ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — അറിയേണ്ടതെല്ലാം
ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികളെ തട്ടി നടക്കാന്‍ പറ്റാത്ത സ്ഥിതിയായി. ഓരോ വര്‍ഷവും പുതിയ എസ്‌യുവികള്‍ ഇന്ത്യയില്‍ പറന്നിറങ്ങുന്നു. ജീപ് കോമ്പസ്, സ്‌കോഡ കൊഡിയാക്ക്, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ - ഉദ്ദാഹരണങ്ങളിങ്ങനെ അനവധി. സബ് നാലു മീറ്റര്‍, പ്രീമിയം അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ എന്നിങ്ങനെ എസ്‌യുവികളിലുമുണ്ട് ഗണങ്ങള്‍ ഒത്തിരി.

ഇന്ത്യന്‍ മണ്ണില്‍ എസ്‌യുവികള്‍ക്ക് ആവശ്യക്കാരേറുമ്പോള്‍ ചിന്തിച്ചു നില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സമയമില്ല. എത്രയും പെട്ടെന്നു ആഗോള നിരയില്‍ നിന്നും മോഡലുകളെ ഇവിടെ കൊണ്ടുവരണം; ഇല്ലെങ്കില്‍ മത്സരത്തില്‍ പിന്നിലായി പോകും.

മാരുതി വിറ്റാര, ടാറ്റ H5X, മഹീന്ദ്ര XUV700, മഹീന്ദ്ര S201 - വരാനുള്ള എസ്‌യുവികളുടെ പട്ടിക നീളുന്നു. ഇതിനിടയില്‍ കോമ്പാക്ട് എസ്‌യുവി പോരില്‍ ഒരു കൈനോക്കാനുള്ള തീരുമാനത്തിലാണ് ടൊയോട്ട. ടൊയോട്ടയുടെ ആഗോള നിരയില്‍ നിന്നും CHR മോഡൽ ഇന്ത്യന്‍ തീരത്തു വരുമെന്നു പുതിയ റിപ്പോർട്ട്.

ഫെബ്രുവരിയില്‍ നടന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ ടൊയോട്ട CHR അവതരിക്കുമെന്നു വിപണി ആദ്യം കരുതി. എന്നാല്‍ യാരിസില്‍ മാത്രമായിരുന്നു ടൊയോട്ടയുടെ ശ്രദ്ധ. യാരിസ് യാഥാര്‍ത്ഥ്യമായ സ്ഥിതിക്ക് CHR -നെ കുറിച്ചു കമ്പനി വീണ്ടും ചിന്തിച്ചു തുടങ്ങിയെന്നാണ് വിവരം.

ജാപ്പനീസ് നിര്‍മ്മാതാക്കളുടെ 'ടൊയോട്ട ന്യൂ ജനറേഷന്‍ ആര്‍കിടെക്ച്ചര്‍' അടിത്തറയില്‍ നിന്നാണ് CHR എസ്‌യുവിയുടെ ഒരുക്കം. റഷ് എസ്‌യുവിയെക്കാള്‍ CHR -ന് വില കൂടാന്‍ കാരണവുമിതു തന്നെ. ടൊയോട്ടയുടെ ചെലവു കുറഞ്ഞ അടിത്തറയില്‍ നിന്നുമാണ് റഷ് എസ്‌യുവിയുടെ പിറവി.

പ്രീമിയം പരിവേഷമുള്ള അഞ്ചു സീറ്റര്‍ ടൊയോട്ട CHR ഇന്ത്യയില്‍ ജീപ് കോമ്പസിനും ഹ്യുണ്ടായി ട്യൂസോണിനും ഒത്ത എതിരാളിയാണ്. വരവ് യാഥാര്‍ത്ഥ്യമായാല്‍ ടൊയോട്ട നിരയില്‍ ഫോര്‍ച്യൂണറിന് താഴെ CHR സ്ഥാനം കൈയ്യടക്കും.

എസ്‌യുവിയുടെ അഗ്രസീവ് മുഖഭാഷ വിപണിയില്‍ മോഡലിനെ വേറിട്ടുനിര്‍ത്തുമെന്ന കാര്യം ഉറപ്പ്. ചെത്തി ഒതുക്കിയ ഘടനയാണ് എസ്‌യുവിക്ക്. ഹെഡ്‌ലാമ്പുകളും മുന്‍ബമ്പറും മാത്രം മതി മോഡലിന്റെ പരുക്കന്‍ സ്വഭാവം വെളിപ്പെടാന്‍. ചിറകുകള്‍ വിടര്‍ത്തിയ ശൈലിയാണ് ഹെഡ്‌ലാമ്പുകള്‍ പിന്തുടരുന്നത്.

ഗ്രില്ല് ഒരുങ്ങുന്നത് രണ്ടു ഘടനയിൽ. ഭീമന്‍ വീല്‍ ആര്‍ച്ചുകള്‍ എസ്‌യുവിയുടെ വീതി കൂട്ടുന്നതില്‍ മോശമല്ലാത്ത പങ്കു വഹിക്കുന്നു. 4,350 mm നീളവും 1,795 mm വീതിയും 1,565 mm ഉയരവും ടൊയോട്ട CHR എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,640 mm.

180 mm ഗ്രൗണ്ട് ക്ലിയറന്‍സും 377 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയും എസ്‌യുവിയുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. 'കൂപ്പെ ഹൈ റൈഡര്‍' എന്നാണ് CHR -ന്റെ പൂര്‍ണ രൂപം. ഇന്ത്യയില്‍ ടിഎന്‍ജിഎ അടിത്തറയില്‍ നിന്നും ഒരുങ്ങുന്ന ആദ്യ ടൊയോട്ട മോഡലെന്ന വിശേഷണം CHR അവകാശപ്പെടും.

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ CHR രാജ്യത്തു അണിനിരക്കാനാണ് സാധ്യത. ഏറ്റവും പുതിയ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ മോഡലില്‍ മുഖ്യവിശേഷമായി മാറും. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് ടൊയോട്ട CHR വിദേശ വിപണികളില്‍ വില്‍പനയ്ക്ക് എത്തുന്നത്.

148 bhp കരുത്തും 193 Nm torque ഉം പരമാവധിയുള്ള എഞ്ചിനില്‍ സിവിടി ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കുന്നതും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളും CHR -ല്‍ ലഭ്യമാണ്.

CHR എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരാനുള്ള ആലോചനകള്‍ തുടങ്ങിയതായി ടൊയോട്ട സ്ഥിരീകരിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

ആദ്യം സൂചിപ്പിച്ചതു പോലെ ഇന്ത്യന്‍ നിരയില്‍ ഫോര്‍ച്യൂണറിന് കീഴിലായിരിക്കും CHR -ന്റെ സ്ഥാനം. മത്സരം മുന്‍നിര്‍ത്തി മോഡലിന്റെ വില പരമാവധി കുറയ്ക്കാന്‍ ടൊയോട്ട ശ്രമിക്കും. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വിലനിലവാരം CHR -ന് കരുതുന്നതില്‍ തെറ്റില്ല.
Source: TOI


Click it and Unblock the Notifications








