വിറ്റാര ബ്രെസ്സയെക്കാളും മികച്ചത് നെക്‌സോണ്‍? ടാറ്റ എസ്‌യുവി തെരഞ്ഞെടുക്കാനുള്ള നാല് കാരണങ്ങള്‍
Recommended Video

വിപണിയില്‍ താരനിബിഡമാണ് കോമ്പാക്ട് എസ്‌യുവി നിര. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, വര്‍ധിച്ച റോഡ് സാന്നിധ്യവും; ഇവ രണ്ടും ഒത്തിണങ്ങിയ നാല് മീറ്റര്‍ കോമ്പാക്ട് എസ്‌യുവികളോട് ഇന്ത്യയ്ക്ക് പ്രണയം തോന്നിയതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.

കോമ്പാക്ട് എസ്‌യുവി വിപ്ലവത്തിന് തുടക്കം കുറിച്ചത് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടെങ്കില്‍, മാരുതി വിറ്റാര ബ്രെസ്സയാണ്പുത്തന്‍ നിര്‍വചനമേകി കോമ്പാക്ട് എസ്‌യുവി ശ്രേണി കൈയ്യടക്കിയത്. നിരയില്‍ ഏറ്റവും ഒടുവിലായി എത്തിയ നെക്‌സോണാകട്ടെ ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ വന്‍പ്രചാരം നേടിക്കഴിഞ്ഞു.

വില്‍പനയില്‍ വിറ്റാര ബ്രെസ്സ ബഹുദൂരം മുന്നിലാണെങ്കിലും നെക്‌സോണിലേക്കുള്ള ഉപഭോക്താക്കളുടെ കുടിയേറ്റം ആരംഭിച്ചിരിക്കുകയാണ്. ടാറ്റ നെക്‌സോണിനെ തെരഞ്ഞെടുക്കാനുള്ള നാല് കാരണങ്ങള്‍ —

കീശ കാലിയാക്കാത്ത പ്രൈസ്ടാഗ്
ടാറ്റ കുറിച്ച പ്രൈസ്ടാഗ് തന്നെയാണ് നെക്‌സോണ്‍ എസ്‌യുവിയുടെ പ്രധാന ആകര്‍ഷണം. 5.99 ലക്ഷം രൂപ മുതല്‍ക്കാണ് നെക്‌സോണിന്റെ വില ആരംഭിക്കുന്നത്. എതിരാളിയായ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ വില തുടങ്ങുന്നതോ, ഏഴര ലക്ഷം രൂപ മുതല്‍ക്കും!

ഇനി വിറ്റാര ബ്രെസ്സയുടെ കാര്യമെടുത്താല്‍ ഡീസല്‍ അവതാരത്തില്‍ മാത്രമാണ് എസ്‌യുവി ലഭ്യമാകുന്നത്. നെക്‌സോണ്‍ ബേസ് വേരിയന്റിനെക്കാളും 53,000 രൂപ വിലക്കൂടുതലുണ്ട് വിറ്റാര ബ്രെസ്സയ്ക്ക്. വിലയുടെ കാര്യത്തില്‍ എതിരാളികളിലും ഒരുപടി മുകളിലാണ് നെക്‌സോണിന്റെ ഇടം.

കുത്തി നിറച്ച ഫീച്ചറുകള്‍
വില കുറവാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ യാതൊരു പിശുക്കും നെക്‌സോണില്‍ ടാറ്റ കാണിച്ചിട്ടില്ല. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളിലും സിഗ്നേച്ചര്‍ ടെയില്‍ ലാമ്പുകളിലും ആരംഭിക്കുന്നതാണ് നെക്‌സോണ്‍ ഫീച്ചറുകളുടെ നീണ്ട പട്ടിക.

അകത്തളത്ത് ഒരുങ്ങിയിട്ടുള്ളതെന്നി മാറുന്ന 'ഗ്രാന്‍ഡ് സെന്‍ട്രല്‍ കണ്‍സോള്‍' ട്രെയും പ്രീമിയം ഫീച്ചറുകളുടെ ഗണത്തില്‍ ഉള്‍പ്പെടും. ശ്രേണിയിലെ തന്നെ ആദ്യ 6.5 ഇഞ്ച് ഫ്‌ളോട്ടിംഗ് എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലാണ് എസ്‌യുവിയുടെ വരവ്.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്. ഉയര്‍ന്ന പതിപ്പിലുള്ള എട്ടു സ്പീക്കര്‍ ഹാര്‍മന്‍ ഓഡിയോ സിസ്റ്റവും നെക്‌സോണിന്റെ വിശേഷമാണ്. ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറിന്റെ കാര്യത്തില്‍ മാത്രമാണ് നെക്‌സോണ്‍ ബ്രെസ്സയ്ക്കും ഇക്കോസ്‌പോര്‍ടിനും പിന്നില്‍.

കരുത്ത്
നെക്‌സോണിലുള്ള പുത്തന്‍ രണ്ടു എഞ്ചിനുകളും എസ്‌യുവിയുടെ പ്രചാരത്തിനുള്ള കാരണമാണ്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളിലാണ് നെക്‌സോണിന്റെ ഒരുക്കം.

108 bhp കരുത്തും 170 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന നെക്‌സോണ്‍ പെട്രോള്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് തുല്യമാണ്. ഡീസല്‍ പതിപ്പിന്റെ കാര്യമെടുത്താല്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ ടാറ്റ എസ്‌യുവി.

108 bhp കരുത്തും 260 Nm torque ഉം നെക്‌സോണ്‍ പരമാവധി ഉത്പാദിപ്പിക്കുമ്പോള്‍, 98.6 bhp കരുത്തും 200 Nm torque ഉം മാത്രമാണ് ഇക്കോസ്‌പോര്‍ട് 1.5 ലിറ്റര്‍ ഡീസല്‍ പരമാവധി അവകാശപ്പെടുന്നത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലെത്തുന്ന ബ്രെസ്സയാകട്ടെ 89 bhp കരുത്തും 200 Nm torque മാണ് പരമാവധി ഉത്പാദിപ്പിക്കുക.

ഡ്രൈവ് മോഡുകള്‍
നെക്‌സോണില്‍ ഒരുങ്ങിയിട്ടുള്ള ഒന്നിലധികം ഡ്രൈവ് മോഡുകളും ശ്രേണിയില്‍ ഇതാദ്യം. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ മൂന്ന് മോഡുകള്‍ നെക്‌സോണില്‍ ലഭ്യമാണ്.

ഓരോ ഡ്രൈവ് മോഡിലും വ്യത്യസ്ത കരുത്തുത്പാദനമാണ് നെക്‌സോണ്‍ കാഴ്ചവെക്കുക. ഉദ്ദാഹരണത്തിന് നെക്‌സോണ്‍ ഡീസല്‍ ഇക്കോ, സിറ്റി, സ്‌പോര്‍ട് മോഡുകളില്‍ യഥാക്രമം 85 bhp, 95 bhp, 108 bhp എന്നിങ്ങനെയാണ് കരുത്ത് ഉത്പാദിപ്പിക്കുക.


Click it and Unblock the Notifications