ആഢംബരം നിറഞ്ഞൊഴുകി ടൊയോട്ട ആല്‍ഫാര്‍ഡ് — ഇതിന് മുന്നില്‍ ഇന്നോവയൊക്കെ ചെറുത്
2018 ഓട്ടോ എക്‌സ്‌പോയില്‍ പുതുതലമുറ ആല്‍ഫാര്‍ഡിനെ കണ്ടപ്പോള്‍ കാര്‍ പ്രേമികള്‍ പ്രതീക്ഷിച്ചില്ല ടൊയോട്ടയുടെ അത്യാഢംബര എംപിവി ഇത്രപെട്ടെന്നു ഇന്ത്യന്‍ നിരത്തില്‍ എത്തുമെന്ന്. ഇന്ത്യയില്‍ പറന്നിറങ്ങിയ ആദ്യത്തെ ആല്‍ഫാര്‍ഡ് എക്‌സിക്യൂട്ടീവ് ലൗഞ്ചിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്.

പതിവു എംപിവി സങ്കല്‍പങ്ങള്‍ വിഭാവനം ചെയ്യുന്ന മോഡലല്ലിത്. ലോകത്തിലെ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് ക്യാബിനും സുഖസൗകര്യങ്ങളും ഉറപ്പുവരുത്തുന്ന ആല്‍ഫാര്‍ഡ് എക്‌സിക്യൂട്ടീവ് ലൗഞ്ച്, ആഢംബരത്തിന് പുതിയ നിര്‍വചനം നല്‍കാന്‍ ശ്രമിക്കുകയാണ്.

ടൊയോട്ട ആല്‍ഫാര്‍ഡുകളെ ഇന്ത്യ ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും ആല്‍ഫാര്‍ഡ് എക്‌സിക്യൂട്ടീവ് ലൗഞ്ച് ഇതാദ്യമായാണ് രാജ്യത്തെത്തുന്നത്. ദില്ലിയിലെ നയതന്ത്ര മേഖലകളില്‍ ആല്‍ഫാര്‍ഡുകള്‍ പതിവു കാഴ്ച്ചയാണ്.

അന്തരിച്ച ഡിഎംകെ നേതാവ് എം കരുണാനിധിയ്ക്കുമുണ്ടായിരുന്നു ഒരു ടൊയോട്ട ആല്‍ഫാര്‍ഡ്. ഇന്ത്യന്‍ വിപണിയില്‍ ആല്‍ഫാര്‍ഡിനെ ടൊയോട്ട ഇന്നുവരെ വില്‍പനയ്ക്ക് കൊണ്ടുവന്നിട്ടില്ല. ഇവിടുള്ളതെല്ലാം ഇറക്കുമതി ചെയ്ത മോഡലുകളാണ്.

ഭീമാകരമായ ബോക്‌സി ഘടനയാണ് ഇപ്പോള്‍ വന്നിരിക്കുന്ന ആല്‍ഫാര്‍ഡ് എക്‌സിക്യൂട്ടീവ് ലൗഞ്ചിന്. ആഢംബര വാഹനങ്ങളില്‍ കണ്ടുവരുന്ന തഴുകിയൊകുന്ന വളവുകളോ, വരകളോ ടൊയോട്ടയുടെ എംപിവിയില്‍ എങ്ങും കാണാനില്ല.

മുന്നിലെ വലിയ ക്രോം ഗ്രില്ലാണ് മോഡലിന്റെ മുഖരൂപം നിശ്ചയിക്കുന്നത്. വീതികൂടിയ എയര്‍ ഇന്‍ടെയ്ക്കും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ആല്‍ഫാര്‍ഡിന്റെ ഡിസൈന്‍ സവിശേഷതകളില്‍പ്പെടും. ഹെഡ്‌ലാമ്പുകളില്‍ തന്നെയാണ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും.

തെന്നിമാറുന്ന ഡോറുകളാണ് എംപിവിയില്‍ ഒരുങ്ങുന്നത്. അതുകൊണ്ടു ഉള്ളില്‍ കടക്കാനും പുറത്തിറങ്ങാനും യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടില്ല. പരമാവധി പുറംകാഴ്ച്ച ലഭ്യമാക്കുന്ന തരത്തിലാണ് വിന്‍ഡോകളുടെ നിര്‍മ്മിതി.

മേല്‍ത്തരം തുകല്‍ അപ്‌ഹോള്‍സ്റ്ററി, ചെരിക്കാവുന്ന സീറ്റുകള്‍, മസാജ് ഫംങ്ഷന്‍, ടച്ച് കണ്‍ട്രോളുകള്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സുഖസൗക്യങ്ങള്‍ യാത്രക്കാര്‍ക്ക് വേണ്ടി ആല്‍ഫാര്‍ഡില്‍ ഒരുങ്ങുന്നു.

എംപിവിയുടെ സുരക്ഷയിലും കര്‍ക്കശ സ്വഭാവം ടൊയോട്ട പാലിച്ചിട്ടുണ്ട്. ബാക്ക് ഗയിഡ് മോണിട്ടറിംഗ് സംവിധാനം, ബ്ലൈന്‍ഡ് കോര്‍ണര്‍ ഡിറ്റക്ഷന്‍, റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങള്‍ ലോകോത്തര നിലവാരമാണ് അവകാശപ്പെടുന്നത്.

ഇന്നോവ ക്രിസ്റ്റയെക്കാളും വലുപ്പവും ആഢംബരവും ആല്‍ഫാര്‍ഡിനുണ്ട്. പെട്രോള്‍, ഹൈബ്രിഡ് പതിപ്പുകളിലാണ് ടൊയോട്ട ആല്‍ഫാര്‍ഡ് വില്‍പനയ്‌ക്കെത്തുന്നത്. ആല്‍ഫാര്‍ഡിലുള്ള 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 179 bhp കരുത്തും 235 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

3.5 ലിറ്റര്‍ V6 എഞ്ചിന്‍ പതിപ്പും ആല്‍ഫാര്‍ഡിലുണ്ട്. എഞ്ചിന്‍ 297 bhp കരുത്തും 361 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു സ്പീഡ് ഓട്ടോമാറ്റിക്, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ മോഡലുകളില്‍ ലഭ്യമാണ്.

ഹൈബ്രിഡ് പതിപ്പില്‍ സിവിടി ഗിയര്‍ബോക്‌സ് മാത്രമെ ഒരുങ്ങുന്നുള്ളൂ. ഇന്ത്യന്‍ വരവു യാഥാര്‍ത്ഥ്യമായാല്‍ 50 മുതല്‍ 60 ലക്ഷം രൂപ വരെ ആല്‍ഫാര്‍ഡിന് വില പ്രതീക്ഷിക്കാം.
Image Source: Autocraft Customization


Click it and Unblock the Notifications