ടാറ്റ ടിഗോര്‍ 'ബസ്' ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍, വില 5.68 ലക്ഷം മുതല്‍
ടാറ്റ ടിഗോര്‍ 'ബസ്' എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ടിഗോറിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലാണ് വിപണിയില്‍ എത്തിയിരിക്കുന്ന പുതിയ ബസ് പതിപ്പ്. 5.68 ലക്ഷം രൂപയാണ് ടിഗോര്‍ ബസ് എഡിഷന്‍ പെട്രോളിന് വില. ഡീസല്‍ പതിപ്പിന് വില 6.57 ലക്ഷം രൂപയും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

ഇന്ത്യന്‍ വിപണിയില്‍ ടിഗോര്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഈ സന്തോഷം പുതിയ ടിഗോര്‍ ബസ് എഡിഷനിലൂടെ ടാറ്റ പങ്കിടുകയാണ്. അതേസമയം ലിമിറ്റഡ് എഡിഷന്‍ ടിഗോര്‍ ബസ് സാധാരണ ടിഗോറിനെക്കാളും അമ്പതിനായിരം രൂപ കൂടുതല്‍ രേഖപ്പെടുത്തും.

XT വകഭേദമാണ് ടിഗോര്‍ ബസ് എഡിഷന് അടിസ്ഥാനം. മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ കാറില്‍ ലഭ്യമാവുകയുള്ളു. പുതിയ ടിഗോര്‍ ബസ് എഡിഷന്‍ കൂടുതല്‍ സ്‌റ്റൈലിഷാണ്. ഇതിനു വേണ്ടി മോഡലിന്റെ രൂപശൈലിയില്‍ മാറ്റങ്ങള്‍ കമ്പനി വരുത്തി.

കറുപ്പു നിറമുള്ള തിളങ്ങുന്ന മേല്‍ക്കൂര, പിയാനെ ബ്ലാക് നിറമുള്ള മിററുകള്‍, ഇരട്ടനിറമുള്ള വീല്‍ കവറുകള്‍ എന്നിവ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും. മുന്‍ ഗ്രില്ലിലും ബസ് എഡിഷന്‍ കൈയ്യൊപ്പ് കാണാം. പിറകിലുള്ള ബസ് ബാഡ്ജിംഗും കാറില്‍ ശ്രദ്ധയാകര്‍ഷിക്കും.

ലിമിറ്റഡ് എഡിഷന്റെ അകത്തളത്തിലും ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. എയര്‍ വെന്റുകള്‍ക്കു ചുറ്റുമുള്ള ചുവപ്പു അടിവരയാണ് മാറ്റങ്ങളില്‍ മുഖ്യം. പ്രീമിയം പ്രതീതി കാഴ്ചവെക്കുന്ന പൂര്‍ണ ഫാബ്രിക്ക് സീറ്റുകളും അകത്തളത്തില്‍ എടുത്തുപറയണം.

പിയാനൊ ബ്ലാക് നിറമുള്ള ഡാഷ്‌ബോര്‍ഡും സ്റ്റീയറിംഗ് വീലും ഉള്ളിലെ മറ്റു പ്രത്യേകതകളാണ്. ഇതൊക്കെയാണെങ്കിലും പുതിയ ടിഗോര്‍ ബസ് എഡിഷന്റെ എഞ്ചിനില്‍ മാറ്റങ്ങളില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ലിമിറ്റഡ് എഡിഷനിലും തുടരുന്നു.

84 bhp കരുത്തും 114 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ഡീസല്‍ എഞ്ചിന് 69 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഇരു പതിപ്പുകളിലുമുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്.

ടാറ്റ നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മൂന്നാമത്തെ കാറാണ് കോമ്പാക്ട് സെഡാന്‍ ടിഗോര്‍. ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ടാറ്റയുടെ കണക്ട്‌നെക്‌സ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ഓപ്ഷന്‍, ഹര്‍മന്‍ ഓഡിയോ സംവിധാനം എന്നിങ്ങനെ നീളും ടിഗോറിലെ പ്രധാന ഫീച്ചറുകള്‍.

കാറില്‍ ടാറ്റ നല്‍കിയിട്ടുള്ള മുന്‍നിര ഫീച്ചറുകള്‍ മോഡല്‍ വില്‍പനയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. മാരുതി സുസുക്കി ഡിസൈര്‍, ഹോണ്ട അമേസ് എന്നിവരോടാണ് ടാറ്റ ടിഗോറിന്റെ അങ്കം.


Click it and Unblock the Notifications