കാര്‍ വാങ്ങാനാളില്ല, ഫിയറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു
ഇനിയും എത്രനാളിങ്ങനെ തുടരും? കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കള്‍ ആകെ വിറ്റത് 101 കാര്‍ യൂണിറ്റുകള്‍ (2017 ഡിംസബര്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള കണക്ക്). ദിവസം ചെല്ലുന്തോറും ഫിയറ്റ് വാങ്ങുന്നവരുടെ എണ്ണം കുറയുന്നു. ലീനിയ, ഗ്രാന്‍ഡ് പുന്തോ, അവഞ്ചൂറ, അബാര്‍ത്ത് പുന്തോ അടങ്ങുന്ന മികവുറ്റ മോഡല്‍ നിരയുണ്ടായിട്ടും വിപണിയില്‍ കത്തിക്കയറാന്‍ ഫിയറ്റിന് കഴിയുന്നില്ല.

പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങളും ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങളും ഇന്ത്യയില്‍ പിടിമുറുക്കുന്നതോടെ മുഴുവന്‍ കാറുകളെയും കമ്പനിക്ക് പരിഷ്‌കരിക്കേണ്ടതായി വരും. വില്‍പ്പനയൊട്ടുമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നതാണ് ഭേദമെന്ന് ഫിയറ്റ് തിരിച്ചറിയുന്നു.

ഇന്ത്യന്‍ മണ്ണില്‍ നിന്നും ഫിയറ്റ് ഉടന്‍ വിടവാങ്ങും. ഇന്ത്യയില്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്താനുള്ള നടപടികള്‍ കമ്പനി തുടങ്ങി. വിപണിയില്‍ മത്സരത്തിനൊത്ത് കാറുകള്‍ പുതുക്കാന്‍ മറന്നുപോയതാണ് ഇന്ത്യയില്‍ ഫിയറ്റ് പരാജയം രുചിക്കാനുള്ള പ്രധാന കാരണം.

ലീനിയയും പുന്തോയും വിപണിയില്‍ കാലങ്ങളായി തുടരുന്നു. മോഡലുകള്‍ക്ക് ലഭിച്ച അപ്‌ഡേറ്റുകളാകട്ടെ വളരെ ചുരുക്കവും. പഴയ പുന്തോ അടിത്തറയില്‍ നിന്നും മാറി ചിന്തിക്കാന്‍ ഫിയറ്റ് താത്പര്യം കാണിച്ചതുമില്ല.

ഫലമോ ഒരേ അച്ചില്‍ നിന്നുള്ള കാറുകള്‍ പോലെ അബാര്‍ത്ത് പുന്തോ, അര്‍ബന്‍ ക്രോസ്, അവഞ്ചൂറ മോഡലുകള്‍ നിരയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇന്ത്യയിലെ ഫിയറ്റ് കാറുകള്‍ക്ക് പുതുമയില്ലെന്ന കാര്യത്തില്‍ വാഹന പ്രേമികള്‍ ഒറ്റക്കെട്ടാണ്. എന്തായാലും ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലെന്ന് കമ്പനിക്കറിയാം.

രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളോടും എബിഎസില്ലാത്ത മോഡലുകള്‍ എത്രയും പെട്ടെന്ന് വിറ്റുതീര്‍ക്കാന്‍ ഫിയറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2019 ഏപ്രില്‍ മുതല്‍ കാറുകളിലും എബിഎസ് നിര്‍ബന്ധമാവും. ഒക്ടോബറില്‍ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) പിടിമുറുക്കുന്നതോടെയാവും ഫിയറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുക.

ഇന്ത്യയില്‍ ജീപ്പ് മോഡലുകള്‍ നേടുന്ന തകര്‍പ്പന്‍ പ്രചാരവും ഫിയറ്റിന്റെ പിന്‍മാറ്റത്തിനുള്ള കാരണമാണ്. കോമ്പസിന്റെ വരവ് ജീപ്പിന്റെ തലവര രാജ്യത്ത് മാറ്റിക്കുറിച്ചു. കോമ്പസ് കൈയ്യടക്കുന്ന വില്‍പ്പന മുന്നില്‍ക്കണ്ട് ഇനി ചെറു എസ്‌യുവികളുമായി കളംനിറയാനുള്ള പുറപ്പാടിലാണ് എഫ്‌സിഎ (ഫിയറ്റിന്റെ മാതൃകമ്പനി).

പുതിയ രണ്ടു എസ്‌യുവികളെ ജീപ്പിന് കീഴില്‍ കമ്പനി ഉടന്‍ അവതരിപ്പിക്കും. ഇതില്‍ ഒന്നു നാലു മീറ്ററില്‍ താഴെയുള്ള മോഡലാണുതാനും. എസ്‌യുവി മോഡലുകളിലേക്കു തിരിയുമ്പോള്‍ നഷ്ട കണക്കുകള്‍ മാത്രം കാഴ്ച്ചവെക്കുന്ന ഫിയറ്റ് താമസിയാതെ തങ്ങള്‍ക്കൊരു ബാധ്യതയായി മാറുമെന്ന ആശങ്ക എഫ്സിഎ ഇന്ത്യയ്ക്കുണ്ട്.

ഇന്ത്യയില്‍ പ്രാദേശികമായി വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ജീപ്പ് സ്വയംപര്യാപ്തത നേടിയ പശ്ചാത്തലത്തില്‍ പുതിയ എസ്‌യുവി മോഡലുകളെ ജീപ്പ് ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരുന്നതാണ് എഫ്സിഎയ്ക്കു കൂടുതല്‍ ഗുണകരം. ജീപ്പ് എസ്‌യുവികള്‍ക്കുള്ള പ്രചാരം ഫിയറ്റ് കിണഞ്ഞു ശ്രമിച്ചാല്‍പ്പോലും ലഭിക്കില്ലെന്നു എഫ്സിഎയ്ക്ക് അറിയാം.

മാത്രമല്ല, ഫിയറ്റിനെ നിര്‍ത്തി പകരം ജീപ്പിന്റെ ഉത്പാദന ശേഷി കൂട്ടാനും എഫ്സിഎയ്ക്ക് ആലോചനയുണ്ട്. ഒരുപക്ഷെ ഫിയറ്റ് ഡീലര്‍ഷിപ്പുകളില്‍ ഭൂരിപക്ഷവും ജീപ് ഔട്ട്ലെറ്റുകളായി രൂപാന്തരപ്പെടാം. എന്തായാലും ഫിയറ്റിന്റെ പിന്‍മാറ്റം ജീപ്പിന് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കും.

ഇന്ത്യയില്‍ നിന്നു വിടവാങ്ങുമെങ്കിലും രാജ്യാന്തര നിരയില്‍ ഫിയറ്റും എസ്‌യുവി ലോകത്തേക്കു കടക്കാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങളുടെ പുതിയ ഫാസ്റ്റ്ബാക്ക് കൂപ്പെ ക്രോസ്ഓവര്‍ കോണ്‍സെപ്റ്റിനെ ഫിയറ്റ് അടുത്തിടെ അവതരിപ്പിക്കുകയുണ്ടായി.

വിപണിയിലെ എസ്‌യുവി തരംഗം തിരിച്ചറിഞ്ഞ ഫിയറ്റ് ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്ക്‌സ് എന്നിവര്‍ക്കുള്ള ഉത്തരമായാണ് ഫാസ്റ്റ്ബാക്കിനെ അവതരിപ്പിക്കുന്നത്. കമ്പനിയുടെ പുതുതലമുറ ഡിസൈന്‍ ഭാഷ പുതിയ കൂപ്പെ ക്രോസ്ഓവറില്‍ വ്യക്തമായി കാണാം.

ജീപ്പ് റെനഗേഡ്, ഫിയറ്റ് 500X മോഡലുകള്‍ പുറത്തിറങ്ങുന്ന ഫിയറ്റിന്റെ സ്‌മോള്‍ വൈഡ് അടിത്തറയായിരിക്കും ഫാസ്റ്റ്ബാക്ക് എസ്‌യുവിയും ഉപയോഗിക്കുക. റെനഗേഡില്‍ നിന്നും തന്നെയായിരിക്കും എഞ്ചിന്‍. അതേസമയം ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ കോമ്പസിന്റെ പുതിയ പതിപ്പുകളെ പിന്നണിയില്‍ ജീപ്പ് ഒരുക്കുന്നുണ്ട്.
Source: Auotcar India


Click it and Unblock the Notifications








