ചൈനീസ് കോപ്പിയടിക്ക് ഇരയായ അഞ്ച് ലോകവിഖ്യാത കാറുകൾ
കാലങ്ങളായി ജനപ്രീതിയാര്‍ജിച്ച പല കാര്‍ മോഡലുകളും ഒട്ടും ലജ്ജകൂടാതെ അതേപടി പകര്‍ത്തുകയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍. ലോകപ്രസിദ്ധമായ കാറുകളുടെ ഡിസൈനുകള്‍ അതേ പോലെ തങ്ങളുടെ കാറുകളിലേക്ക് പകര്‍ത്തുകയാണിവര്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ യാതൊരുവിധ സമ്മതമോ അറിവോ കൂടാതെയാണ് ഈ തരംതാണ കോപ്പിയടി.

നിരവധി ആഢംബര കാറുകളുടേയും എസ്‌യുവികളുടേയും യഥാര്‍ഥ പതിപ്പുകള്‍ക്ക് എണ്ണമറ്റ നിലവാരം കുറഞ്ഞ ചൈനീസ് പകര്‍പ്പുകളുണ്ട്. അവയില്‍ നിന്നും അഞ്ച് മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവയില്‍ സാധാരണ അര്‍ബന്‍ ഹാച്ച്ബാക്ക് മുതല്‍ ഭാവിയുടെ പ്രീമിയം സ്‌പോര്‍ട്ട്‌സ് കാര്‍ വരെ ഉള്‍പ്പെടുന്നു.

1. JAC A6
വാഹനത്തിന്റെ ഡിസൈന്‍ മാത്രമല്ല, ഒരു പടി കൂടെ ഉയര്‍ന്ന് അതിന്റെ പേര് കൂടെ പകര്‍ത്തിയിരിക്കുകയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ JAC. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ JAC A6 ഓഡിയുടെ ഇടത്തരം ആഢംബര സലൂണായ A6 -ല്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. മുന്‍ തലമുറ ഓഡി A6-ല്‍ നിന്നും പുറത്തെയും ഉള്‍വശത്തേയും നിരവധി കാര്യങ്ങള്‍ JAC A6 കടമെടുത്തിരിക്കുന്നു.

ഓഡിയുടെ ഹെഡ്‌ലാമ്പിന്റെ ആകൃതിയിലുള്ള സെനോണ്‍ ലാമ്പുകളും മുന്‍ വശത്ത് ഹെക്‌സഗണല്‍ ക്രോം ഗ്രില്ലുമാണ്. ഉള്‍വശത്തേക്ക് പ്രവേശിക്കുമ്പോള്‍ സാമ്യതകള്‍ കൂടുതല്‍ പ്രകടമാണ്. ഡാഷ് ബോര്‍ഡിന്റെ ഡിസൈനും, മള്‍ട്ടി മീഡിയ കണ്‍ട്രോളറുകളും, ഗിയര്‍ ലിവറും എല്ലാം 2000 മോഡല്‍ ഓഡി A6 -ന്റെ തനി പകര്‍പ്പ് തന്നെ. ഓഡിയിലെ ഉയര്‍ന്ന നിലവാരത്തിലുള്ള തടിയില്‍ തീര്‍ത്ത പാനലുകള്‍ക്ക് പകരം നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്ക് വുഡ് പാനലുകള്‍ ഉപയോഗിച്ചിരിക്കുന്നു. ഓഡിയില്‍ ഉപയോഗിച്ചിരിക്കുന്ന V6 എഞ്ചിന് പകരം 167 bhp കരുത്തും 250 Nm torque നല്‍കുന്ന പവര്‍ കുറഞ്ഞ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് അഞ്ച് മീറ്ററോളം നീളമുള്ള വാഹനത്തില്‍ JAC ഉപയോഗിച്ചിരിക്കുന്നത്.

2. സുസോ ഈഗിള്‍ കാരി
ഫെരാരിയുടെയും പോര്‍ഷെയുടേയും സവിശേഷതകള്‍ ഒന്നിച്ച് ലഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു അവസരം നല്‍കുകയാണ് തങ്ങളുടെ ഈഗിള്‍ കാരി എന്ന മോഡലിലൂടെ ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ സുസോ. ഒറ്റനോട്ടത്തില്‍ തന്നെ ഈ വാഹനം ഫെരാരി ക്യാലിഫോര്‍ണിയ T, പോര്‍ഷെ 718 കെയ്മാന്‍ എന്നിവയുടെ തനി പകര്‍പ്പാണെന്ന് മനസ്സിലാക്കാന്‍ കഴിയും. വാഹനത്തിന്റെ മുന്‍ വശമൊഴിച്ചാള്‍ ആകെ മൊത്ത രൂപം പോര്‍ഷെ 718 കെയ്മാന്റെയാണ്.

മുന്‍ വശമാകട്ടെ ഫെരാരി ക്യാലിഫോര്‍ണിയ T -യില്‍ നിന്ന് അതേപടി എടുത്ത് കൊണ്ട് വച്ചതും. പോര്‍ഷെയുടെ ലോഗോയും നിറവും രൂപവുമുള്‍പ്പടെ അതേപടി പകര്‍ത്തിയിരിക്കുകയാണ് സുസോ. 4.2 സെക്കന്റുകള്‍ കൊണ്ട് 0-100 km വേഗം കൈവരിക്കാന്‍ കഴിയുന്ന ഒരു പൂര്‍ണ്ണ വൈദ്യുത സ്‌പോര്‍ട്‌സ് കാറാണ് ഈഗിള്‍ കാരി എന്നാണ് സുസോയുടെ വാദം.

3. ഡെസൗ വെയ്‌കെരുയി V7
ഉടമസ്ഥാവകാശത്തിന്റെയും അതിരുകടക്കലിന്റെയുമെല്ലം സാമാന്യ മര്യാദ പോലും കാണിക്കാതെയാണ് ഡെസൗ ഫോക്‌സ്‌വാഗന്റെ ഏറ്റവും ജനപ്രിയമാര്‍ന്ന ചെറു ഹാച്ച്ബാക്ക് അപ്പ് -നെ അതേ പടി പകര്‍ത്തിയത്. തങ്ങളുടെ വെയ്‌കെരുയി V7 -ന് വേണ്ടി ഫോക്‌സ്‌വാഗണ്‍ അപ്പ് മോഡലിന്റെ ഡിസൈനില്‍ യാതൊരു മാറ്റവും നടത്താന്‍ ചൈനീസ് നിര്‍മ്മതാക്കള്‍ ശ്രമിച്ചിട്ടില്ല. ഡെസൗ ലോഗോ അല്ലാതെ വാഹനത്തിന്റെ മുന്‍ഭാഗം മുതല്‍ പിന്‍ഭാഗം വരെ എല്ലാം നേര്‍ പകര്‍പ്പാണ്. എന്തിരുന്നാലും ഉള്‍വശത്തെ ഡാഷ് ബോര്‍ഡിന്റെ ഘടനയും, കളര്‍ സ്‌കീമുകളും, ഗുണമേന്‍മയും ഫോക്‌സ്‌വാഗന്റെ അടുത്ത് വരില്ല. ലോ സ്പീഡ് ഇലക്ട്രിക്ക് വേരിയന്റ് (LSEV), കണ്‍വെന്‍ഷനല്‍ ഫുള്‍ ഇലക്ട്രിക്ക് വേരിയന്റ് എന്നിങ്ങനെ രണ്ട് എഞ്ചിന്‍ പതിപ്പുകളിലാണ് ഡെസൗ വെയ്‌കെരുയി V7 വരുന്നത്.

4. യൊഗോമൊ 330
ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ വ്യാജ പതിപ്പ് ഇറക്കിയ അര്‍ബന്‍ ഹാച്ച് ബാക്ക് വിഭാഗത്തില്‍ ഫോക്‌സ്‌വാഗണ്‍ അപ്പ് മാത്രമല്ല ഇരയായത്. കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സിന്റെ പിക്കാന്റൊ എന്ന മോഡലും അതേപടി പകര്‍ത്തപ്പെട്ടു. യൊഗോമൊ എന്ന ചൈനീസ് കമ്പനിയാണ് കിയോട് ഒരു വാക്ക് പോലും ചോദിക്കാതെ യൊഗോമൊ 330 എന്ന പോരില്‍ പിക്കാന്റൊയെ പകര്‍ത്തിയത്. അകലെ നിന്ന് കണ്ടാല്‍ ഇരു കാറുകളും തമ്മില്‍ ഒരു വ്യത്യാസവും കണ്ട് പിടിക്കാന്‍ കഴിയില്ല. അടുത്ത് കണ്ടാല്‍ വ്യത്യാസങ്ങള്‍ കണ്ടെത്താം. പിക്കാന്റൊയുടെ ടൈഗര്‍ നോസ് ഗ്രില്‍ യൊഗോമൊ മാറ്റിയിട്ടുണ്ട്. ഡോറുകളും വീല്‍ ആര്‍ച്ചുകളും തമ്മില്‍ പൊരുത്തമില്ലാത്ത തരത്തിലാണ്. ഉള്‍വശത്തും ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. വൈദ്യുത കാറാണ് യൊഗോമൊ 330. 7.3 kW ഇലക്ട്രിക്ക് മോട്ടര്‍ 13 kW ഇലക്ട്രിക്ക് മോട്ടര്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്.

5. യൂക്‌സിയ റേഞ്ചര്‍ X
ഭാവികാല വാഹനങ്ങള്‍ എങ്ങനെയാവും എന്ന് കാണിച്ച് തന്ന ഒരു വാഹനമാണ് ടെസ്‌ല മോഡല്‍ S. എന്നാല്‍ ചൈനീസ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ യൂക്‌സിയ ടെസ്‌ലയുടെ പൂര്‍ണ്ണ ഇലക്ട്രിക്ക് സെഡാനെയും വെറുതെ വിടാന്‍ തയ്യാറായിരുന്നില്ല. റേഞ്ചര്‍ എക്‌സ് എന്ന പേരില്‍ ടെസ്‌ലയുടെ തനി ചൈനീസ് പകര്‍പ്പ് കമ്പനി പുറത്തിറക്കി. മുന്‍ ഗ്രില്ലിലും ടെയില്‍ ലാമ്പിലും ചില മാറ്റങ്ങള്‍ വരുത്തി എന്നല്ലാതെ മറ്റ് വ്യത്യാസങ്ങളൊന്നുമില്ല. ടെസ്‌ലയുടെ ഗ്രില്ല് മാറ്റി യൂക്‌സിയയുടെ ബ്രാന്റ് നെയ്മും ലോഗോയും പ്രദര്‍ശിപ്പിക്കുന്ന ഒരു ഹോളോഗ്രാഫിക്ക് ഡിസ്‌പ്ലെ നല്‍കിയിരിക്കുന്നു.

ടെസ്‌ലയുടെ T ഷെയിപ്പ് ലോഗയോട് സാമ്യം തോന്നിക്കുന്ന തരത്തിലാണ് യൂക്‌സിയയുടെ Y ഷെയിപ്പ് ലോഗോയും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉള്‍വശവും ടെസ്‌ല മോഡല്‍ S -ല്‍ നിന്നും ധാരാളം ആശയങ്ങള്‍ കൈക്കൊണ്ടിരിക്കുന്നു. സെന്‍ര്‍ കണ്‍സോളിന്റെ നടുവിലായുള്ള വലിയ ടച്ച്‌സ്‌ക്രീനാണ് പ്രധാനമായും എടുത്ത് പറയേണ്ടത്. പൂര്‍ണ്ണ ഇലക്ട്രിക്ക് വാഹനമാണിത്. ആറ് സെക്കന്റുകള്‍ കൊണ്ട് 0-100 km വേഗത്തില്‍ എത്താന്‍ റേഞ്ചര്‍ X -ന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.


Click it and Unblock the Notifications