മഹീന്ദ്ര XUV300 ഇന്ത്യയിലെ മികച്ച കോമ്പാക്റ്റ് എസ്‌യുവിയോ?
വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവിയായ XUV300 -യെ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ്. ദില്ലി എക്‌സ്‌ഷോറൂമില്‍ 7.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് XUV300 അണിനിരക്കുന്നത്. ഒരുപിടി മികച്ച ഫീച്ചറുകളും ആകര്‍ഷണീയമായ ബോഡി ഡിസൈനും കോമ്പാക്റ്റ് എസ്‌യുവി വിപണിയില്‍ XUV300 -യുടെ സ്ഥാനം ഭദ്രമാക്കാന്‍ സഹായിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു. കോമ്പാക്റ്റ് എസ്‌യുവി വിപണിയിലെ മത്സരത്തില്‍, ശ്രേണിയിലെ മുന്‍നിരക്കാരെ XUV300 പിന്നിലാക്കുമോ? XUV300 തിരഞ്ഞെടുക്കുന്നത് ശരിയായ തീരുമാനമോ?

മത്സരവിലയില്‍ എത്തുമ്പോഴും ഫീച്ചറുകളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടില്ല. ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, സ്മാര്‍ട് വാച്ച് കണക്ടിവിറ്റി, ഏഴ് എയര്‍ബാഗുകള്‍, ഓള്‍വീല്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍ എന്നിങ്ങനെ നീളുന്നു XUV300 -യിലെ ഫീച്ചറുകള്‍. 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് മഹീന്ദ്ര XUV300 എത്തുന്നത്. പരമാവധി 110 bhp കരുത്തും 200 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റ് കുറിക്കുക 115 bhp കരുത്തും 300 Nm torque ഉം ആയിരിക്കും.

ഡീസല്‍ എഞ്ചിന്റെ കാര്യത്തില്‍ XUV300 -യുടെ എതിരാളികള്‍ക്ക് ശരാശരി 200 Nm torque മാത്രമാണ് ലഭിക്കുന്നത്. ഇത് മഹീന്ദ്ര XUV300 -യിലെ മികവാര്‍ന്ന ഡ്രൈവിംഗ് അനുഭവത്തിന് കാരണമാവും. ഡ്രൈവിംഗ് കൂടുതല്‍ ഉല്ലാസകരമാക്കാന്‍ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ XUV300 -യിലുണ്ട്: കംഫര്‍ട്ട്, നോര്‍മല്‍, സ്‌പോര്‍ട് എന്നിവയാണിത്. ഓഫ് റോഡിംഗ് ശേഷിയും കാര്യമായിത്തന്നെയുണ്ട് എസ്‌യുവിയില്‍.

180 mm ഗൗണ്ട് ക്ലിയറന്‍സ് ഉള്ളത് കൊണ്ട് തന്നെ അണ്ടര്‍ബോഡിയ്ക്ക് സാരമായ കേടുപാടുകള്‍ പറ്റാന്‍ സാധ്യത കുറവാണ്. ദുര്‍ഘടമായ റോഡുകളിലും ഹൈവേകളിലും സുഖകരമായ യാത്ര ലഭിക്കും വിധം XUV300 -യുടെ സസ്‌പെന്‍ഷനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.നികുതി ആനുകൂല്യങ്ങള്‍ക്ക് വേണ്ടി എസ്‌യുവിയുടെ നീളം നാല് മീറ്ററില്‍ താഴെയാക്കി വെട്ടിച്ചുരുക്കിയെങ്കിലും ക്യാബിനില്‍ ആവശ്യത്തിന് വിശാലത ഈ അഞ്ച് സീറ്റര്‍ എസ്‌യുവിയിലുണ്ട്.

2,600 mm വില്‍ബേസാണ് ശ്രേണിയില്‍ XUV300 -യ്ക്ക് മുന്‍തൂക്കം നല്‍കുന്ന മറ്റൊരു പ്രധാന ഘടകം. മൊത്തത്തില്‍ നാല് മീറ്ററില്‍ താളെയുള്ള കോമ്പാക്റ്റ് എസ്‌യുവി എന്നതിന് ഉത്തമ ഉദാഹരണമാണ് മഹീന്ദ്ര XUV300 എന്ന് പറയാം. എന്നാല്‍ XUV300 -യിലെ മൈലേജിനെയും സുരക്ഷയെയും സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും മഹീന്ദ്ര പുറത്ത് വിട്ടിട്ടില്ല. XUV300 -യുടെ സുരക്ഷ പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റ് വരും ദിവസങ്ങളില്‍ നടക്കാനിരിക്കെ, "ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍" എന്ന പദവി ടാറ്റ നെക്‌സോണില്‍ നിന്ന് XUV300 പിടിച്ചെടുക്കുമോ എന്ന ആകാക്ഷയിലാണ് വാഹന ലോകം.


Click it and Unblock the Notifications








