പുതിയ പരിഷ്കാരങ്ങളോടെ 2020 നിസാൻ ലീഫ്
അടുത്ത വർഷം നിസാൻ ലീഫ് ഇവി അതിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ്, ഈ സന്ദർഭത്തിൽ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ കാറിന്റെ പരിഷ്കരിച്ച പതിപ്പ് സ്വദേശത്ത് പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

ഇതിനോടനുബന്ധിച്ച് വാഹനത്തിന് രണ്ട് പുതിയ രണ്ട് നിറങ്ങൾക്കൊപ്പം കുറച്ച് അധിക സവിശേഷതകളും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഇലക്ട്രിക് ഹാച്ച്ബാക്ക് കാന്റോ എന്ന നിസാന്റെ സിഗ്നേച്ചർ പ്രൊജക്റ്റ്ഡ് ശബ്ദത്തോടെയാണ് എത്തുന്നത്, ഇവികൾക്ക് എഞ്ചിൻ ശബ്ദമില്ലാത്തതിനാൽ ഇത് കാൽനടയാത്രക്കാർക്കും ട്രാഫിക്കിലെ മറ്റ് ഡ്രൈവർമാർക്കും ലീഫ് വരുന്നത് അറിയാൻ സഹായിക്കുന്നു.

പ്രൊപൈലറ്റ് ഡ്രൈവിംഗ് അസിസ്റ്റൻസിൽ ഇപ്പോൾ സ്പീഡ് കൺട്രോളും പാർക്ക് സിസ്റ്റവും അവതരിപ്പിക്കുന്നു. കൂടാതെ, 2020 ലീഫിന് ഇന്റലിജന്റ് ബ്ലൈൻഡ് സ്പോട്ട് മോണിറ്റരിംഗ് സിസ്റ്റവും ലഭിക്കുന്നു.

സ്റ്റാൻഡേർഡായി 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡോർ ടു ഡോർ നാവിഗേഷൻ, OTA മാപ്പ് അപ്‌ഡേറ്റുകൾ, ഡോകോമോ ഇൻ-കാർ കണക്റ്റ് സിസ്റ്റം എന്നിവ പരിഷ്കരിച്ച ഇവിയിൽ ലഭ്യമാണ്.

ഗൂഗിൾ സെർച്ച് ഉപകരണങ്ങളും കാറിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, ലീഫ് ലോക്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ ഉടമകളെ സഹായിക്കാൻ ഒരു സമർപ്പിത അപ്ലിക്കേഷനും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

വിവിഡ് ബ്ലൂ, സ്റ്റെൽത്ത് ഗ്രേ എന്നിവയാണ് വാഹനത്തിൽ ഒരുങ്ങുന്ന പുതിയ രണ്ട് നിറങ്ങൾ. എല്ലാ പതിപ്പുകൾക്കും ഇപ്പോൾ സ്റ്റാൻഡേർഡായി ഒരു ഷാർക്ക് ഫിൻ ആന്റിനയും കമ്പനി നൽകുന്നു.

സ്‌പോർട്ടിയായ ലീഫ് ഓട്ടോക് വകഭേദത്തിനും സമാന സവിശേഷതകളോടെ നിർമ്മാതാക്കൾ പരിഷ്കരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇതിന് ‘സൂപ്പർ ബ്ലാക്ക്' റൂഫിനൊപ്പം സവിശേഷമായ ‘അറോറ ഫ്ലെയർ ബ്ലൂ പേൾ' നിറമാണ് ലഭിക്കുന്നത്.

110 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ലീഫിന്റെ മുൻ ചക്രങ്ങൾക്ക് കരുത്തേകുന്നത്. 147 bhp കരുത്ത് നൽകുന്ന മോട്ടറിനൊപ്പം 40 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

ഉയർന്ന പതിപ്പുകളിൽ 160 കിലോവാട്ട് ഇലക്ട്രിക് മോട്ടറും ഇവിക്ക് ലഭിക്കുന്നു, ഇത് 214 bhp കരുത്ത് പുറപ്പെടുവിക്കും. 62 കിലോവാട്ട് വലിയ ബാറ്ററി പായ്ക്കാണ് ഇവയിൽ വരുന്നത്.

സ്വന്തം രാജ്യത്ത് നിസാൻ മോട്ടോർ ലിമിറ്റഡ് 3,326,400 ജാപ്പനീസ് യെൻ എന്ന ആരംഭ വിലയ്ക്കാണ് ലീഫ് ഇവി വിൽക്കുന്നത്, ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 21.54 ലക്ഷം രൂപയാണ്.

സ്പോർട്സ് അധിഷ്ഠിത ഓടെക് പതിപ്പിന് 4,094,200 ജാപ്പനീസ് യെൻ വിലയുണ്ട്, ഇത് ഏകദേശം 26.52 ലക്ഷം രൂപയാണ്. 2020 നിസാൻ ലീഫ് അന്താരാഷ്ട്ര വിപണികളിൽ ഷെവർലെ ബോൾട്ട്, ടെസ്ല മോഡൽ 3, ഹ്യുണ്ടായി അയോണിക്, ഫോക്‌സ്‌വാഗണ്‍ ഇ-ഗോൾഫ് എന്നിവയോട് മത്സരിക്കുന്നു.


Click it and Unblock the Notifications








