പുത്തന്‍ ടിയാഗൊയുമായി ടാറ്റ, ആദ്യ ചിത്രങ്ങള്‍ പുറത്ത്
പുതിയ കാറുകള്‍ക്ക് പിന്നാലെ പോകുമ്പോഴും നിലവിലെ മോഡല്‍ നിരയില്‍ പുതുമ നിലനിര്‍ത്താന്‍ ടാറ്റ മറക്കുന്നില്ല. ടിയാഗൊ NRG, നെക്‌സോണ്‍ ക്രേസ്, ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, ടിയാഗൊ ജെടിപി, ടിഗോര്‍ ജെടിപി - കഴിഞ്ഞവര്‍ഷം രണ്ടാംപാദം അഞ്ചു പുതിയ പതിപ്പുകളെയാണ് ടാറ്റ തുടരെ വിപണിയില്‍ എത്തിച്ചത്.
ഈ വര്‍ഷം ഹാരിയര്‍ എസ്‌യുവിയില്‍ തുടക്കം കുറിച്ച കമ്പനി, 45X പ്രീമിയം ഹാച്ച്ബാക്കിനെ വിപണിയില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തിരക്കിലാണ്. മാര്‍ച്ചില്‍ നടക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് തലയുയര്‍ത്തും. മാരുതി ബലെനോയ്ക്കും ഹ്യുണ്ടായി എലൈറ്റ് i20 -യ്ക്കും കമ്പനി കണ്ടെത്തുന്ന മറുപടിയാണ് 45X ഹാച്ച്ബാക്ക്.

എന്നാല്‍ പ്രീമിയം ഹാച്ച്ബാക്കിന് മുമ്പെ 2019 ടിയാഗൊ നിരയില്‍ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ട്. പരീക്ഷണയോട്ടം നടത്തുന്ന പുത്തന്‍ ടിയാഗൊ ടാറ്റയുടെ നീക്കം വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ്. ടിയാഗൊ ഹാച്ച്ബാക്കിനുള്ള ഇടക്കാല ഫെയ്‌സ്‌ലിഫ്റ്റ് അപ്‌ഡേറ്റായിരിക്കും പുതിയ മോഡല്‍.
മറച്ചുപിടിച്ചാണ് പരീക്ഷണയോട്ടമെങ്കിലും മിററുകളും പിന്‍ ബമ്പറും കാറിന്റെ സണ്‍ബേസ്റ്റ് ഓറഞ്ച് നിറം പറഞ്ഞുവെയ്ക്കുന്നുണ്ട്. പുതിയ ടിയാഗൊ പതിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ നിലവില്‍ വിരളമാണ്.

പുറംമോടിയിലും അകത്തളത്തിലുമായിരിക്കും കമ്പനി പരിഷ്‌കാരങ്ങള്‍ സ്വീകരിക്കുക. മുന്‍ പിന്‍ ബമ്പറിലും ഹെഡ്‌ലാമ്പുകളിലും അലോയ് വീലുകളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ സുരക്ഷാ കര്‍ശനമാവാനിരിക്കെ കൂടുതല്‍ സംവിധാനങ്ങള്‍ അടിസ്ഥാന ഫീച്ചറായി കാറില്‍ ഇടംപിടിക്കും. വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇരട്ട എയര്‍ബാഗുകള്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങള്‍ പുതിയ കാറുകളില്‍ നിര്‍ബന്ധമായും ഒരുങ്ങേണ്ടതായുണ്ട്.

ടിയാഗൊയുടെ എഞ്ചിന്‍ മുഖത്ത് മാറ്റങ്ങള്‍ കുറിക്കാന്‍ ടാറ്റ തയ്യാറാവില്ല. നിലവിലെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും തുടരും. 85 bhp കരുത്തും 114 Nm torque -മാണ് ടിയാഗൊയിലെ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ റെവട്രൊണ്‍ പെട്രോള്‍ എഞ്ചിന്‍ കുറിക്കുന്നത്. 1.05 ലിറ്റര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിന് 75 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ നിലവില്‍ ഇരു എഞ്ചിന്‍ പതിപ്പുകളിലും തിരഞ്ഞെടുക്കാം.

എന്തായാലും ഹ്യുണ്ടായി സാന്‍ട്രോ, മാരുതി സുസുക്കി വാഗണ്‍ആര്‍ മോഡലുകളുടെ കടന്നുവരവില്‍ ടിയാഗൊയുടെ പ്രചാരം പിടിച്ചുനിര്‍ത്താന്‍ '2019' പതിപ്പ് അനിവാര്യമാണ്.
ഈ വര്‍ഷം ജനീവ മോട്ടോര്‍ ഷോയില്‍ നാലു പുതിയ മോഡലുകളെ കാഴ്ച്ചവെക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. 45X ഹാച്ച്ബാക്ക്, 45X ഇലക്ട്രിക്ക് ഹാച്ച്ബാക്ക്, ഏഴു സീറ്റര്‍ ഹാരിയര്‍, ഹോണ്‍ബില്‍ മൈക്രോ എസ്‌യുവി മോഡലുകളുമായി ടാറ്റ ജനീവയിലേക്ക് വണ്ടി കയറും.

ഇതില്‍ മഹീന്ദ്ര KUV100, മാരുതി ഇഗ്നിസ് മോഡലുകളുടെ വിപണിയിലാണ് ടാറ്റ ഹോണ്‍ബില്ലിന്റെ നോട്ടം. നെക്‌സോണിലെ വിജയം ചെറു എസ്‌യുവികളില്‍ ഹോണ്‍ബില്ലും ആവര്‍ത്തിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ടാറ്റ 45X ഹാച്ച്ബാക്കിന് ആധാരമാകുന്ന പുതിയ അഡ്വാന്‍സ്ഡ് മൊഡ്യുലാര്‍ പ്ലാറ്റ്ഫോം ഹോണ്‍ബില്ലിനും അടിത്തറപാകും. ഹാരിയറില്‍ കമ്പനി തുടക്കം കുറിച്ച ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയായിരിക്കും ഹോണ്‍ബില്‍ പിന്തുടരുക.
Spy Image Source: GaadiWaadi


Click it and Unblock the Notifications








