പുതിയ മാരുതി ബലെനോ RS ഉം വിപണിയിലേക്ക്
പുത്തന്‍ ബലെനോയ്ക്ക് പിന്നാലെ ബലെനോ RS -ന്റെ '2019' പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി. 2019 ബലെനോ RS വില്‍പ്പനയ്ക്ക് ഉടനെത്തും. ഔദ്യോഗിക വെബ്‌സൈറ്റില്‍ മോഡലിനെ കമ്പനി നല്‍കിക്കഴിഞ്ഞു. 8.76 ലക്ഷം രൂപ മുതലാണ് ബലെനോ RS ഫെയ്‌സ്‌ലിഫ്റ്റിന് വില. അതായത് നിലവിലെ പതിപ്പിനെക്കാള്‍ 29,000 രൂപ കൂടുതല്‍. മുമ്പ് 8.47 ലക്ഷം രൂപയായിരുന്നു ബലെനോ RS -ന് വില.

പുറംമോടിയിലും അകത്തളത്തിലും ചെറിയ പരിഷ്‌കാരങ്ങള്‍ നേടിയാണ് ബലെനോ RS ഫെയ്‌സ്‌ലിഫ്റ്റ് വില്‍പ്പനയ്ക്കു വരിക. ഏറ്റവും ഉയര്‍ന്ന ആല്‍ഫ വകഭേദം ആധാരമാവുന്ന ബലെനോ RS -ല്‍ ബമ്പറും ഗ്രില്ലും അലോയ് വീലുകളും മാറി. പുതിയ ബലെനോയിലേതുപോലെ വലിയ സെന്‍ട്രല്‍ എയര്‍ഡാം ബമ്പറില്‍ കാണാം.

ഫോഗ്‌ലാമ്പുകളും ബമ്പറില്‍ത്തന്നെ. ഗ്രില്ലിനും എയര്‍ഡാമിനും ഫോഗ്‌ലാമ്പുകള്‍ക്കും ഹണികോമ്പ് മെഷ് ചാരുത പകരും. പഴയ ബൈ-സീനോണ്‍ പ്രൊജക്ടര്‍ യൂണിറ്റിന് പകരം എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് ഇക്കുറി കാറില്‍. 16 ഇഞ്ച് വലുപ്പമുള്ള ഇരട്ടനിറ അലോയ് വീലുകളും മാറ്റങ്ങളില്‍ മുഖ്യം.

ഉള്ളിലെ നിറശൈലിയില്‍ പരിഷ്‌കാരങ്ങളുണ്ട്. രൂപഭാവത്തില്‍ കൂടുതല്‍ അക്രമണോത്സുകത ആവിഷ്‌കരിക്കാനാണ് RS ഫെയ്‌സ്‌ലിഫ്റ്റില്‍ കമ്പനി ശ്രമിക്കുന്നത്. നിലവിലുള്ള 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍തന്നെ പുതിയ പതിപ്പിലും തുടരും.

എഞ്ചിന് 101 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സാധാരണ ബലെനോ മോഡലുകള്‍ 82 bhp കരുത്തും 113 Nm torque -മാണ് കുറിക്കുന്നത്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ കാറിലുള്ളൂ. പെര്‍ഫോര്‍മന്‍സ് പതിപ്പായതുകൊണ്ട് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വേണ്ടെന്ന തീരുമാനത്തില്‍ മാരുതി അടിയുറച്ച് നില്‍ക്കുന്നു.

നാലു ടയറുകളിലുമുള്ള ഡിസ്‌ക്ക് ബ്രേക്കാണ് ബലെനോ RS -ന്റെ മറ്റൊരു വിശേഷം. സാധാരണ ബലെനോ മോഡലുകള്‍ക്ക് ഈ സവിശേഷതയില്ല. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിങ്ങനെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ആവശ്യമായ മുന്‍കരുതലുകള്‍ ബലെനോ RS -ലുണ്ട്.

പുതിയ ബലെനോയിലെ ഫീച്ചറുകള്‍ മുഴുവന്‍ RS പതിപ്പിലും പ്രതീക്ഷിക്കാം. കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ക്രമീരിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളും മറ്റു ബലെനോ RS വിശേഷങ്ങള്‍.

നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പെര്‍ഫോര്‍മന്‍സ് കാറുകളില്‍ ഒന്നാണ് ബലെനോ RS. വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ പോളോ GT TSI ആണ് മുഖ്യ എതിരാളി. കരുത്തിന്റെ കാര്യത്തില്‍ ബലെനോ RS -നെ പോളോ GT TSI കടത്തിവെട്ടും.

പോളോയിലെ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് 104 bhp കരുത്തും 175 Nm torque ഉം കുറിക്കാനാവും. ഏഴു സ്പീഡ് ഇരട്ട് ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കാറില്‍. വിപണിയില്‍ വിലയാകട്ടെ 9.58 ലക്ഷം രൂപ മുതലും. വിപണിയില്‍ അടുത്തിടെ വന്ന ടിയാഗൊ JTP -യും ബലെനോ RS -നുള്ള എതിരാളിയാണ്.
Source: Cartoq


Click it and Unblock the Notifications








