രണ്ടു കാറുകളെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ പിന്‍വലിച്ചു!
രണ്ടു കാറുകളെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ പിന്‍വലിച്ചു. ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നിശബ്ദമായാണ് ജെറ്റ സെഡാനെയും പ്രീമിയം ഹാച്ച്ബാക്ക് ബീറ്റിലിനെയും ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പിന്‍വലിച്ചത്.

ജെറ്റയ്ക്കും ബീറ്റിലിനും ഇന്ത്യയില്‍ ആവശ്യക്കാര്‍ കുറഞ്ഞതാണ് ഫോക്‌സ്‌വാഗണിന്റെ പുതിയ തീരുമാനത്തിന് പിന്നില്‍. ഇന്ത്യന്‍ വിപണിയില്‍ ഒരിക്കല്‍ പോലും ബീറ്റിലിന് തലയുയര്‍ത്താന്‍ സാധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

അതേസമയം മത്സരം കനത്ത പ്രീമിയം സെഡാന്‍ ശ്രേണിയില്‍ പിടിച്ചുനില്‍ക്കാന്‍ ജെറ്റയ്ക്കും കഴിഞ്ഞില്ല. തത്കാലം പിന്‍വലിച്ച മോഡലുകള്‍ക്ക് പകരം പുതിയ കാറുകളെ അവതരിപ്പിക്കേണ്ടെന്നാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം.
Recommended Video


2010 മുതലാണ് പുതിയ ഫോക്‌സ്‌വാഗണ്‍ ബീറ്റിലുകള്‍ രാജ്യാന്തര വിപണികളില്‍ വന്നുതുടങ്ങിയത്. പക്ഷെ, കാലങ്ങള്‍ക്ക് മുമ്പ് ജനഹൃദയം കീഴടക്കിയ ആ പഴയ ബീറ്റിലിന്റെ പ്രതാപം തിരിച്ചുപിടിക്കുന്നതില്‍ പുത്തന്‍ ഫോക്‌സ്‌വാഗണ്‍ ബീറ്റിലുകള്‍ അമ്പെ പരാജയപ്പെട്ടു.

2015 ലാണ് പുതിയ ബീറ്റിലുകള്‍ ഇന്ത്യയില്‍ എത്തിയത്. വിപണിയില്‍ എത്തിയതാകട്ടെ 28.73 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലും (മുംബൈ).

പഴയ PQ35 പ്ലാറ്റ്‌ഫോം രാജ്യാന്തര തലത്തില്‍ ഫോക്‌സ്‌വാഗണ്‍ പിന്‍വലിച്ചതും ബീറ്റിലിന്റെ പിന്‍മാറ്റത്തിന് കാരണമാണ്. 2010 ലാണ് ആറാം തലമുറ ജെറ്റ വിപണിയില്‍ എത്തിയത്.

ബീറ്റില്‍ ഒരുങ്ങിയ സമാന പ്ലാറ്റ്‌ഫോമില്‍ നിന്നുമാണ് ജെറ്റയുടെ ഒരുക്കം. സ്‌കോഡ ഓക്ടാവിയ, ടൊയോട്ട കൊറോള ആള്‍ട്ടിസ്, ഹ്യുണ്ടായി എലാന്‍ട്ര പോലുള്ള എതിരാളികള്‍ ആവശ്യമായ മാറ്റങ്ങളോടെ വിപണിയില്‍ പുനരവതരിച്ചപ്പോഴും ജെറ്റ പഴഞ്ചനായി തന്നെ തുടര്‍ന്നു.

കഴിഞ്ഞ വര്‍ഷം ആകെ 29 ജെറ്റകള്‍ മാത്രമാണ് ഇന്ത്യയില്‍ വിറ്റത്. മത്സരം കണക്കിലെടുത്താല്‍ വിപണിയില്‍ മോഡലുകളെ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ ഫോക്‌സ്‌വാഗണ്‍ താരതമ്യേന പിന്നിലാണ്.

ജെറ്റയുടെ പുതിയ പതിപ്പിനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ രാജ്യാന്തര വിപണികളില്‍ കാഴ്ചവെച്ചു കഴിഞ്ഞു. സമീപ ഭാവിയില്‍ തന്നെ പുതുപുത്തന്‍ ജെറ്റകള്‍ രാജ്യാന്തര വിപണികളില്‍ എത്തും. പുതിയ എംക്യൂബി അടിത്തറയിലാണ് പുതിയ ജെറ്റയുടെ ഒരുക്കം.

അതേസമയം സ്കോഡയുമായി ചേർന്ന് ഇന്ത്യയ്ക്ക് വേണ്ടി പുതിയ 'ഇക്കോ' (ECO) പ്ലാറ്റ്‌ഫോമിനെ വികസിപ്പിക്കാനുള്ള നടപടിയിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍.


Click it and Unblock the Notifications








