പുറത്തിറങ്ങുന്നതിന് മുമ്പായി കിയ സെല്‍റ്റോസ് പതിപ്പുകളുടെ വിവരങ്ങള്‍ പുറത്ത്
ഇന്ത്യയില്‍ തങ്ങളുടെ ആദ്യ വാഹനം സെല്‍റ്റോസ് പുറത്തിറക്കാന്‍ എല്ലാം സജ്ജമാക്കി ഒരുങ്ങി ഇരിക്കുകയാണ് കിയ. അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ആഗോള പ്രീമിയറിലാണ് സെല്‍റ്റോസിനെ നിര്‍മ്മാതാക്കള്‍ ആദ്യമായി വെളിപ്പെടുത്തിയത്. ഈ വര്‍ഷം ആഗസ്റ്റ് 22 വാഹനം പുറത്തിറക്കാനാണ് കിയയുടെ തീരുമാനം. ഇടത്തരം അഥവാ കോമ്പാക്ട് എസ്‌യുവി വിഭാഗത്തില്‍ എത്തുന്ന വാഹനത്തിന്റെ വില മത്സരം മുറുക്കും വിധം വിപണിയിലെ മറ്റ് എതിരാളികളോട് സമമായിരിക്കും.

എന്നാല്‍ ഔദ്യോഗികമായി വാഹനം പുറത്തിറക്കുന്നതിന് മുമ്പ് തന്നെ വാഹനത്തിന്റെ വിവധ പതിപ്പുകളും അവയുടെ ഫീച്ചറുകളും വെളിപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. വാഹനത്തിന് GTK, GTX, GTX+ എന്നിങ്ങനെ മൂന്ന് പെട്രോള്‍ പതിപ്പും, HTE, HTK, HTK+,HTX, HTX+ എന്നിങ്ങനെ അഞ്ച് ഡീസല്‍ പതിപ്പും ചേര്‍ത്ത് എട്ട് പതിപ്പുകളുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്.

തങ്ങളുടെ ആദ്യ വാഹനത്തിനെ വളരെയേറെ പ്രത്യേകതകളോടെയാണ് കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. സെല്‍റ്റോസിന്റെ ഉള്‍വശം പരിശോധിച്ചാല്‍ വിപണിയിലെ എല്ലാ തരം മത്സരങ്ങളും അതിജീവിക്കുന്നതിന് കിയ വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു എന്ന് മനസ്സിലാക്കാം. സുഖപ്രദമായ സഞ്ചാരത്തിനും സൗകര്യപ്രദമായ ഫീച്ചറുകള്‍ക്കും നിര്‍മ്മാതാക്കള്‍ വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു. വാഹനത്തിന് ചുറ്റുവശം കാണുന്നതിന് 360 ഡിഗ്രീ ക്യാമയാണ് നല്‍കിയിരിക്കുന്നത്.

വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, പനോരമിക്ക് സണ്‍റൂഫ്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ഹില്ല് അസിസ്റ്റ്, വിവധ ഡ്രൈവിംഗ് മോഡുകള്‍, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെ, എന്നിവയ്ക്ക് പുറമേ യാത്രകള്‍ ഉല്ലാസപ്രദമാക്കാന്‍ ബോസ് മ്യൂസിക്ക് സിസ്റ്റം എന്നിവയാണ് കമ്പനി പ്രധാനം ചെയ്യുന്നത്.

പുറമേയും വളരെ ആകര്‍ഷകമായ ഡിസൈനാണ് വാഹനത്തിന്. മുന്‍ വശത്തെ ടൈഗര്‍ നോസ് ഗ്രില്ലും, പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, നീളത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളും സെല്‍റ്റോസിന്റെ മുന്‍വശത്തിന് പ്രത്യേക ഗാംഭീര്യം നല്‍കുന്നു.

സ്റ്റൈലിഷായ മെഷീന്‍ അലോയ് വീലുകള്‍ വാഹനത്തിന്റെ വശങ്ങള്‍ക്ക് ഭംഗിയേകുന്നു. എന്നാല്‍ ഉയര്‍ന്ന പതിപ്പില്‍ മാത്രമേ അലോയി വീലുകള്‍ ലഭിക്കുകയുള്ളൂ. പിന്‍ വശവും ഒരുപോലെ മികച്ചതാണ്. ചുരുക്കത്തില്‍ പുറമേ എല്ലാ തരത്തിലും പുതുമയാര്‍ന്ന ഒരു എസ്‌യുവിയാണ് സെല്‍റ്റോസ്.

വാഹനത്തിന്റെ സുരക്ഷയുടെ കാര്യത്തിലും നിര്‍മ്മാതാക്കള്‍ ശ്രദ്ധ നല്‍കുന്നു. അപകടമുണ്ടായാല്‍ ഉള്‍വശത്തേക്ക് അധികം ആഖാതം ഏല്‍ക്കാതിരിക്കാന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ആറ് എയര്‍ബാഗുകളാണ് വാഹനത്തിലുള്ളത്.

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ വാഹനത്തിന് നല്‍കിയിരിക്കുന്നു. കൂടാതെ എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

നാല് ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം മൂന്ന് എഞ്ചിന്‍ ഓപ്ഷനാണ് വാഹനത്തിനുള്ളത്. ഓട്ടോമാറ്റിക്ക് പതിപ്പില്‍ മൂന്ന് ഗിയര്‍ബോക്‌സുകള്‍ നല്‍കുന്ന രാജ്യത്തെ ആദ്യ വാഹനമാണ് സെല്‍റ്റോസ്. സെല്‍റ്റോസില്‍ വരുന്ന എല്ലാ എഞ്ചിനും ആദ്യം മുതല്‍ തന്നെ ബിഎസ് VI നിലവാരമുള്ളവയായിരിക്കും.

എഞ്ചിനുകളെക്കുറിച്ച് പറഞ്ഞാല്‍ രണ്ട് പെട്രോള്‍ എഞ്ചിനുകളും ഒരു ഡീസല്‍ എഞ്ചിനുമാണ് വാഹനത്തില്‍ വരുന്നത്. 115 bhp കരുത്ത് 144 Nm torque നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രാരംഭ പതിപ്പില്‍ വരുന്നത്. 115 bhp കരുത്ത് 250 Nm torque എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിന്‍.
140 bhp കരുത്ത് 244 Nm torque നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്. ഓട്ടോമാറ്റിക്ക് പതിപ്പില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാവും എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാവും വരുന്നത്. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സവും ലഭിക്കുക.
Source:Car News By Rishabh Arora/YouTube


Click it and Unblock the Notifications








