ഇരട്ടനിറത്തില്‍ ടാറ്റ ഹാരിയര്‍, വില 16.76 ലക്ഷം രൂപ
ട്രെന്‍ഡ് മാറി. ഒരൊറ്റ നിറമുള്ള കാറുകളോട് ഉപഭോക്താക്കള്‍ക്ക് താത്പര്യം കുറഞ്ഞു. ഇരട്ടനിറമെങ്കില്‍ കാറിന് കൂടുതല്‍ സ്‌പോര്‍ടി പ്രതിച്ഛായ ലഭിക്കുമെന്ന വിശ്വാസമാണ് വിപണി മുറുക്കെപ്പിടിക്കുന്നത്. ഈ അവസരത്തില്‍ ഹാരിയറിന് പുതിയ ഇരട്ടനിറഭേദങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ.

ജനുവരിയില്‍ അഞ്ചു നിറങ്ങളിലാണ് ടാറ്റ ഹാരിയര്‍ വില്‍പ്പനയ്ക്ക് വന്നത്. പക്ഷെ കൂട്ടത്തില്‍ ഇരട്ടനിറപതിപ്പിനെ നല്‍കാന്‍ മാത്രം കമ്പനി കൂട്ടാക്കിയില്ല. ഇപ്പോള്‍ ഈ പരാതി ടാറ്റ തീര്‍ത്തിരിക്കുന്നു. ഇരട്ടനിറ വര്‍ണത്തില്‍ ടാറ്റ ഹാരിയര്‍ വിപണിയിലെത്തി. പുതിയ നിറപതിപ്പിന്റെ വില കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

കേവലം ഹാരിയറിന്റെ ഏറ്റവും ഉയര്‍ന്ന XZ മോഡലില്‍ മാത്രമേ ഇരട്ടനിറം ലഭ്യമാവുകയുള്ളൂ. നിലവില്‍ 16.55 ലക്ഷം രൂപയാണ് XZ വകഭേദത്തിന് ഷോറൂം വില. ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ ഇരട്ടനിറം തിരഞ്ഞെടുത്താല്‍ എസ്‌യുവിയുടെ വില 20,000 രൂപ കൂടി വര്‍ധിക്കും. അതായത്, 16.76 ലക്ഷം രൂപയാവും ഇരട്ടനിറമുള്ള ഹാരിയര്‍ XZ മോഡലിന് വില (ദില്ലി ഷോറൂം).

പുതിയ ഹാരിയര്‍ നിറപതിപ്പ് ഡീലര്‍ഷിപ്പുകളില്‍ വന്നുതുടങ്ങിയെന്നാണ് വിവരം. ഇരട്ടനിറമുള്ള ഹാരിയര്‍ മോഡലിന്റെ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ നാളുകള്‍ക്ക് മുന്‍പേ ആംഭിച്ചിരുന്നു. ബുക്ക് ചെയ്തവര്‍ക്ക് ജൂലായ് രണ്ടാംവാരം മുതല്‍ എസ്‌യുവി ലഭിച്ചുതുടങ്ങും. നിലവില്‍ ഇടത്തരം എസ്‌യുവികള്‍ക്കിടയിലെ മിന്നും താരമാണ് ടാറ്റ ഹാരിയര്‍.

എന്നാല്‍ ശ്രേണിയില്‍ പുത്തന്‍ എതിരാളികള്‍ ചുവടുറപ്പിക്കുന്നതോടെ ഹാരിയറിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടാം. വിലയിലും ഫീച്ചറുകളിലും ഹാരിയറിന്റെ നിറംകെടുത്തി എംജി ഹെക്ടര്‍ വിപണിയില്‍ വന്നുകഴിഞ്ഞു. വൈകാതെ കിയ സെല്‍റ്റോസ് എസ്‌യുവിയും ഈ നിരയില്‍ അവതരിക്കും. ഇരു എസ്‌യുവികളിലും ഇരട്ടനിറമുള്ള പതിപ്പുകള്‍ അണിനിരക്കുന്നുണ്ട്.

നിറശൈലി മാറിയെന്നതൊഴിച്ചാല്‍ മറ്റു കാര്യമായ വ്യത്യാസങ്ങളൊന്നും ഹാരിയര്‍ XZ അവകാശപ്പെടില്ല. ഏറ്റവും ഉയര്‍ന്ന മോഡലായതുകൊണ്ട് മേന്മയേറിയ ഒരുപാട് ഫീച്ചറുകള്‍ ഹാരിയര്‍ XZ -യിലുണ്ട്. സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പിന്‍ എസി വെന്റുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, വിവിധ എഞ്ചിന്‍ മോഡുകള്‍, ഡ്രൈവ് മോഡുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ എന്നിവയെല്ലാം എസ്‌യുവിയുടെ പകിട്ടു വര്‍ധിപ്പിക്കും.

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്. 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. എഞ്ചിന്‍ 140 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കും.

നിലവില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ഹാരിയറിലുളളൂ. എന്നാല്‍ വൈകാതെ ഹാരിയര്‍ ഓട്ടോമാറ്റിക്കിനെയും വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. ഹ്യുണ്ടായിയുടെ ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സായിരിക്കും ഹാരിയര്‍ ഓട്ടോമാറ്റിക്കില്‍ ഇടംപിടിക്കുക. കൂടുതല്‍ കരുത്തു കുറിക്കുന്ന ഹാരിയര്‍ ബിഎസ് VI പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications