സുസുക്കിയുടെ പുതിയ ആള്‍ട്ടോ ഒക്ടോബറില്‍
ഈ വര്‍ഷം ഒക്ടോബറില്‍ പുതുതലമുറ ആള്‍ട്ടോയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കി. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര വിപണിയില്‍ ആള്‍ട്ടോ പഴഞ്ചനായി തുടരുകയാണ്. 2014 -ലാണ് ഹാച്ച്ബാക്കിനെ സുസുക്കി ഏറ്റവുമൊടുവില്‍ പുതുക്കിയത്. പഴക്കം അഞ്ചുവർഷത്തിലേറെ.

നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ആള്‍ട്ടോയും രാജ്യാന്തര വിപണിയിലുള്ള ആള്‍ട്ടോയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ആള്‍ട്ടോയെ മാരുതി ഇവിടെ പുറത്തിറക്കുന്നത്. ഇക്കാരണത്താല്‍ രാജ്യാന്തര പതിപ്പില്‍ നിന്നും വേറിട്ട രൂപഭാവം ഇന്ത്യന്‍ ആള്‍ട്ടോയ്ക്ക് ലഭിക്കുന്നു. പുതിയ വാഗണ്‍ആറിന്റെ കാര്യത്തിലും ചിത്രം ഇതുതന്നെ.

എന്തായാലും പുതിയ ആള്‍ട്ടോയ്ക്ക് HEARTECT അടിത്തറയായിരിക്കും സുസുക്കി കല്‍പ്പിക്കുക. ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഒട്ടുമിക്ക മാരുതി കാറുകളും ഇന്ന് HEARTECT അടിത്തറയാണ് ഉപയോഗിക്കുന്നത്. കുറഞ്ഞ ഭാരമാണ് HEARTECT അടിത്തറയുടെ പ്രധാന സവിശേഷത.

ഭാരം കുറവെങ്കിലും ദൃഢതയില്‍ വിട്ടുവീഴ്ച്ച സംഭവിക്കില്ലെന്ന് സുസുക്കി പറയുന്നു. കൂടുതല്‍ സ്‌പോര്‍ടി പരിവേഷം പുതുതലമുറ ആള്‍ട്ടോയ്ക്ക് പ്രതീക്ഷിക്കാം. പുതിയ ബമ്പറുകളും ഹെഡ്‌ലാമ്പുകളും ഉള്‍പ്പെടെ ആള്‍ട്ടോയെ കമ്പനി ഉടച്ചുവാര്‍ക്കും.

അതേസമയം ഹാച്ച്ബാക്കിന്റെ ആകാരത്തില്‍ ഇടപെടാന്‍ സുസുക്കിയ്ക്ക് താത്പര്യമില്ലെന്നാണ് വിവരം. ജാപ്പനീസ് വിപണിയില്‍ വില്‍പ്പനയിലുള്ള ആള്‍ട്ടോ ഹാച്ച്ബാക്ക് കാഴ്ച്ചയില്‍ ഏറെ അഗ്രസീവാണ്. സാധാരണ ആള്‍ട്ടോയ്ക്ക് പുറമെ പ്രത്യേക 'വര്‍ക്ക്‌സ്' പതിപ്പിനെയും മോഡല്‍ നിരയില്‍ സുസുക്കി അവതരിപ്പിക്കുന്നുണ്ട്.

ആള്‍ട്ടോയുടെ ഉയര്‍ന്ന സ്‌പോര്‍ടി പരിവേഷമാണ് വര്‍ക്ക്‌സ്. ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലില്ല. നിലവിലുള്ള 660 സിസി എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ആള്‍ട്ടോയ്ക്കും സുസുക്കി നല്‍കുക. പുത്തന്‍ ജിമ്‌നിയിലും ഇതേ എഞ്ചിനാണ് തുടിക്കുന്നത്.
Most Read: പുതിയ വാഗണ്‍ആറും ബലെനോയും തുണച്ചില്ല, ജനുവരിയില്‍ വളര്‍ച്ചയില്ലാതെ മാരുതി

എഞ്ചിന് 50 bhp കരുത്തും 63 Nm torque ഉം പരമാവധി കുറിക്കാനാവും. 37 കിലോമീറ്റര്‍ മൈലേജുണ്ട് ജാപ്പനീസ് വിപണിയിലുള്ള ആള്‍ട്ടോയ്ക്ക്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഇന്ത്യയിലും ആള്‍ട്ടോയെ പുതുക്കാന്‍ മാരുതി ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്.

BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഇപ്പോഴത്തെ ആള്‍ട്ടോയ്ക്ക് കഴിയില്ല. ക്രാഷ് ടെസ്റ്റ് കടമ്പ കടന്നാല്‍ മാത്രമെ വരുംഭാവിയില്‍ കാറുകളെ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുവാദമുള്ളൂ.

ഇക്കാരണത്താല്‍ വാഗണ്‍ആറിനെ പോലെ HEARTECT അടിത്തറയിലേക്ക് ഇന്ത്യന്‍ ആള്‍ട്ടോയും ചേക്കേറും. ഹാച്ച്ബാക്കിന്റെ വലുപ്പം കൂടുമെന്ന് സൂചനയുണ്ട്. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവ മുഴുവന്‍ വകഭേദങ്ങളിലും അടിസ്ഥാനമായി ഒരുങ്ങും.

മത്സരം കണക്കിലെടുത്ത് ആള്‍ട്ടോയെ കൂടുതല്‍ ആധുനികമായി മാറ്റാനാവും മാരുതി ശ്രമിക്കുക. പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ ഡാറ്റ്സന്‍ റെഡി-ഗോയും റെനോ ക്വിഡും ശക്തമായ ഭീഷണി മുഴക്കുന്ന അവസരത്തില്‍ പുതുതലമുറ ആള്‍ട്ടോയുടെ വരവ് മാരുതിയെ സംബന്ധിച്ചു നിര്‍ണായകമാണ്.


Click it and Unblock the Notifications








