XUV300 രക്ഷകനായി, ജൂണില്‍ പരുക്കില്ലാതെ കരകയറി മഹീന്ദ്ര
ജൂണില്‍ മഹീന്ദ്രയ്ക്ക് മാത്രം മറ്റൊരു കഥയാണ് പറയാനുള്ളത്. മൊത്തം ആഭ്യന്തര വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചെങ്കിലും പാസഞ്ചര്‍ വാഹന നിരയില്‍ പ്രതിസന്ധികള്‍ക്കെതിരെ തുഴയെറിഞ്ഞ് വളര്‍ച്ച വരിച്ചിരിക്കുകയാണ് മഹീന്ദ്ര. പോയമാസം യൂട്ടിലിറ്റി സെഗ്മന്റില്‍ മാത്രം എട്ടു ശതമാനം കൂടുതല്‍ വില്‍പ്പന കമ്പനി കുറിച്ചു.

2018 ജൂണില്‍ 16,408 യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റ മഹീന്ദ്ര, 2019 ജൂണില്‍ 17,723 യൂണിറ്റുകളിലേക്ക് വില്‍പ്പന ഉയര്‍ത്തി. ഇതേസമയം യൂട്ടിലിറ്റി വാഹനങ്ങളും കാറുകളും വാനുകളും ഉള്‍പ്പെടെയുള്ള പാസഞ്ചര്‍ വാഹന സെഗ്മന്റ് വിലയിരുത്തിയാല്‍ മഹീന്ദ്രയുടെ വില്‍പ്പന 18,826 യൂണിറ്റുകളിലാണ് അവസാനിക്കുന്നത്. വില്‍പ്പന കൂടിയത് നാലു ശതമാനം.

എന്നാല്‍ പോയമാസം കാറുകളുടെയും വാനുകളുടെയും വിഭാഗത്തില്‍ മഹീന്ദ്ര നിറംമങ്ങി. കമ്പനിയുടെ വൈദ്യുത വാഹനങ്ങള്‍ ഈ ഗണത്തിലാണ് പെടുന്നത്. എന്തായാലും യൂട്ടിലിറ്റി വാഹനങ്ങള്‍ തുണച്ച പശ്ചാത്തലത്തില്‍ ജൂണില്‍ പാസഞ്ചര്‍ സെഗ്മന്റില്‍ മുന്നേറ്റം കുറിച്ച ഏക കമ്പനി മഹീന്ദ്രയാണ്.

ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസപാദം ഭേദപ്പെട്ട നിലയില്‍ മഹീന്ദ്ര കച്ചവടം പൂര്‍ത്തിയാക്കി. 2019 ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 56,095 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 56,074 യൂണിറ്റുകളുടെ വില്‍പ്പന ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ നേടിയിരുന്നു.

പാസഞ്ചര്‍ വാഹന നിരയില്‍ നേട്ടങ്ങളുണ്ടാക്കിയെങ്കിലും വാണിജ്യ വാഹന സെഗ്മന്റില്‍ 15 ശതമാനം ഇടിവ് മഹീന്ദ്ര അഭിമുഖീകരിക്കുന്നുണ്ട്. ഈ സെഗ്മന്റില്‍ പോയമാസം 19,229 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിയുടെ പ്രകടനം. ഇടത്തരം, വന്‍കിട വാണിജ്യ വാഹന സെഗ്മന്റിലും 36 ശതമാനം ഇടിവ് കമ്പനിക്ക് സംഭവിച്ചു; 705 യൂണിറ്റുകള്‍ വില്‍ക്കാനേ മഹീന്ദ്രയ്ക്ക് സാധിച്ചുള്ളൂ.

പോയമാസത്തെ കയറ്റുമതി കണക്കുകളിലും കമ്പനി പിന്നില്‍ പോയി. 3,466 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെങ്കിലും 11 ശതമാനം ഇടിവ് ഈ വിഭാഗത്തിലും മഹീന്ദ്ര നേരിട്ടു. ആഭ്യന്തര, രാജ്യാന്തര വില്‍പ്പന കണക്കിലെടുത്താല്‍ ആകെ മൊത്തം 42,547 യൂണിറ്റുകളാണ് മഹീന്ദ്ര ജൂണില്‍ വിറ്റത്.

കഴിഞ്ഞവര്‍ഷം ജൂണില്‍ 45,155 യൂണിറ്റുകള്‍ കമ്പനി വിറ്റിരുന്നു. ഇതോടെ വില്‍പ്പനയിടിവ് ആറു ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. ജൂണിലെ വില്‍പ്പനകണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ മുന്‍നിര നിര്‍മ്മാതാക്കളായ മാരുതിയുടെയും ഹ്യുണ്ടായിയുടെയും ടാറ്റയുടെയും നില പരുങ്ങലിലാണ്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം തകര്‍ച്ചയാണ് ടാറ്റ നേരിടുന്നത്. മാരുതിയുടെ വില്‍പ്പനയാകട്ടെ 16.7 ശതമാനം ഇടിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിക്കും ജൂണില്‍ ചുവടുപിഴച്ചു. 7.3 ശതമാനം ഇടിവാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ക്ക് സംഭവിച്ചിരിക്കുന്നത്.


Click it and Unblock the Notifications