2020 -ല്‍ വിപണിയില്‍ എത്തുന്നത് അര ഡസനോളം ഇലക്ട്രിക്ക് കാറുകള്‍
ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്കിലേക്ക് ചുവടു വെയ്ക്കാന്‍ തുടങ്ങിയെങ്കിലും വില്‍പ്പനയില്‍ കാര്യമായ പുരോഗതി ഇല്ലെന്നാണ് റിപ്പോര്‍ട്ട്. പുതുവര്‍ഷം പിറക്കുന്നതോടെ നിരവധി ഇലക്ട്രിക്ക് വാഹനങ്ങളാണ് വിപണിയിലേക്ക് വരുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ടു മാസത്തിനിടെ വെറും 1,309 ഇലക്ട്രിക്ക് കാറുകളാണ് നിരത്തിലെത്തിയത്. നിലവില്‍ മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങള്‍ മാത്രമാണ് രാജ്യത്തു വില്‍പ്പനയ്ക്കുള്ളത്. 2020 -ല്‍ അര ഡസനിലധികം ഇലക്ട്രിക്ക് വാഹനങ്ങളാണ് നിരത്തുകളിലേക്ക് എത്തുന്നത്.

ഇതില്‍ എംജി ZS ഇലക്ട്രിക്ക്, ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എന്നീ ഇലക്ട്രിക്ക് മോഡലുകള്‍ അടുത്ത മാസം തന്നെ വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തും. ഹൈമ പോലുള്ള കമ്പനികള്‍ ഇന്ത്യയില്‍ പ്രവേശിക്കുംമെന്നും അറിയിച്ചിട്ടുണ്ട്. ഈ കമ്പനികളുടെ ഇലക്ട്രിക്ക് കാറുകളും എസ്‌യുവികളും ഇന്ത്യന്‍ നിരത്തുകളിലെത്തും.

350 മുതല്‍ 500 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നതാണ് ഇവയില്‍ മിക്ക മോഡലുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ ലോകത്തെ പ്രധാന ഇലക്ട്രിക്ക് വാഹന വിപണിയായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2020 -ല്‍ ഔഡി ഇ-ട്രോണ്‍, കിയ സോള്‍ ഇലക്ട്രിക്ക്, ജാഗ്വാര്‍ ഐ-പേസ്, റെനോ സിറ്റി K-ZE, നിസാന്‍ ലീഫ്, മാരുതി സുസുകി വാഗണ്‍ആര്‍ തുടങ്ങിയവയാണ് ഇന്ത്യയിലെത്തുന്ന മറ്റ് ഇലക്ട്രിക്ക് വാഹനങ്ങള്‍. ഏപ്രില്‍ - നവംബര്‍ കാലത്തു രാജ്യത്തെ മൊത്തം യാത്രാവാഹനവില്‍പ്പനയില്‍ വെറും 0.07 ശതമാനം മാത്രമാണു ഇലക്ട്രിക്ക കാറുകളുടെ വിഹിതം.

ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന പരിശോധിച്ചാല്‍, 513 യൂണിറ്റുകളുടെ വില്‍പ്പനയുമായി മഹീന്ദ്രയുടെ വെറിറ്റൊ ഇലക്ട്രിക്ക് ആണു വൈദ്യുത വാഹന വിപണിയില്‍ മുന്നിലുള്ളത്. പ്രതിമാസം 64 യൂണിറ്റാണ് വെറിറ്റൊ കൈവരിക്കുന്ന ശരാശരി വില്‍പ്പന. നവംബറിലാവട്ടെ 79 യൂണിറ്റ് വില്‍ക്കാന്‍ സാധിച്ചെന്നും മഹീന്ദ്ര അറിയിച്ചു.

കോമ്പാക്ട് സെഡാനായ ടാറ്റ ടിഗൊര്‍ ഇലക്ട്രിക്കിന്റെ വില്‍പ്പനയില്‍ 102 എണ്ണവും നവംബറിലായിരുന്നു. പ്രതിമാസം ശരാശരി 61 കാറുകള്‍ വിറ്റു പോകുന്നുണ്ടെന്നാണു ടാറ്റ അവകാശപ്പെടുന്നത്. വെറിറ്റൊയുടെയും ടിഗൊറിന്റെയും ഉപയോക്താക്കളില്‍ അധികവും ഫ്ളീറ്റ് ഓപ്പറേറ്റര്‍മാരാണ്.

ജൂണ്‍ മാസത്തിലാണ് ഹ്യുണ്ടായിയുടെ കോന വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. തുടര്‍ന്നുള്ള ആറു മാസത്തിനിടെ 280 യൂണിറ്റുകളുടെ വില്‍പ്പന നേടാന്‍ വാഹനത്തിനായെന്നും കമ്പനി റിപ്പോര്‍ട്ടു ചെയ്തു. നവംബറില്‍ 53 യൂണിറ്റ് വില്‍പ്പന നേടിയ കോനയുടെ ശരാശരി പ്രതിമാസ വില്‍പ്പന 35 യൂണിറ്റാണ്.

മഹീന്ദ്ര നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന മറ്റൊരു മോഡലാണ് E2O. വാഹനത്തിന്റെ വില്‍പ്പന ഈ മാസത്തോടെ അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. ഇവയുടെ വിടവു നികത്താന്‍ വിപണിയിലെ പല വിഭാഗങ്ങളിലേക്കും ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒരു നിര തന്നെ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.

വിപണിയില്‍ നിന്നു പിന്‍വാങ്ങാന്‍ തയാറെടുക്കുന്ന E2O -യുട കഴിഞ്ഞ മാസത്തെ വില്‍പ്പന വെറും നാലു യൂണിറ്റായിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ കൈവരിച്ചതാവട്ടെ ആകെ 25 യൂണിറ്റ് വില്‍പ്പനയും. ആദ്യമെത്തിയ വൈദ്യുത കാര്‍ എന്ന പെരുമയുണ്ടായിട്ടും കാര്യമായ നേട്ടം കൈവരിക്കാനാവാതെയാണ് E2O വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നത്.


Click it and Unblock the Notifications








