ഇ-മെയില്‍ വഴി ഉപഭോക്താക്കള്‍ക്ക് ഡെലിവറി ഉറപ്പ് നല്‍കി എംജി
ഇന്ത്യന്‍ വിപണിയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെയധികം നേട്ടങ്ങള്‍ കൈവരിച്ച വാഹനമാണ് എംജി ഹെക്ടര്‍. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ പുറത്തിറക്കിയ വാഹനത്തിന് നിലവില്‍ 21,000 ബുക്കിങുകളാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ എംജി പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് വാഹനം കൈ വരിച്ചത്.

അതിനാല്‍ തന്നെ നിര്‍മ്മാതാക്കളുടെ കണക്ക്കൂട്ടലുകള്‍ തെറ്റി. പ്രതിമാസം 2000 യൂണിറ്റുകള്‍ മാത്രം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നിര്‍മ്മാണശാല ഉപയോഗിച്ച് ഇത്ര വലിയ സംഖ്യ പെട്ടെന്ന് വിതരണം ചെയ്യുക എന്നത് അസാധ്യമായ കാര്യമാണ്.

ആയതിനാല്‍ വാഹനത്തിന്റെ ബുക്കിങ് നിര്‍മ്മാതാക്കള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പലയിടങ്ങളിലും വാഹനം ലഭിക്കാന്‍ പറയുന്ന കാലതാമസവും വ്യത്യാസമാണ്. ചിലയിടങ്ങളില്‍ എട്ട് മാസം വരെയാണ് ഉപഭോക്താക്കള്‍ കാത്തിരിക്കേണ്ടത്. കമ്പനിയുടെ ഹലോലിലുള്ള നിര്‍മ്മാണശാലയില്‍ ഒക്ടോബര്‍ മാസം മുതല്‍ നിലവില്‍ ഉത്പാദിപ്പിക്കുന്ന 2000 യൂണിറ്റുകള്‍ പ്രതിമാസം 3000 യൂണിറ്റുകളായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍.

അതോടൊപ്പം നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഓരൊരുത്തരുടേയും വാഹനത്തിന്റെ ഡെലിവറി മാസം ഉറപ്പു നല്‍കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയാണ് നിര്‍മ്മാതാക്കള്‍. വാഹനത്തിന്റെ ഡെലിവറികള്‍ക്കായി മാസങ്ങള്‍ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കുന്ന ഒരു ഉറപ്പാണിത്.

അടുത്തിടയ്ക്ക് ആവശ്യക്കാര്‍ ഏറിയതിനാല്‍ ബലമായി ബുക്കിങ്ങുകള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്ന രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളാണ് എംജി. ജാവയ്ക്കായിരുന്നു ആദ്യം ഈ സ്ഥിതി വന്നത്.

എന്നാല്‍ എത്ര ബുക്കിങ്ങുകള്‍ ലഭിച്ചെന്നോ, വാഹനത്തിന്റെ വില്‍പ്പന എത്രത്തോളമുണ്ടെന്നോ എന്നൊരു ഖണക്കുകളും കമ്പനി പുറത്തു വിട്ടിരുന്നില്ല. അതോടൊപ്പം ജാവ തങ്ങളുടെ ഉപഭോക്താക്കളെ കാര്യമായി പരിഗണിക്കാഞ്ഞത് നിരവധി പേര്‍ ബുക്കിങ്ങുകള്‍ വേണ്ടെന്ന് വച്ച് എതിരാളികളായ റോയല്‍ എന്‍ഫീല്‍ഡിലേക്ക് തിരിയാന്‍ കാരണമായി.

അടുത്ത മാസം കിയ സെല്‍റ്റോസ് പുറത്തിറങ്ങുമ്പോള്‍ ജാവയ്ക്കു സംഭവിച്ച ഗതി വരാതിരിക്കാനാണ് എംജി നോക്കുന്നത്. നിലവില്‍ ബുക്കിങ് ലഭിച്ചവ എത്രയും പെട്ടെന്ന് വിതരണം ചെയ്ത് വീണ്ടും സജ്ജീവമാവായില്ലെങ്കില്‍ കിയ സെല്‍റ്റോസും, ടാറ്റ ഹാരിയറും തങ്ങളുടെ വിപണി കൈയ്യടക്കുമെന്ന ഭയം നിര്‍മ്മാതാക്കള്‍ക്ക് നന്നായിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ബുക്കിങ് എന്ന് പുനരാരംഭിക്കും എന്നതിനെക്കുറിച്ച് ഒന്നും പറയാനാവില്ല. ഇപ്പോൾ ലഭിച്ചിരിക്കുന്ന ബുക്കിങ്ങുകളും കാലതാമസവും കണക്കിലെടുത്താല്‍ കുറച്ച് കാലത്തേക്ക് നിര്‍മ്മാതാക്കള്‍ ഇനി ഉത്പാദനത്തിന്റെയും ഡെലിവറിയുടേയും പിന്നിലാവും എന്നത് വ്യക്തമാണ്.

ഹെക്ടറിന്റെ പ്രാരംഭ പതിപ്പിന് 12.18 ലക്ഷം രൂപ മുതല്‍ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 16.88 ലക്ഷം രൂപ വരെയാണ് വില. ശ്രേണിയിലെ ഏറ്റവും വലുപ്പമേറിയ എസ്‌യുവിയാണ് ഹെക്ടര്‍. 4.65 മീറ്റര്‍ നീളവും 2.75 മീറ്റർ വീല്‍ബേസും എസ്‌യുവിക്കുണ്ട് . വാഹനത്തിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ 2020 -ൽ പ്രാരംഭത്തിൽ തന്നെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ എംജി തുടങ്ങി കഴിഞ്ഞു.

1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാനുള്ള സൌകര്യങ്ങളുണ്ട്.

പെട്രോള്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ നിർമ്മാതാക്കൾ നൽകുന്നുണ്ട്. എന്നാൽ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങള്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിൽ മാത്രമേ ലഭിക്കുകയുള്ളൂ.

ഹെക്ടറിലെ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ 140 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. ഡീസല്‍ എഞ്ചിന് 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാൻ കഴിയും. ഇതിനിടയിൽ 100 കിലോമീറ്റർ മാത്രം ഓടിയ ഹെക്ടറിന്റെ ഡീസൽ പതിപ്പ് OLX -ൽ പ്രത്യക്ഷപ്പെട്ടതും വൻ കൌതുകമായി. 20 ലക്ഷം രൂപയ്ക്കു വാങ്ങിയ വാഹനം 23 ലക്ഷം രീപയ്ക്കാണ് ഉടമസ്ഥൻ OLX -ൽ വിൽപ്പനയ്ക്കിട്ടിരിക്കുന്നത്. വാഹനത്തിനായി കാത്തിരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇതൊരു നല്ല ഓപ്ഷനാണ്.


Click it and Unblock the Notifications








