ഹോണ്ട സിറ്റിയ്ക്ക് പുതിയ എതിരാളി; ടൊയോട്ട യാരിസ് വിപണിയില്‍, വില 8.75 ലക്ഷം മുതല്‍
ടൊയോട്ട യാരിസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 8.75 ലക്ഷം രൂപ മുതലാണ് പുതിയ യാരിസ് സെഡാന്റെ എക്‌സ്‌ഷോറൂം വില. ബുക്കിംഗ് പ്രഖ്യാപിച്ച വേളയില്‍ തന്നെ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടിരുന്നു. ഇന്നുമുതല്‍ യാരിസിന്റെ വിതരണം ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കും. യാരിസ് ബുക്ക് ചെയ്ത ആദ്യ ആയിരം ഉപഭോക്താക്കള്‍ക്ക് കാര്‍ ഇന്നുതന്നെ ലഭിക്കുമെന്ന് ടൊയോട്ട ഉറപ്പുനല്‍കിയിട്ടുണ്ട്.

ടൊയോട്ട യാരിസ് — വകഭേദങ്ങള്‍, വില
യാരിസില്‍ വകഭേദങ്ങള്‍ നാല്; J, G, V, VX എന്നീ വകഭേദങ്ങളില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് പതിപ്പുകള്‍ ലഭിക്കും. 14.07 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന യാരിസ് വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില. ടൊയോട്ട യാരിസ് വകഭേങ്ങളുടെ വില ഇങ്ങനെ –

| Variant | Manual | CVT |
| J | ₹ 8,75,000 | ₹ 9,95,000 |
| G | ₹ 10,56,000 | ₹ 11,76,000 |
| V | ₹ 11,70,000 | ₹ 12,90,000 |
| VX | ₹ 12,85,000 | ₹ 14,07,000 |

ടൊയോട്ട യാരിസ് — എഞ്ചിന്‍
1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനാണ് പുതിയ യാരിസില്‍. എഞ്ചിന് 108 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് കാറില്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. വകഭേദങ്ങള്‍ക്കെല്ലാം സിവിടി പതിപ്പു ലഭ്യമാണ്.

ടൊയോട്ട യാരിസ് — മൈലേജ്
17.1 കിലോമീറ്ററാണ് യാരിസ് മാനുവല്‍ വകഭേദങ്ങളില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്ന മൈലേജ്. യാരിസ് സിവിടി മോഡലുകള്‍ 17.8 കിലോമീറ്റര്‍ മൈലേജ് നല്‍കും.

ടൊയോട്ട യാരിസ് — രൂപകല്‍പന, അകത്തളം, ഫീച്ചറുകള്‍
യാരിസില്‍ ടൊയോട്ടയുടെ ലാളിത്യം നിറഞ്ഞുകാണാം. ബമ്പറിലാണ് ഗ്രില്ല്. തലകുത്തനെയുള്ള വലിയ ട്രാപസോയിഡല്‍ ഗ്രില്ലാണ് കാറില്‍ ആദ്യം എടുത്തുപറയേണ്ടത്. ബമ്പറില്‍ സിംഹഭാവും ഗ്രില്ലാണ്. ബമ്പറിന് ഇരുവശത്തും ഏറെ താഴെയായി ഫോഗ്‌ലാമ്പുകളെ കാണാം.

വളഞ്ഞു മൂര്‍ച്ചയേറി നീണ്ട പരുവത്തിലാണ് ഹെഡ്‌ലാമ്പുകളുടെ ഘടന. സൂക്ഷിച്ചു നോക്കിയാല്‍ നേര്‍ത്ത എല്‍ഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹെഡ്‌ലാമ്പിന് കീഴെ കണ്ണില്‍പ്പെടും (ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രം). ഹെഡ്‌ലാമ്പുകള്‍ക്ക് ഒത്ത നടുവിലാണ് ടൊയോട്ട ലോഗോ.

15 ഇഞ്ച് ആറു സ്‌പോക്ക് അലോയ് വീലുകളിലാണ് പുതിയ സെഡാന്റെ വരവ്. പിറകില്‍ വളഞ്ഞൊഴുകുന്ന സെമി എല്‍ഇഡി ടെയില്‍ലാമ്പുകള്‍ യാരിസിന്റെ യഥാര്‍ത്ഥ ചാരുത വെളിപ്പെടുത്തും. വൈല്‍ഡ്ഫയര്‍ റെഡ്, ഫാന്റം ബ്രൗണ്‍, ഗ്രെയ് മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ്, സില്‍വര്‍ മെറ്റാലിക് എന്നീ ആറു നിറങ്ങളിലാണ് യാരിസ് അണിനിരക്കുന്നത്.

അകത്തളത്തില്‍ ഫീച്ചുറുകളുടെ ബാഹുല്യം അനുഭവപ്പെടും. ഇരട്ടനിറമാണ് ഡാഷ്ബോര്‍ഡിന്. സില്‍വര്‍ ആക്സന്റും ഡാഷ്ബോര്‍ഡില്‍ കാണാം. പ്രത്യേക ഘടനയിലാണ് സെന്റര്‍ കണ്‍സോള്‍. 'വാട്ടര്‍ഫൊള്‍' ഡിസൈനെന്നാണ് ഇതിനെ ടൊയോട്ട വിശേഷിപ്പിക്കുന്നത്.

7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഡാഷ്ബോര്‍ഡിന് നടുവില്‍. കൈകളുടെ ചലനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജെസ്റ്റര്‍ കണ്‍ട്രോളാണ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ മുഖ്യാകര്‍ഷണം.

4.2 ഇഞ്ച് MID, സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍ (സിവിടി മോഡലില്‍ മാത്രം) എന്നിവ യാരിസിന്റെ മറ്റു പ്രത്യേകതകളാണ്. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍, പവര്‍ ഡ്രൈവര്‍ സീറ്റ്, റൂഫ് മൗണ്ടഡ് എസി വെന്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, കപ്പ് ഹോള്‍ഡറുകളോട് കൂടിയ റിയര്‍ ആംറെസ്റ്റ്, കീലെസ് എന്‍ട്രി, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന, 60:40 അനുപാതത്തില്‍ വിഭജിക്കാവുന്ന സീറ്റുകള്‍ - യാരിസില്‍ വിശേഷങ്ങല്‍ തീരില്ല.

ഏഴു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവ യാരിസ് വകഭേദങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഇതിനു പുറമെ ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, മുന്‍-പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ക്യാമറ, സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനങ്ങള്‍ ഉയര്‍ന്ന യാരിസ് വകഭേദങ്ങളിലുണ്ട്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ സിവിടി ഗിയര്‍ബോക്‌സ് ലഭിക്കുന്ന ആദ്യ സി സെഗ്മന്റ് സെഡാനാണ് ടൊയോട്ട യാരിസ്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, മാരുതി സിയാസ് എന്നിവരോടാണ് പുതിയ യാരിസിന്റെ അങ്കം.


Click it and Unblock the Notifications