പുതിയ സിവിക് ബുക്കിംഗ് ഹോണ്ട തുടങ്ങി, വരവ് മാര്‍ച്ചില്‍
ഹോണ്ട സിവിക് പ്രീ-ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി. ഇന്നുമുതല്‍ രാജ്യത്തെ മുഴുവന്‍ ഹോണ്ട ഡീലര്‍ഷിപ്പുകളും പുത്തന്‍ സിവിക്കിന്റെ ബുക്കിംഗ് ആരംഭിച്ചതായി ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു. 31,000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് സെഡാന്‍ ബുക്ക് ചെയ്യാം. പത്താംതലമുറ സിവിക് സെഡാനെ മാര്‍ച്ചില്‍ ഹോണ്ട വില്‍പ്പനയ്ക്ക് കൊണ്ടുവരും.
കിറ്റുകളായി ഇറക്കുമതി ചെയ്യുന്ന വിദേശ നിര്‍മ്മിത ഘടകങ്ങള്‍ ഇവിടെവെച്ച് സംയോജിപ്പിച്ചാകും സിവിക്കിനെ ഹോണ്ട വിപണിയിലെത്തിക്കുക. അതേസമയം ഘടകങ്ങളുടെ പ്രാദേശിക സമാഹരണം 70 ശതമാനത്തോളം ഉയര്‍ത്തി മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ ഹോണ്ട ശ്രമിക്കും.

2018 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് പത്താംതലമുറ സിവിക് രാജ്യത്തു തിരിച്ചുവരുന്ന കാര്യം ഹോണ്ട അറിയിച്ചത്. കൃത്യം ഒരുവര്‍ഷം പിന്നിടുമ്പോള്‍ കാറിങ്ങെത്തുകയാണ്. നടപ്പുസാമ്പത്തികവര്‍ഷം ഹോണ്ട ഇന്ത്യയ്ക്കായി കരുതിയിട്ടുള്ള മൂന്നാമത്തെ മോഡലാണ് സിവിക്. പുതിയ സെഡാനെ കഴിഞ്ഞദിവസം ഹോണ്ട വെളിപ്പെടുത്തിയിരുന്നു. ഡിസൈനില്‍ കൂടുതല്‍ അക്രമണോത്സുക ഭാവം നിറച്ചാണ് സിവിക്ക് വരിക. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളും C ആകൃതിയില്‍ വളഞ്ഞിങ്ങുന്ന എല്‍ഇഡി ടെയില്‍ലാമ്പുകളും കാറിന് ഗൗരവം കുറിക്കും.

ആകാരയളവില്‍ പുതിയ സിവിക് ഏറെ വളര്‍ന്നു. 4,656 mm നീളവും 1,799 mm വീതിയും 1,433 mm ഉയരവും സെഡാനുണ്ട്. വീല്‍ബേസ് 2,700 mm. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാംവിധം 170 mm ആണ് കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 17 ഇഞ്ച് അലോയ് വീലുകള്‍ സിവിക്കിന്റെ വലുപ്പം എടുത്തുകാട്ടും. 215/50 ട്യൂബ്‌ലെസ് ടയറുകളാണ് സിവിക് ഉപയോഗിക്കുന്നത്. ശ്രേണിയിലെ ഏറ്റവും മൈലേജ് കൂടിയ കാറായിരിക്കും പുതിയ സിവിക്. ഡി സെഗ്മന്റ് നിരയിലേക്ക് തിരിച്ചെത്തുന്ന പത്താംതലമുറ ഹോണ്ട സിവിക്.

26.8 കിലോമീറ്റര്‍ മൈലേജ് സിവിക് ഡീസല്‍ കുറിക്കുമെന്നാണ് ഹോണ്ടയുടെ അവകാശവാദം. അലൂമിനിയം നിര്‍മ്മിത 1.6 ലിറ്റര്‍ എഞ്ചിനാണ് സിവിക് ഡീസലില്‍. എഞ്ചിന് 120 bhp കരുത്തും 300 Nm torque ഉം പരമാവധി കുറിക്കാനാവും. ഹോണ്ട CR-V -യിലും ഇതേ എഞ്ചിനാണ്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമെ ഡീസല്‍ മോഡലിലുള്ളൂ. 1.8 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ പതിപ്പും പുതിയ സിവിക് നിരയിലുണ്ട്. 138 bhp കരുത്തും 174 Nm torque -മാണ് സിവിക് പെട്രോള്‍ സൃഷ്ടിക്കുക.

പാഡില്‍ ഷിഫ്റ്ററുകളോടുള്ള സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പെട്രോള്‍ പതിപ്പില്‍ ഒരുങ്ങും. ARAI ടെസ്റ്റില്‍ 16.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സിവിക് പെട്രോള്‍ രേഖപ്പെടുത്തിയത്. സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ച്ചയും കമ്പനി ചെയ്തിട്ടില്ല. നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ആറു എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് ബ്രേക്ക് ഹോള്‍ഡ്, വെഹിക്കിള്‍ സ്റ്റബിലിറ്റി അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ലെയ്ന്‍ വാച്ച് ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിങ്ങനെ സുരക്ഷാ സംവിധാനങ്ങളുടെ നീണ്ടനിരയുണ്ട് കാറില്‍.

അഞ്ചു നിറങ്ങളാണ് പുതിയ ഹോണ്ട സിവിക്കില്‍ അണിനിരക്കുക. പ്ലാറ്റിനം വൈറ്റ് പേള്‍, റേഡിയന്റ് റെഡ്, മോഡേണ്‍ സ്റ്റീല്‍, ലൂണാര്‍ സില്‍വര്‍, ഗോള്‍ഡന്‍ ബ്രൗണ്‍ നിറപ്പതിപ്പുകള്‍ സിവിക്കില്‍ തലയുയര്‍ത്തും.


Click it and Unblock the Notifications








