ആഢംബര രാജാവ് റോള്‍സ് റോയ്‌സോ? പുതിയ ടൊയോട്ട സെഞ്ച്വറി ഈ ധാരണ തിരുത്തും
ആഢംബരത്തിന്റെ അവസാന വാക്കാണ് റോള്‍സ് റോയ്‌സ് എന്ന ബ്രിട്ടീഷ് കാര്‍ കമ്പനി. ധനാഢ്യന്മാരുടെ പ്രിയവാഹനം. അത്യാഢംബരത്തിന്റെയും കരുത്തിന്റെയും വിസ്മയാവതാരം. എന്നാല്‍ റോള്‍സ് റോയ്‌സ് എന്ന പേരോടു കൂടി അവസാനിക്കുമോ കാറുകളുടെ ലോകത്തെ ആഢംബര അന്വേഷണം. പറഞ്ഞുവരുന്നത് ബെന്റ്‌ലിയെ കുറിച്ചെന്നു കരുതിയാല്‍ തെറ്റി.

റോള്‍സ് റോയ്‌സുകളെയും ബെന്റ്‌ലികളെയും കാഡിലാക്കുകളെയും വെല്ലുന്ന ഒരു കാര്‍ ടൊയോട്ടയ്ക്കുണ്ട്. പേര് സെഞ്ച്വറി. ഇങ്ങനെയൊരു കാറിനെ പറ്റി അധികമാര്‍ക്കും അറിയില്ല. സെഞ്ച്വറിയെ പുറംലോകത്തു കൊണ്ടുവരാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയ്ക്ക് താത്പര്യമില്ല.

അമ്പതു വര്‍ഷമായി ടൊയോട്ട സെഞ്ച്വറി ജപ്പാനില്‍ എത്തിയിട്ട്. കൃത്യമായി പറഞ്ഞാല്‍ 1967 -ല്‍. കാറില്‍ രണ്ടുതലമുറകള്‍ കടന്നുപോയെങ്കിലും കാര്യമായ പരിണാമം സെഞ്ച്വറിക്ക് ഇന്നുവരെ സംഭവിച്ചില്ല.

1997 -ലാണ് ലിമോസീനെ ടൊയോട്ട അവസാനമായി പരിഷ്‌കരിച്ചത്. നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം സെഞ്ച്വറിയെ അടിമുടി ഉടച്ചുവാര്‍ത്ത് ജാപ്പനീസ് കമ്പനി വീണ്ടും വിപണിയില്‍ കൊണ്ടുവന്നിരിക്കുകയാണ്.

തലമുറകള്‍ കൈമാറി വരുന്ന ടൊയോട്ടയുടെ പ്രൗഢ പാരമ്പര്യം പുതിയ സെഞ്ച്വറിയിലും സമൃദ്ധമായി കാണാം. ഫീനിക്‌സ് പക്ഷിയുടെ രൂപമുള്ള കാറിന്റെ ബാഡ്ജ് നിര്‍മ്മിക്കാന്‍ വേണ്ടി മാത്രം ആറാഴ്ചയാണ് ടൊയോട്ട ചെലവിട്ടത്.

ഏറ്റേണല്‍ ബ്ലാക്കെന്ന് ടൊയോട്ട വിശേഷിപ്പിക്കുന്ന തിളക്കമാര്‍ന്ന നിറശൈലി പുതിയ സെഞ്ച്വറിയുടെ മുഖ്യവിശേഷമാണ്. പുറംമോടിയില്‍ ഏഴു പാളികളായാണ് കറുപ്പു നിറം പൂശിയിട്ടുള്ളത്. ഉയര്‍ത്തിയ മേല്‍ക്കൂര കാറിന്റെ ചാരുത വെളിപ്പെടുത്തും.

ഇത്തവണ കാറിന്റെ വീല്‍ബേസ് കമ്പനി കൂട്ടി. മുന്‍തലമുറയെക്കാള്‍ 65 mm കൂടുതല്‍ നീളം വീല്‍ബേസ് രേഖപ്പെടുത്തും. ഇക്കാരത്താല്‍ പിന്‍നിരയില്‍ കൂടുതല്‍ വിശാലത അനുഭവപ്പെടും. 5,335 mm നീളവും 1,930 mm വീതിയും 1,505 mm ഉയരവും പുതിയ സെഞ്ച്വറിയ്ക്കുണ്ട്.

നീളത്തിന്റെ കാര്യത്തില്‍ മെര്‍സിഡീസ് ബെന്‍സ് എസ്-ക്ലാസ് വീല്‍ബേസ് പതിപ്പിനെ പുതിയ ടൊയോട്ട സെഞ്ച്വറി കടത്തിവെട്ടും. എസ്-ക്ലാസ് വീല്‍ബേസ് പതിപ്പിനെക്കാളും 110 mm നീളം സെഞ്ച്വറിയ്ക്ക് കൂടുതലുണ്ട്.

വൈദ്യുത മോട്ടോറിന്റെ പിന്തുണയുള്ള 5.0 ലിറ്റര്‍ V8 എഞ്ചിനാണ് പുതിയ ടൊയോട്ട സെഞ്ച്വറിയില്‍ തുടിക്കുന്നത്. 375 bhp കരുത്തും 510 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ഇതിനു പുറമെ വൈദ്യുത മോട്ടോറില്‍ നിന്നുള്ള കരുത്തുകൂടി ചേരുമ്പോള്‍ 425 bhp കരുത്താണ് സെഞ്ച്വറി പരമാവധി കുറിക്കുക.

13.6 കിലോമീറ്റര്‍ മൈലേജ് സെഞ്ച്വറി കാഴ്ചവെക്കുമെന്നാണ് ടൊയോട്ടയുടെ അവകാശവാദം. തടിക്കും തുകളിനും അകത്തളത്തില്‍ ക്ഷാമമില്ല. എന്നാല്‍ ഇക്കുറി തുകലിന് പകരം കമ്പിളി നിര്‍മ്മിത സീറ്റ് അപ്‌ഹോള്‍സ്റ്ററിയാണ് ഉള്ളില്‍ ഒരുങ്ങുന്നത്.

തണുപ്പുകാലത്തു തുകല്‍ നിര്‍മ്മിത അപ്‌ഹോള്‍സ്റ്ററി യാത്രാസുഖം കുറയ്ക്കുമെന്നതാണ് ഇതിന് കാരണം. 11.6 ഇഞ്ച് ഡിസ്‌പ്ലേ ഒരുങ്ങുന്ന എന്റര്‍ടെയ്ന്‍മെന്റ് സംവിധാനം, 12 ചാനല്‍ ഓഡിയോ ആംപ്ലിഫയര്‍, 20 സ്പീക്കറുകള്‍ എന്നിവ ഉള്ളിലെ സുഖസൗകര്യങ്ങളുടെ പട്ടികയില്‍പ്പെടും.

പിന്‍നിര സീറ്റുകള്‍ക്ക് നടുവിലുള്ള ആറെസ്റ്റില്‍ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയും ഒരുങ്ങുന്നുണ്ട്. ഓഡിയോ സംവിധാനം, മസാജ് ഫംങ്ഷന്‍, കര്‍ട്ടന്‍, എസി പോലുള്ളവ ടച്ച്‌സ്‌ക്രീന്‍ ഉപയോഗിച്ചു നിയന്ത്രിക്കാം. അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളാണ് കാറില്‍.

ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടര്‍, ടൊയോട്ട സേഫ്റ്റി സെന്‍സ്, പാര്‍ക്കിംഗ് സ്‌പോര്‍ട് അലേര്‍ട്ട്, പ്രീ-കൊളിഷന്‍ സംവിധാനം, ലെയ്ന്‍ ഡിപാര്‍ച്ചര്‍ അലേര്‍ട്ട്, റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍, അഡാപ്റ്റീവ് ഹൈ ബീം സംവിധാനം എന്നിവയെല്ലാം സെഞ്ച്വറിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

പ്രതിമാസം സെഞ്ച്വറിയുടെ അമ്പതു യൂണിറ്റ് വില്‍പനയാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ജപ്പാനില്‍ ഉടനീളമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ പുതിയ സെഞ്ച്വറി ലിമോസീന്‍ വില്‍പനയ്‌ക്കെത്തുന്നുണ്ട്. 19,600,000 യെന്നാണ് (ജാപ്പനീസ് കറന്‍സി) കാറിന്റെ വില. 1.22 കോടി രൂപയോളം ചെലവാകും സെഞ്ച്വറിയെ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാന്‍.


Click it and Unblock the Notifications








