രണ്ടാം അങ്കത്തിന് ഹോണ്ട സിവിക് ഇറങ്ങുമ്പോള്‍
മാര്‍ച്ചില്‍ പുതുതലമുറ ഹോണ്ട സിവിക്ക് തിരിച്ചുവരാനിരിക്കെ സെഡാന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. രണ്ടാമങ്കത്തിന് വേണ്ട മുന്നൊരുക്കങ്ങളെല്ലാം സിവിക്ക് നടത്തിയിരിക്കുന്നു.
2013 -ല്‍ വില്‍പ്പനയില്ലാത്തതിനെ തുടര്‍ന്നായിരുന്നു സിവിക്കിനെ കമ്പനി ഇന്ത്യയില്‍ നിര്‍ത്തിയത്. മാര്‍ച്ചില്‍ത്തന്നെ മോഡലിന്റെ ഡെലിവറി തുടങ്ങുമെന്നാണ് വിവരം. മുന്‍തലമുറയെക്കാള്‍ ആഢ്യത്തവും പ്രൗഢിയും തിരിച്ചുവരുന്ന പത്താംതലമുറ സിവിക്കിനുണ്ട്. ക്യാമറ പകര്‍ത്തിയ ചിത്രങ്ങളിലും ഇതുകാണാം.

പക്വത അടിവരയിടുന്ന മുഖച്ഛായയാണ് പുതിയ സിവിക്കിന്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും കാറിന് ഗൗരവം പകരും. സെഡാനെക്കാളുപരി ഫാസ്റ്റ്ബാക്ക് ശൈലിയാണ് സിവിക്കിന് അഴകേകുന്നത്. മേല്‍ക്കൂര C ആകൃതിയുള്ള ടെയില്‍ലാമ്പുകളിലേക്ക് ചാഞ്ഞിറങ്ങുന്നു.

18 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ പാര്‍ശ്വങ്ങളില്‍ സിവിക്കിന്റെ ആകര്‍ഷണീയത കൂട്ടും. ആഗോള വിപണിയില്‍ സിവിക്കിന്റെ പെര്‍ഫോര്‍മന്‍സ് പതിപ്പ്, സിവിക് ടൈപ്പ്-R -നെയും കമ്പനി കാഴ്ച്ചവെക്കുന്നുണ്ട്. എന്നാല്‍ മോഡലിന്റെ ഇന്ത്യന്‍ സാധ്യത വിരളമായിരിക്കും. 1.8 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഏര്‍ത്ത്ഡ്രീംസ് ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ സിവിക്കില്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പെട്രോള്‍ എഞ്ചിന്‍ 140 bhp വരെ കരുത്തു കുറിക്കും. ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക 120 bhp കരുത്തും. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പ്രതീക്ഷിക്കാം. അതേസമയം പെട്രോള്‍ വകഭേദങ്ങളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനലായി ഒരുങ്ങും. രാജ്യാന്തര നിരയില്‍ ഡീസല്‍ ഓട്ടോമാറ്റിക് സിവിക്കുണ്ടെങ്കിലും മോഡലിനെ തത്കാലം ഇന്ത്യയില്‍ കൊണ്ടുവരേണ്ടെന്നാണ് ഹോണ്ടയുടെ തീരുമാനം.

കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായാണ് പുതിയ സിവിക് വില്‍പ്പനയ്ക്ക് എത്തുക. അതായത് കിറ്റുകളായി ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ നോയിഡ ശാലയില്‍ നിന്ന് സംയോജിപ്പിച്ച് കാറിനെ കമ്പനി അണിനിരത്തും. ഹോണ്ട CR-V ഒരുങ്ങുന്നതും ഇതേ ശാലയില്‍ വെച്ചാണ്.

ഉള്ളില്‍ സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും യാതൊരു കുറവും സിവിക് വരുത്തില്ല. വൈദ്യുത സണ്‍റൂഫ്, തുകല്‍ സീറ്റുകള്‍, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയെല്ലാം സിവിക്കിലുണ്ടാവും. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകളാണ് കാറില്‍ ഇടംകണ്ടെത്തുക. ട്രാക്ഷന്‍ കണ്‍ട്രോളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രോണിക്ക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും ഫലപ്രദമായ സുരക്ഷ ഉറപ്പുവരുത്തും. ഉയര്‍ന്ന മോഡലുകളില്‍ ലെയ്ന്‍ അസിസ്റ്റ് സംവിധാനം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ്, കൊളീഷന്‍ വാര്‍ണിംഗ് തുടങ്ങിയ നവീന സംവിധാനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കാം.

ആഗോള വിപണിയില്‍ ഹോണ്ടയുടെ ഏറ്റവും വില്‍പ്പനയുള്ള കാറാണ് സിവിക്. 170 രാജ്യങ്ങളിലായി 240 കോടി സിവിക് ഉടമകള്‍ ഇന്നു ലോകത്തുണ്ട്. ഇന്ത്യയില്‍ പ്രീമിയം കാറായി തിരിച്ചുവരുന്ന സിവിക്കിന് ടൊയോട്ട കൊറോള ആള്‍ട്ടിസിനെക്കാളും സ്‌കോഡ ഒക്ടാവിയയെക്കാളും ഹ്യുണ്ടായി എലാന്‍ട്രയെക്കാളും വില കരുതാം.
Spy Image Source: Team-BHP


Click it and Unblock the Notifications








