കാരനായാണ് ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകള്‍ കരസേനയില്‍ കടന്നുവരാനിരിക്കുന്നത്. നിലവില്‍ ഏകദേശം 31,000 മാരുതി ജിപ്‌സികളാണ് വിവിധ ആവശ്യങ്ങള്‍ക്കായി സൈന്യത്തിന്റെ പക്കലുള്ളത്.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, നാലു വീല്‍ ഡ്രൈവും, ലാഡര്‍ ഓണ്‍ ഫ്രെയിം ഷാസിയും സഫാരി സ്റ്റോമിന്റെ പ്രധാന വിശേഷങ്ങളാണ്. 1958 മുതല്‍ ഇന്ത്യന്‍ കരസേനയുടെ ഭാഗമായി ടാറ്റ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതുവരെയും ഏകദേശം ഒന്നരലക്ഷം വാഹനങ്ങളെയാണ് സൈനികാവശ്യങ്ങള്‍ക്കായി കരസേനയ്ക്ക് ടാറ്റ നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്.
Image Source: 4X4 India/Facebook Group


Click it and Unblock the Notifications








