ഹെക്ടര്‍ ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് 20 ആഴ്ച്ചകള്‍, എംജി തരംഗം ശക്തം
ഇടത്തരം എസ്‌യുവി ശ്രേണിയില്‍ എംജി ഹെക്ടര്‍ തരംഗം ആഞ്ഞുവീശുകയാണ്. നിലവില്‍ എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇരുപതു ആഴ്ച്ചകള്‍വരെ കാത്തിരിക്കണം. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 12,000 -ത്തില്‍പ്പരം ആളുകള്‍ ഹെക്ടര്‍ ബുക്ക് ചെയ്തുകഴിഞ്ഞു; ഡിമാന്‍ഡ് കൂടിയതോടെ കാത്തിരിപ്പു കാലാവധിയും കുത്തനെ ഉയര്‍ന്നു.

പുതിയ അഞ്ചു സീറ്റര്‍ ഹെക്ടര്‍ എസ്‌യുവിയെ എംജി വിപണിയില്‍ അവതരിപ്പിച്ചിട്ട് ഒരാഴ്ച്ചപോലും പിന്നിട്ടിട്ടില്ല. 12.18 ലക്ഷം രൂപ മുതല്‍ വില്‍പ്പനയ്ക്ക് വരുന്ന എംജി അവതാരം ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500 മോഡലുകളുടെ വിപണിയിലേക്കാണ് അധിനിവേശം നടത്തുന്നത്. ബെയ്ജുന്‍ 530 എന്ന ചൈനീസ് മോഡലിനെ ആധാരമാക്കുന്ന എംജി ഹെക്ടര്‍ മൂന്നു എഞ്ചിന്‍ പതിപ്പുകള്‍ക്കൊപ്പമാണ് അണിനിരക്കുന്നത്.

1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. ഇതേസമയം പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ മോഡലുകള്‍ക്ക് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേയുള്ളൂ.

മുന്‍ വീല്‍ ഡ്രൈവ് പതിപ്പായാണ് ഹെക്ടറിനെ എംജി വില്‍ക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് ശേഷിയുള്ള ഹെക്ടറിനെ പുറത്തിറക്കാന്‍ എംജിക്ക് താത്പര്യമില്ല. 140 bhp കരുത്തും 250 Nm torque ഉം കുറിക്കാന്‍ ഹെക്ടറിലെ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ പ്രാപ്തമാണ്. ഡീസല്‍ എഞ്ചിന് 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാനാവും.

ശ്രേണിയിലെ ഏറ്റവും വലുപ്പമേറിയ എസ്‌യുവിയാണ് ഹെക്ടര്‍. നീളത്തിലും വീല്‍ബേസിലും എതിരാളികളെ ഹെക്ടര്‍ ബഹുദൂരം പിന്നിലാക്കുന്നു. 4.65 മീറ്റര്‍ നീളമുണ്ട് പുതിയ എംജി എസ്‌യുവിക്ക്. വീല്‍ബേസ് 2.75 മീറ്ററും. അടുത്തവര്‍ഷം ആദ്യപാദംതന്നെ ഏഴു സീറ്റര്‍ ഹെക്ടര്‍ മോഡലിനെയും വിപണിയില്‍ കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ എംജി തുടങ്ങി.

ഇന്ത്യന്‍ വിപണിയില്‍ പുതുമുഖമായതുകൊണ്ട് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ കമ്പനി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കിലോമീറ്റര്‍ പരിധിയില്ലാത്ത അഞ്ചു വര്‍ഷ വാറന്റിയും അഞ്ചു വര്‍ഷ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും ഹെക്ടര്‍ വാങ്ങാനുള്ള വലിയ പ്രലോഭനംതന്നെ.

ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ ഫീച്ചറുകളുള്ള എസ്‌യുവിയെന്ന വിശേഷണവും മത്സരത്തില്‍ ഹെക്ടറിന് മുതല്‍ക്കൂട്ടാവും. ഇന്റര്‍നെറ്റ് സൗകര്യമുള്ള കണക്ടഡ് എസ്‌യുവി ഗണത്തിലാണ് ഹെക്ടറിനെ എംജി അവതരിപ്പിക്കുന്നത്. ടെസ്‌ല കാറുകളുടെ മാതൃകയില്‍ ഉള്ളില്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് കുത്തനെയാണ്. 10.4 ഇഞ്ച് വലുപ്പമുണ്ട് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്ക്.

വിശാലമായ പാനരോമിക് സണ്‍റൂഫ്, ചായ്ച്ചുവെയ്ക്കാവുന്ന പിന്‍ സീറ്റുകള്‍, 587 ലിറ്റര്‍ ബൂട്ട് ശേഷി, എട്ടു നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ എന്നിവയെല്ലാം ഹെക്ടര്‍ വിശേഷങ്ങളില്‍പ്പെടും.


Click it and Unblock the Notifications