ഇതാണ് ഫെബ്രുവരി 22 -ന് വരുന്ന 2019 ഫോര്‍ഡ് എന്‍ഡവര്‍
ഫെബ്രുവരി 22 -ന് പുത്തന്‍ എന്‍ഡവര്‍ വിപണിയില്‍ വരാനിരിക്കെ ഫോര്‍ഡ് എസ്‌യുവിയെ മറകളേതുമില്ലാതെ ക്യാമറ പിടികൂടി. കഴിഞ്ഞവര്‍ഷം തായ്‌ലാന്‍ഡില്‍ വില്‍പ്പനയ്ക്ക് വന്ന എവറസ്റ്റ് പതിപ്പിനെ ഏറിയപ്പങ്കും പകര്‍ത്തിയാണ് 2019 എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഇവിടെ വില്‍പ്പനയ്‌ക്കെത്തുക.
ഡിസൈനിലും ഫീച്ചറുകളിലും ഫോര്‍ഡ് കൈക്കൊണ്ടിരിക്കുന്ന പരിഷ്‌കാരം എസ്‌യുവിക്ക് പുതുമ സമര്‍പ്പിക്കും. ഇക്കുറി പുതിയ നിറപ്പതിപ്പുകളും എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിലുണ്ട്. ഇളംതവിട്ട് നിറമുള്ള എന്‍ഡവര്‍ പതിപ്പാണ് ക്യാമറയ്ക്ക് മുന്നില്‍പ്പെട്ടത്.

എസ്‌യുവിയുടെ ഗ്രില്ല് കമ്പനി പരിഷ്‌കരിച്ചു. ഗ്രില്ലിലെ ക്രോം സ്ലാറ്റിന് വീതിയും വണ്ണവും കൂടി. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് മാറ്റമില്ല. എന്നാല്‍ ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍ ഘടനയില്‍ പുതുമ അനുഭവപ്പെടും. വീതികൂടിയ സെന്‍ട്രല്‍ എയര്‍ഡാം ബമ്പറിലേക്ക് ശ്രദ്ധക്ഷണിക്കാന്‍ ധാരാളം. എയര്‍ഡാമിന് ചുറ്റും കട്ടിയുള്ള സില്‍വര്‍ ഫ്രെയിമും ഒരുങ്ങുന്നുണ്ട്. ചെറിയ പരിഷ്‌കാരം ഫോഗ്‌ലാമ്പുകളില്‍ കാണാം. അതേസമയം സ്‌കിഡ് പ്ലേറ്റില്‍ കമ്പനി കൈകടത്തിയിട്ടില്ല.

ഇരട്ട സ്‌പോക്ക് അലോയ് വീലുകള്‍ ഇത്തവണ എന്‍ഡവറിന് കൂടുതല്‍ പക്വത ഉറപ്പുവരുത്തും. മുന്‍ വീല്‍ ആര്‍ച്ചിന് മുകളിലെ എഞ്ചിന്‍ ബാഡ്ജ് പുതിയ പതിപ്പിലും തുടരുന്നു. മിററുകളിലും റൂഫ് റെയിലുകളിലും ഫൂട്ട്‌ബോര്‍ഡിലും മാറ്റമില്ല. പിറകിലും ചിത്രമിതുതന്നെ. എടുത്തുപറയത്തക്ക പരിഷ്‌കാരങ്ങളൊന്നും മോഡലിന് സംഭവിച്ചിട്ടില്ല. ടെയില്‍ലാമ്പുകളും മേല്‍ക്കൂരയിലെ സ്‌പോയിലറും സ്‌റ്റോപ്പ് ലാമ്പും ബമ്പറുമെല്ലാം മുന്‍തലമുറയിലേതാണ്.

ഉള്ളിലും നാമമാത്രമായിരിക്കും പുതുമ. അതേസമയം കമ്പനിയുടെ ഏറ്റവും പുതിയ SYNC3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം 2019 എന്‍ഡവറിന്റെ ആകര്‍ഷണീയത കൂട്ടും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും. ഡ്രൈവര്‍ക്കും മുന്‍സീറ്റ് യാത്രക്കാരനും വേണ്ടി പവര്‍ സീറ്റുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ തുടങ്ങിയവ സൗകര്യങ്ങള്‍ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

പനാരോമിക് സണ്‍റൂഫുണ്ടാവുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. എഞ്ചിനിലാവും ഇക്കുറി നിര്‍ണായക മാറ്റം സംഭവിക്കുക. പുതിയ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, പഴയ 2.2 ലിറ്റര്‍ യൂണിറ്റിന് പകരമായി ഇടംപിടിക്കും. ട്രെന്‍ഡ്, ടൈറ്റാനിയം എന്നീ പ്രാരംഭ മോഡലുകളിലായിരിക്കും പുതിയ 2.0 ലിറ്റര്‍ എഞ്ചിന്‍ തുടിക്കുക. ഉയര്‍ന്ന മോഡലില്‍ നിലവിലെ 3.2 ലിറ്റര്‍ TDCi ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍തന്നെ തുടരും. 200 bhp കരുത്തും 470 Nm torque -മാണ് എഞ്ചിന്‍ സൃഷ്ടിക്കുക.

ഫോര്‍ഡിന്റെ ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇരു എഞ്ചിന്‍ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ സജ്ജീകരണങ്ങള്‍ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

നിലവില്‍ 2019 എന്‍ഡവര്‍ ബുക്കിംഗ് ഫോര്‍ഡ് ഡീലര്‍ഷിപ്പുകള്‍ തുടരുകയാണ്. ബുക്കിംഗ് തുക ഒരുലക്ഷം രൂപ. കമ്പനിയുടെ ചെന്നൈ ശാലയില്‍ നിന്നാണ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തുക. ഉത്പാദനം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4 എന്നിവരുമായി ഫോര്‍ഡ് എന്‍ഡവര്‍ മത്സരിക്കും.
Spy Image Source: Team-BHP


Click it and Unblock the Notifications








