കൂറ്റന്‍ തൂണിന് അടിയില്‍പ്പെട്ട് നെക്‌സോണ്‍, ടാറ്റയ്ക്ക് സ്തുതി പറഞ്ഞ് വാഹന പ്രേമികള്‍
ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ പ്രകടനം കാഴ്ച്ചവെച്ച ടാറ്റ നെക്‌സോണിനെ നമ്മുക്കെല്ലാവര്‍ക്കും അറിയാം. സുരക്ഷയില്‍ വിട്ടുവീഴ്ച്ച സംഭവിക്കില്ലെന്ന് ഇതിനോടകം പല സന്ദര്‍ഭങ്ങളിലായി ടാറ്റ കാറുകള്‍ പറഞ്ഞുവെച്ചിട്ടുമുണ്ട്. എന്നാല്‍ ഡെറാഡൂണില്‍ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും പറഞ്ഞുപോകും ടാറ്റയ്ക്ക് 'സ്തുതി'. കടപുഴകിയ കൂറ്റന്‍ ബില്‍ബോര്‍ഡിനും നെക്‌സോണിന്റെ സുരക്ഷയെ തകര്‍ക്കാനായില്ല.

അത്യാഹിതം സംഭവിച്ചിട്ടും പോറല്‍ പോലുമേല്‍ക്കാതെ എസ്‌യുവിയുടെ ഡോര്‍ത്തുറന്ന് ആളുകള്‍ ഇറങ്ങിയോടുന്ന രംഗത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് രാജ്യത്തെ വാഹന പ്രേമികള്‍. കനത്ത മഴയില്‍ നിന്നും അഭയംതേടി നെക്‌സോണില്‍ കയറിയ കുടുംബം അറിഞ്ഞിരുന്നില്ല, നിമിഷങ്ങള്‍ക്കകം നടക്കാനിരുന്ന വലിയ വിപത്തിനെ കുറിച്ച്. പ്രകൃതി രൗദ്രഭാവം പൂണ്ടപ്പോള്‍ വാഹനത്തിന് തൊട്ടുസമീപത്തുണ്ടായിരുന്ന ബില്‍ബോര്‍ഡ് കൂറ്റന്‍ ഇരുമ്പു തൂണിനൊപ്പം കടപുഴകി.

നെക്‌സോണിന് നേരെ മുകളിലേക്കാണ് ഭീമന്‍ തൂണ്‍ നിലംപതിച്ചത്. അപകടത്തിന്റെ തീവ്രത സമീപത്തെ സിസിടിവി ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ വെളിപ്പെടുത്തും. വീഴ്ച്ചയില്‍ നെക്‌സോണിന്റെ മേല്‍ക്കൂര നാമാവശേഷമായെങ്കിലും ആഘാതം പ്രതിരോധിക്കാന്‍ ക്യാബിന്‍ ഘടനയ്ക്ക് സാധിച്ചു. ഇവിടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ക്യാബിന്‍ ദൃഢത നിര്‍ണായകമായി.

ക്രാഷ് ടെസ്റ്റില്‍ കണ്ടതുപോലെ ഗുരുതരമായ ആഘാതങ്ങള്‍ പാസഞ്ചര്‍ ക്യാബിനിലേക്ക് കടന്നെത്തിയില്ല. അപകടശേഷം പുറമെ നിന്നാരുടെയും സഹായമില്ലാതെയാണ് യാത്രക്കാര്‍ ഡോര്‍ തുറന്ന് എസ്‌യുവിയില്‍ നിന്നും പുറത്തിറങ്ങിയത്. എന്തായാലും തൂണിനടിയില്‍പ്പെട്ട് തകര്‍ന്ന് നുറുങ്ങിയ നെക്‌സോണ്‍ XZ പ്ലസ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മോഡലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്.

മുമ്പ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ സുരക്ഷ കുറിച്ച നെക്‌സോണ്‍ ബാച്ചില്‍പ്പെട്ട മോഡലാണിത്. 2018 ഡിസംബര്‍ ഏഴിന് ശേഷം പുറത്തിറങ്ങിയ നെക്‌സോണ്‍ യൂണിറ്റുകളാണ് അഞ്ചു സ്റ്റാര്‍ സുരക്ഷ അവകാശപ്പെടുന്നത്.
ISOFI ചൈല്‍ഡ് റെസ്‌ട്രെയിന്റ് സംവിധാനമുള്ള (CRS) അപൂര്‍വ്വം ഇന്ത്യന്‍ കാറുകളിലൊന്നാണ് നെക്‌സോണ്‍. ഇരട്ട എയര്‍ബാഗുകള്‍, പ്രീടെന്‍ഷനറുകളുള്ള സീറ്റ് ബെല്‍റ്റുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവയെല്ലാം നെക്‌സോണില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.
3,995 mm നീളവും 1,730 mm വീതിയും 1,600 mm ഉയരവും നെക്‌സോണിനുണ്ട്. വീല്‍ബേസ് 2,470 mm; 200 mm ആണ് എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് നെക്സോണില്‍ തുടിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കും. 108 bhp കരുത്തും 260 Nm torque ഉം ഡീസല്‍ എഞ്ചിനുണ്ട്. ആറു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം.
Source: Rushlane


Click it and Unblock the Notifications








