ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍, വിസ്മയം തീര്‍ക്കാന്‍ ഹ്യുണ്ടായി കോന
ഇന്ത്യന്‍ വൈദ്യുത വാഹന ലോകത്ത് നിര്‍ണായക നീക്കത്തിനൊരുങ്ങുകയാണ് ഹ്യുണ്ടായി. കോന ഇലക്ട്രിക് ജൂലായ് ഒന്‍പതിനെത്തും. രാജ്യാന്തര വിപണിയില്‍ 39 kWh, 64 kWh എന്നീ രണ്ടു പതിപ്പുകളായാണ് കോന ഇലക്ട്രിക്കിനെ ഹ്യുണ്ടായി വില്‍ക്കുന്നത്. കോനയുടെ 64 kWh ബാറ്ററി പതിപ്പ് മാത്രമായിരിക്കും ഇവിടെ വില്‍പ്പനയ്ക്ക് വരിക.

വരവ് മുന്‍നിര്‍ത്തി ജൂണില്‍ 25 കോന യൂണിറ്റുകളെ ഡീലര്‍ഷിപ്പുകളിലേക്ക് കമ്പനി കയറ്റി അയച്ചിരുന്നു. നിലവില്‍ ഹ്യുണ്ടായി കോനയ്ക്ക് ഇന്ത്യയില്‍ എതിരാളികളില്ല. ഈ വര്‍ഷാവസാനം വരാന്‍പോകുന്ന എംജി eZS എസ്‌യുവിയാകും വൈകിയാണെങ്കിലും കോനയ്ക്ക് ഭീഷണി ഉയര്‍ത്തുക.

25 ലക്ഷം രൂപയോളം പ്രാരംഭ വില ഹ്യുണ്ടായി കോനയ്ക്ക് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ഉയര്‍ന്ന 64 kWh ബാറ്ററി യൂണിറ്റായതുകൊണ്ട് ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരമോടാന്‍ ഹ്യുണ്ടായി കോന പ്രാപ്തമാണ്. ARAI (ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) ടെസ്റ്റിലും ഇതേ ഡ്രൈവിങ് റേഞ്ച് എസ്‌യുവി കാഴ്ച്ചവെച്ചെന്നാണ് വിവരം.

എസ്‌യുവിയിലെ 150 kW വൈദ്യുത മോട്ടോറിന് 203 bhp കരുത്തും 395 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 7.6 സെക്കന്‍ഡുകള്‍ മതി കോനയ്ക്ക്. മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം.

ആദ്യഘട്ടത്തില്‍ 16 ഇന്ത്യന്‍ നഗരങ്ങളില്‍ കോന ഇലക്ട്രിക്കിനെ വില്‍ക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. ദില്ലി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ കോന വില്‍പ്പനയ്‌ക്കെത്തും. തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ പ്രത്യേക 100 kW ഡിസി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ കമ്പനി സ്ഥാപിക്കും.

ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമെങ്കില്‍ എണ്‍പതു ശതമാനം ചാര്‍ജ് വരിക്കാന്‍ ബാറ്ററി യൂണിറ്റിന് 54 മിനിറ്റുകള്‍ മതി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ എസി ചാര്‍ജിങ് സ്റ്റേഷനുകള്‍ കമ്പനി സമര്‍പ്പിക്കും. ഏകദേശം പത്തു മണിക്കൂറെടുക്കും എസി ചാര്‍ജിങ് സംവിധാനം വഴി ബാറ്ററി പൂര്‍ണ്ണ ചാര്‍ജ് നേടാന്‍.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഫാസ്റ്റ് ചാര്‍ജറുകള്‍ കമ്പനി നല്‍കാന്‍ സാധ്യതയില്ല. കോന ഇലക്ട്രിക്കിന്റെ വില കുത്തനെ ഉയരുമെന്നതുതന്നെ ഇതിന് കാരണം. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കറുകളുള്ള ഓഡിയോ സംവിധാനം, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, വെന്റിലേഷന്‍ സൗകര്യമുള്ള സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് ഹ്യുണ്ടായി കോന ഇലക്ട്രിക്കില്‍.

ആറു എയര്‍ബാഗുകളും ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടിറങ് സംവിധാനവും പിന്‍ പാര്‍ക്കിങ് ക്യാമറയും ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനവുമെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി എസ്‌യുവിയിലുണ്ട്.


Click it and Unblock the Notifications








