ബസെഡ് എന്ന പേര് തള്ളിപ്പോയി, പുതിയ ടാറ്റ എസ്‌യുവി വരിക 'കസീനി'യായി
ഈ വര്‍ഷം രണ്ടു പുതിയ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ ടാറ്റ അവതരിപ്പിക്കും - ആള്‍ട്രോസ് ഹാച്ച്ബാക്കും ബസെഡ് എസ്‌യുവിയും. ഇരു മോഡലുകളുടെയും പ്രൊഡക്ഷന്‍ പതിപ്പിനെ ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി അനാവരണം ചെയ്തിരുന്നു. ഇതില്‍ പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസ്, മാരുതി ബലെനോയ്ക്ക് എതിരെ നിരയില്‍ ആദ്യം കടന്നുവരും. ഹാരിയറിനെ ആധാരമാക്കി ടാറ്റ ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ ഏഴു സീറ്റര്‍ എസ്‌യുവിയാണ് ബസെഡ്.

ഇന്ത്യന്‍ വിപണിയില്‍ ബസെഡ് എന്നായിരിക്കില്ല മോഡലിന് പേരെന്ന് കമ്പനി ആദ്യമേ സൂചിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 'കസീനി' എന്ന പേരിലാകും പുതിയ ടാറ്റ എസ്‌യുവി ഇങ്ങോട്ടു വരിക. ഇന്ത്യയില്‍ ബസെഡ് എന്ന പേരിന് വേണ്ടി സമര്‍പ്പിച്ച പേറ്റന്റ് തള്ളിപ്പോയതിനെ തുടര്‍ന്നാണ് കസീനി എന്ന പേരിലേക്ക് ടാറ്റ ചേക്കേറിയത്. അതേസമയം യൂറോപ്യന്‍ വിപണിയില്‍ ബസെഡ് എന്നുതന്നെ മോഡല്‍ അറിയപ്പെടും.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും നാസയും സംയുക്തമായി വികസിപ്പിച്ച കൃത്രിമ ഉപഗ്രഹം കസീനി ഹൈജന്‍സ്, പുതിയ എസ്‌യുവിയുടെ പേരിന് പ്രചോദനമായി. ടാറ്റ നിരയില്‍ ഹെക്‌സയ്ക്കും മുകളിലാണ് പുതിയ കസീനിക്ക് സ്ഥാനം. ഹാരിയറിന്റെ ഡിസൈന്‍ പങ്കിടുന്നുണ്ടെങ്കിലും തനത് വ്യക്തിത്വം കസീനിക്കുണ്ട്. ലാന്‍ഡ് റോവര്‍ D8 ആര്‍ക്കിടെക്ച്ചറില്‍ അധിഷ്ഠിതമായ OMEGA (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) അടിത്തറ പുതിയ എസ്‌യുവിയും പങ്കിടും.

വീല്‍ബേസില്‍ മാറ്റമില്ലെങ്കിലും മൂന്നാംനിര സീറ്റുകള്‍ ഒരുങ്ങുന്നതുകൊണ്ട് ഹാരിയറിനെക്കാള്‍ നീളം കസീനി കുറിക്കും. 2,741 mm ആണ് മോഡലിന്റെ വീല്‍ബേസ്. നീളം 4,660 mm. 18 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍, ഫൂട്ട് ബോര്‍ഡുകള്‍, റൂഫ് റെയിലുകള്‍ തുടങ്ങിയ സവിശഷതകള്‍ പുതിയ എസ്‌യുവിയെ ഹാരിയറില്‍ നിന്ന് വേറിട്ടുനിര്‍ത്തും.
Most Read: നിയന്ത്രണം വിട്ട ഹാരിയര്‍ മരത്തിൽ ഇടിച്ചുകയറി, മുന്‍ഭാഗംതരിപ്പണം — വീഡിയോ

പിറകില്‍ സമകാലിക എസ്‌യുവി സങ്കല്‍പ്പങ്ങളോട് കസീനി നീതി പുലര്‍ത്തുന്നത് കാണാം. പരിഷ്‌കരിച്ച C പില്ലര്‍, ക്വാര്‍ട്ടര്‍ ഗ്ലാസിന് ഇടമൊരുക്കുന്നു. വലുപ്പമേറിയ പിന്‍ വിന്‍ഡ്ഷീല്‍ഡും പരന്ന മേല്‍ക്കൂരയും മോഡലിന് ബോക്സി ഘടനയാണ് സമര്‍പ്പിക്കുന്നത്. മേല്‍ക്കൂരയില്‍ നിന്നും ഉത്ഭവിക്കുന്ന വലിയ സ്പോയിലറും ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. എന്തായാലും ഫാമിലി എസ്‌യുവി ആഗ്രഹം കൊണ്ടുനടക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ടാറ്റ കസീനിക്ക് കഴിയുമെന്ന കാര്യമുറപ്പ്.

മോഡലിന്റെ അകത്തളത്തില്‍ കൂടുതല്‍ വിശാലത പ്രതീക്ഷിക്കാം. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ബ്രേക്ക് അസിസ്റ്റ്, എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ കസീനി വകഭേദങ്ങളില്‍ മുഴുവന്‍ കമ്പനിക്ക് ഉറപ്പുവരുത്തേണ്ടതായുണ്ട്.

ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് എഞ്ചിനാണ് കസീനിയിലും. നിലവില്‍ 140 bhp കരുത്തും 350 Nm torque ഉം ഹാരിയര്‍ കുറിക്കുന്നുണ്ട്. എന്നാല്‍ ഏഴു സീറ്റര്‍ കസീനിയില്‍ കരുത്തുത്പാദനം കൂടും. 170 bhp വരെ കരുത്തുകുറിക്കാന്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റിന് കഴിയുമെന്നാണ് വിവരം.

ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ ഒരുങ്ങും. വിപണിയില്‍ 15 ലക്ഷം മുതല്‍ മോഡലിന് വില കരുതുന്നതില്‍ തെറ്റില്ല. മഹീന്ദ്ര XUV500 -യുമായാകും ടാറ്റ കസീനിയുടെ പ്രധാന അങ്കം.
Source: Financial Express


Click it and Unblock the Notifications








