വോള്‍വോ XC90 T8 ഇന്‍സ്‌ക്രിപ്ഷന്‍ പെട്രോള്‍ ഹൈബ്രിഡ് ഇന്ത്യയില്‍, വില 96.65 ലക്ഷം
വോള്‍വോ XC90 T8 എക്‌സലെന്‍സിനെ ഓര്‍മ്മയുണ്ടോ? ഇന്ത്യയില്‍ വോള്‍വോ കൊണ്ടുവന്ന ആദ്യത്തെ ഹൈബ്രിഡ് മോഡല്‍. പരിസ്ഥിതി സൗഹൃദ പതിപ്പെന്നതില്‍ ഉപരി ആഢംബര എസ്‌യുവിയെന്ന വിശേഷണത്തിന് പൂര്‍ണ നിര്‍വചനമേകാന്‍ വോള്‍വോ XC90 എക്‌സലെന്‍സിന് കഴിഞ്ഞു. ഇന്നുവരെ XC90 T8 എക്‌സലെന്‍സ് മാത്രമായിരുന്നു വോള്‍വോയുടെ ഹൈബ്രിഡ് മുഖം. വില 1.31 കോടി രൂപ.

എന്നാല്‍ ഇപ്പോള്‍ നിരയില്‍ പുതിയൊരു ഹൈബ്രിഡ് വകഭേദം കൂടി പിറന്നിരിക്കുകയാണ്. 96.65 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുതിയ വോള്‍വോ XC90 T8 ഇന്‍സ്‌ക്രിപ്ഷന്‍ പെട്രോള്‍ ഹൈബ്രിഡ് ഇന്ത്യയില്‍ പുറത്തിറങ്ങി.

നാലു സീറ്ററാണ് ഹൈബ്രിഡ് എക്സലെൻസ് വകഭേദം. അതേസമയം പുതിയ ഹൈബ്രിഡ് ഇന്‍സ്‌ക്രിപ്ഷന്‍ മോഡൽ ഏഴു സീറ്റര്‍ പരിവേഷത്തിലാണ് ലഭ്യമാവുക. എക്‌സലെന്‍സില്‍ ഒരുങ്ങുന്ന ഹൈബ്രിഡ് പവര്‍ട്രെയിനാണ് പുതിയ ഇന്‍സ്‌ക്രിപ്ഷനിലും ഇടംപിടിക്കുന്നത്.

2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ്, സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് വോള്‍വോ XC90 T8 ഇന്‍സ്‌ക്രിപ്ഷന്‍ തുടിക്കുന്നത്. ഹൈബ്രിഡ് പതിപ്പായതു കൊണ്ടു വൈദ്യുത മോട്ടോറിന്റെ പിന്തുണ എഞ്ചിന് ലഭിക്കും. പെട്രോള്‍ എഞ്ചിന് 320 bhp കരുത്തു സൃഷ്ടിക്കാനാവും.

പരമാവധി 87 bhp കരുത്തു ഉത്പാദിപ്പിക്കാന്‍ വൈദ്യുത മോട്ടോറിന് ശേഷിയുണ്ട്. ആകെമൊത്തം 407 bhp കരുത്തും 400 Nm torque ഉം പുതിയ വോള്‍വോ XC90 ഇന്‍സ്‌ക്രിപ്ഷന്‍ അവകാശപ്പെടും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

നാലു വീല്‍ ഡ്രൈവ് ഒരുങ്ങുന്ന എസ്‌യുവിയുടെ മുന്‍ ചക്രങ്ങള്‍ക്ക് പെട്രോള്‍ എഞ്ചിന് കരുത്തു പകരും. പിന്‍ ചക്രങ്ങളിലേക്ക് കരുത്തെത്തിക്കാനുള്ള ചുമതല വൈദ്യുത മോട്ടോറിനാണ്. കേവലം വൈദ്യുത മോട്ടോറില്‍ എസ്‌യുവിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും.

ഒറ്റ ചാര്‍ജ്ജില്‍ 40 കിലോമീറ്റര്‍ ദൂരമാണ് എസ്‌യുവിയോടുക. 150 മിനിറ്റുകള്‍ വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍. ഇന്‍സ്‌ക്രിപ്ഷന്‍ ഡീസല്‍ മോഡലിന് സമാനമായ ഫീച്ചറുകളാണ് T8 ഇന്‍സ്‌ക്രിപ്ഷന്‍ ഹൈബ്രിഡ് പതിപ്പ് അവകാശപ്പെടുന്നത്.

പാനരോമിക് സണ്‍റൂഫ്, നാലു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മസാജ് സംവിധാനമുള്ള മുന്‍നിര സീറ്റുകള്‍, വോള്‍വോയുടെ സിഗ്നേച്ചര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ എന്നിവയെല്ലാം ഉള്ളിലെ യാത്രക്കാര്‍ക്ക് സുഖസൗകര്യങ്ങളൊരുക്കും.

സുരക്ഷ ഉറപ്പുവരുത്താന്‍ ലെയ്ന്‍ കീപ് അസിസ്റ്റ്, കൊളീഷന്‍ അവോയിഡന്‍സ് ബ്രേക്കിംഗ് സംവിധാനം, റണ്‍ ഓഫ്‌റോഡ് പ്രൊട്ടക്ഷന്‍, റഡാര്‍ കേന്ദ്രീകരിച്ച അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ പോലുള്ള സംവിധാനങ്ങള്‍ കാറിലുണ്ട്.

വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് GLS, ബിഎംഡബ്ല്യു X6, റേഞ്ച് റോവര്‍ വെലാര്‍ മോഡലുകളോടാണ് വോള്‍വോ XC90 -യുടെ അങ്കം.


Click it and Unblock the Notifications








