ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് സ്മാര്‍ട്ട് കാറുകള്‍ പുറത്തിറക്കാന്‍ ടാറ്റ
സ്മാര്‍ട്ട് കാറുകള്‍ക്കായി ടാറ്റ മോട്ടോര്‍സും ബിഎസ്എന്‍എല്ലും (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) കൈകോര്‍ത്തു. 'മെഷീന്‍ ടു മെഷീന്‍' ആശയവിനിമയം ലക്ഷ്യമിട്ട് കാറുകളില്‍ ബിഎസ്എന്‍എല്‍ സിം കാര്‍ഡ് ടാറ്റ ഘടിപ്പിക്കും. പുതിയ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനോടകം അഞ്ചുലക്ഷം സിം കാര്‍ഡുകള്‍ ബിഎസ്എന്‍എല്‍ ടാറ്റയ്ക്ക് കൈമാറി.

ഈ വര്‍ഷം പത്തുലക്ഷം സിം കാര്‍ഡുകള്‍ കൂടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ വ്യക്തമാക്കി. 5G ശേഷിയുള്ള അഞ്ചു കോടി സിം കാര്‍ഡുകളുടെ വില്‍പ്പനയാണ് ടാറ്റയുമായുള്ള കൂട്ടുകെട്ടിലൂടെ ബിഎസ്എന്‍എല്‍ പ്രതീക്ഷിക്കുന്നത്.

വാഹന മേഖലയ്ക്ക് പുറമെ ഹോം ഓട്ടോമേഷന്‍ മേഖലയിലും ബിഎസ്എന്‍എല്ലിന്റെ മെഷീന്‍ ടു മെഷീന്‍ സിം കാര്‍ഡുകള്‍ ടാറ്റ ഉപയോഗപ്പെടുത്തും. പ്രതിമാസം ഇരുപതു രൂപയായിരിക്കും ഉപയോഗത്തിലുള്ള ഓരോ സിം കാര്‍ഡിനും ബിഎസ്എന്‍എല്‍ നിരക്ക് ഈടാക്കുക.

പ്രതിവര്‍ഷം 1,200 കോടി രൂപയുടെ വരുമാനം ഇത്തരത്തില്‍ ബിഎസ്എന്‍എല്ലിന് ലഭിക്കും. എന്തായാലും പ്രമുഖ ടാറ്റ കാറുകള്‍ വൈകാതെ സ്മാര്‍ട്ടാവുമെന്ന കാര്യം ഉറപ്പായി. വിപണിയില്‍ ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍, ഹാരിയര്‍, ഹെക്‌സ മോഡലുകള്‍ സ്മാര്‍ട്ട് വിശേഷണം കൈവരിക്കും.

സെന്‍സറുകളും അപ്ലിക്കേഷനുകളും ഉപയോഗിച്ച് വയര്‍ ബന്ധിത ഉപകരണങ്ങളും വയര്‍രഹിത ഉപകരണങ്ങളും തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് മെഷീന്‍ ടു മെഷീന്‍ സംവിധാനം.

സ്മാര്‍ട്ട് വാഹനങ്ങള്‍ക്ക് പുറമെ സ്മാര്‍ട്ട് ഗതാഗതം, സ്മാര്‍ട്ട് സിറ്റി, സ്മാര്‍ട്ട് ഗ്രിഡ്, സ്മാര്‍ട്ട് ഹോം, സ്മാര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ മേഖലകളിലും മെഷീന്‍ ടു മെഷീന്‍ സാങ്കേതികവിദ്യ അനന്തമായ സാധ്യത തുറന്നുവെയ്ക്കും.

ലോകമെങ്ങും മൊട്ടിടുന്ന 'ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്' വിപ്ലവത്തിന് വേഗംകൂട്ടാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍, യന്ത്രങ്ങള്‍ മുതലായവയെല്ലാം ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് ആശയവിനിമയം നടപ്പിലാക്കാന്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിന് സാധിക്കും.

അടുത്തകാലത്തായി ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ വാഹന, ഗതാഗത മേഖലകള്‍ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കുന്നുണ്ട്. സ്മാര്‍ട്ട് കാറുകളുടെ കടന്നുവരവ് വിപണിയില്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് പുതുമുഖം കല്‍പ്പിക്കും.

ഫേഷ്യല്‍ റെക്കഗ്നീഷന്‍, വോയിസ് റെക്കഗ്നീഷന്‍, റെറ്റീന സ്‌കാനര്‍, ഫിംഗര്‍ പ്രിന്റ് പോലുള്ള നൂതന സംവിധാനങ്ങള്‍ സ്മാര്‍ട്ട് കാറുകളില്‍ പ്രതീക്ഷിക്കാം. ടാറ്റയുടെ നീക്കം പുറത്തുവന്ന സാഹചര്യത്തില്‍ മറ്റു നിര്‍മ്മാതാക്കളും സമാന നടപടികള്‍ കൈക്കൊള്ളാന്‍ സാധ്യതയുണ്ട്.
Source: ET Auto


Click it and Unblock the Notifications








