ഫിഗൊ മോഡലുകള്‍ക്ക് ഒരേസമയം വിലകൂട്ടിയും കുറച്ചും ഫോര്‍ഡ്
ഫിഗൊ മോഡലുകള്‍ക്ക് ഒരേസമയം വിലകൂട്ടിയും കുറച്ചും ഫോര്‍ഡ്. കഴിഞ്ഞമാസമാണ് പുത്തന്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിനെ ഫോര്‍ഡ് വിപണിയില്‍ കൊണ്ടുവന്നത്. വില്‍പ്പനയ്‌ക്കെത്തി നാല്‍പ്പതു ദിവസം തികയുംമുന്‍പേ ഫിഗൊ മോഡലുകളുടെ വില കമ്പനി വെട്ടിക്കുറച്ചു. 39,000 രൂപയുടെ വിലക്കുറവുമായാണ് ഫിഗൊ ടൈറ്റാനിയം വകഭേദങ്ങള്‍ ഇപ്പോള്‍ ലഭ്യമാവുന്നത്.

ഇതേസമയം, പ്രാരംഭ ആംബിയന്റ് വകഭേദങ്ങള്‍ക്ക് 8,000 രൂപ ഫോര്‍ഡ് കൂട്ടി. ഇതോടെ 5.23 ലക്ഷം രൂപയായി പുത്തന്‍ ഫിഗൊയുടെ പ്രാരംഭ വില. ആംബിയന്റ് പെട്രോളില്‍ 8,000 രൂപയും ആംബിയന്റ് ഡീസലില്‍ 18,000 രൂപയുമാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ടൈറ്റാനിയം, ടൈറ്റാനിയം ബ്ലൂ വകഭേദങ്ങളില്‍ 39,000 രൂപയുടെ വിലക്കുറവ് തുടരും. ഫിഗൊ മോഡലുകളുടെ വില പുതുക്കാനുള്ള കാരണം ഫോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.

പോയമാസം 691 യൂണിറ്റുകളുടെ വില്‍പ്പന മാത്രമായിരുന്നു ഫോര്‍ഡ് ഫിഗൊ നേടിയത്. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഹാച്ച്ബാക്കുകളുടെ പ്രചാരം പലപ്പോഴും ഫോര്‍ഡ് ഫിഗൊയുടെ നിറംകെടുത്തുന്നു. കഴിഞ്ഞമാസം 14,000 യൂണിറ്റുകളുടെ വില്‍പ്പന സ്വിഫ്റ്റ് കുറിക്കുകയുണ്ടായി. ഏഴായിരത്തില്‍പ്പരം ഗ്രാന്‍ഡ് i10 യൂണിറ്റുകളെയാണ് ഹ്യുണ്ടായിയും വിറ്റത്.

ഒരുപക്ഷെ പുതുക്കിയ വില കൂടുതല്‍ ആളുകളെ ഫിഗൊയിലേക്ക് ആകര്‍ഷിക്കുമെന്ന് ഫോര്‍ഡ് കരുതുന്നു. പുതിയ ഫോര്‍ഡ് ഫിഗൊ മോഡലുകളുടെ വില ഇങ്ങനെ —
| Variant | Old Price | New Price | Change |
| Ambiente MT (1.2L Petrol) | Rs 5.15 lakh | Rs 5.23 lakh | Rs 8,000 |
| Ambiente MT (1.5L Diesel) | Rs 5.95 lakh | Rs 6.15 lakh | Rs 18,000 |
| Titanium MT (1.2L Petrol) | Rs 6.39 lakh | Rs 6.00 lakh | - Rs 39,000 |
| Titanium MT (1.5L Diesel) | Rs 7.19 lakh | Rs 6.90 lakh | - Rs 29,000 |
| Titanium Blu (1.2L Petrol) | Rs 6.94 lakh | Rs 6.65 lakh | - Rs 29,000 |
| Titanium Blu (1.5L Diesel) | Rs 7.74 lakh | Rs 7.55 lakh | - Rs 19,000 |
| Titanium AT (1.5L Petrol) | Rs 8.09 lakh | Rs 7.70 lakh | - Rs 39,000 |

ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലൂ എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് ഫിഗൊ പുറത്തിറങ്ങുന്നത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റില്‍ പതിപ്പില്‍ 1,200 ഓളം മാറ്റങ്ങള്‍ സംഭവിച്ചെന്നാണ് കമ്പനി പറയുന്നത്. കറുപ്പഴകുള്ള ഹണികോമ്പ് ഗ്രില്ല്, 15 ഇഞ്ച് അലോയ് വീലുകള്‍, ഇരട്ട നിറമുള്ള മേല്‍ക്കൂര തുടങ്ങി നിരവധി പരിഷ്‌കാരങ്ങള്‍ പുതിയ ഫിഗൊയിലുണ്ട്.

ഹാച്ച്ബാക്കിന്റെ അകത്തളത്തില്‍ കറുപ്പു നിറത്തിനാണ് പ്രധാന്യം. ക്യാബിനില്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്പനി പരിഷ്‌കരിച്ചു. 7.0 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ, SYNC3 കണക്ടിവിറ്റി സാധ്യതകള്‍ തുറന്നുവെയ്ക്കും. ശ്രേണിയില്‍ ആദ്യമായി ആറു എയര്‍ബാഗുകള്‍ അവതരിപ്പിക്കുന്ന ഹാച്ച്ബാക്ക് കൂടിയാണ് ഫിഗൊ. ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം ബ്ലൂ വകഭേദത്തില്‍ ആറു എയര്‍ബാഗുകള്‍ ലഭിക്കും.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ മോഡലില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ TiVCT പെട്രോള്‍ എഞ്ചിന്‍ 94 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആസ്പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിലും ഇതേ എഞ്ചിന്‍ യൂണിറ്റാണുള്ളത്. 20.4 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കാന്‍ ഫിഗൊ പെട്രോളിന് കഴിയും.

ഡീസല്‍ പതിപ്പില്‍ മാറ്റമില്ല. ഫോര്‍ഡ് പരീക്ഷിച്ചു തെളിഞ്ഞ 1.5 ലിറ്റര്‍ TDCi എഞ്ചിന്‍ ഫിഗൊ ഡീസലില്‍ തുടരുന്നു. എഞ്ചിന് 99 bhp കരുത്തും 215 Nm torque ഉം കുറിക്കാന്‍ ശേഷിയുണ്ട്. മൈലേജ് 25.5 കിലോമീറ്റര്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമേ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭ്യമാവുകയുള്ളൂ. 121 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ആറു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. ഫിഗൊ 1.5 ലിറ്റര്‍ പെട്രോള്‍ മോഡല്‍ 16.3 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കും.


Click it and Unblock the Notifications








