ദുരന്ത നായകനായി റെനോ ക്യാപ്ച്ചര്‍, എസ്‌യുവി ലോകത്തെ താരങ്ങള്‍ ഇവര്‍
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവി ഇപ്പോഴും മാരുതി ബ്രെസ്സതന്നെ. ജൂണില്‍ ഇഞ്ചോടിഞ്ച് വന്നെങ്കിലും മാരുതി എസ്‌യുവിയെ കീഴ്‌പ്പെടുത്താന്‍ ഹ്യുണ്ടായി വെന്യുവിന് ഇനിയും സാധിച്ചിട്ടില്ല. 8,871 ബ്രെസ്സ യൂണിറ്റുകളാണ് കഴിഞ്ഞമാസം മാരുതി വിറ്റത്. വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും തകര്‍ച്ചയുടെ വക്കിലാണ് ബ്രെസ്സ.

മുന്‍വര്‍ഷം ഇതേകാലയളവില്‍ 10,713 യൂണിറ്റുകളുടെ വില്‍പ്പന എസ്‌യുവി കൈയ്യടക്കിയിരുന്നു. ഇക്കുറി 17.19 ശതമാനം ഇടിവ് വില്‍പ്പനയില്‍ ബ്രെസ്സയ്ക്ക് സംഭവിച്ചു. മറുഭാഗത്ത് ഹ്യുണ്ടായി വെന്യു വിജയഗാഥ തുടരുകയാണ്. 8,763 വെന്യു യൂണിറ്റുകളാണ് പോയമാസം ഇന്ത്യയില്‍ വിറ്റുപോയത്. വില്‍പ്പനയില്‍ ഒന്നാമതുള്ള ബ്രെസ്സയും രണ്ടാമതുള്ള വെന്യുവും തമ്മില്‍ 108 യൂണിറ്റുകളുടെ വ്യത്യാസം മാത്രം.

കാര്യങ്ങള്‍ ഈ സ്ഥിതിക്കാണെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്ന എസ്‌യുവിയായി ഹ്യുണ്ടായി വെന്യു അറിയപ്പെടാന്‍ വലിയ കാലതാമസമുണ്ടാകില്ല. നിലവില്‍ 35,000 യൂണിറ്റുകളില്‍പ്പരം ബുക്കിങ് വെന്യു നേടിക്കഴിഞ്ഞു. പുതിയ ഹ്യുണ്ടായി വെന്യു ബുക്ക് ചെയ്താല്‍ ആറു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണിപ്പോള്‍.

വെന്യു മാത്രമല്ല, ടാറ്റ നെക്‌സോണും മഹീന്ദ്ര XUV300 -യും ഹ്യുണ്ടായി ക്രെറ്റയും മാരുതി ബ്രെസ്സയ്ക്ക് ശക്തമായ ഭീഷണി മുഴക്കി രംഗത്തുണ്ട്. 24.99 ശതമാനം ഇടിവ് സംഭവിച്ചെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മൂന്നാമത്തെ എസ്‌യുവിയാണ് ക്രെറ്റ. 11,111 യൂണിറ്റുകളില്‍ നിന്നും 8,334 യൂണിറ്റുകളിലേക്കാണ് ജൂണില്‍ ക്രെറ്റ വില്‍പ്പന തകര്‍ന്നത്.

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം
നാലാം സ്ഥാനത്ത് മഹീന്ദ്ര XUV300 തുടരുന്നു. ഫെബ്രുവരിയില്‍ വില്‍പ്പനയ്‌ക്കെത്തിയ XUV300 ചുരുങ്ങിയ കാലംകൊണ്ടുതന്നെ വിപണിയില്‍ പ്രചാരം നേടിയിരിക്കുകയാണ്. 4,769 XUV300 യൂണിറ്റുകളാണ് കഴിഞ്ഞമാസം മഹീന്ദ്ര വിറ്റത്. അഞ്ചു മാസംകൊണ്ടുതന്നെ കാല്‍ലക്ഷം XUV300 യൂണിറ്റുകള്‍ ശാലയില്‍ നിന്നും പുറത്തിറക്കിക്കഴിഞ്ഞു.

തുടക്കത്തില്‍ മാനുവല്‍ പതിപ്പ് മാത്രമായിരുന്നു XUV300 -യ്ക്ക് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ഡീസല്‍ എഎംടി മോഡലുകളും മഹീന്ദ്ര XUV300 -യില്‍ അണിനിരക്കുന്നുണ്ട്. പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ടാറ്റ നെക്‌സോണാണ്. വില്‍പ്പനയില്‍ നേരിയ വളര്‍ച്ച ടാറ്റ എസ്‌യുവി കുറിച്ചു. മുന്‍വര്‍ഷം ജൂണില്‍ 4,148 നെക്‌സോണ്‍ യൂണിറ്റുകള്‍ വിറ്റ ടാറ്റ, പോയമാസം 4,170 യൂണിറ്റുകളുടെ വില്‍പ്പന തൊട്ടു.

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിച്ചിട്ടുള്ള ഏക ഇന്ത്യന്‍ കാറാണ് ടാറ്റ നെക്‌സോണ്‍. എസ്‌യുവിയുടെ വില്‍പ്പനയില്‍ ഇതു നിര്‍ണായക ഘടകമാവുന്നുണ്ട്. പട്ടികയില്‍ താഴേക്ക് നോക്കിയാല്‍ ആറാം സ്ഥാനത്ത് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ കാണാം. വില്‍പ്പന 3,254 യൂണിറ്റുകള്‍.

18,79 ശതമാനം തകര്‍ച്ച ഇക്കോസ്‌പോര്‍ടും നേരിടുന്നുണ്ട്. മഹീന്ദ്രയുടെ സ്‌കോര്‍പിയോ, TUV300, XUV500 എസ്‌യുവികള്‍ യഥാക്രമം ഏഴ്, പതിനൊന്ന്, പന്ത്രണ്ട് സ്ഥാനങ്ങള്‍ കൈയ്യടക്കുന്നു. ഈ മൂന്നു മോഡലുകളുടെയും വില്‍പ്പന താഴോട്ടാണെന്നു ഇവിടെ പ്രത്യേകം ഓര്‍മ്മപ്പെടുത്തണം.

പട്ടികയിലെ വലിയ വീഴ്ച്ചകള്‍ പരിശോധിച്ചാല്‍ റെനോ ക്യാപ്ച്ചറാണ് ദുരന്ത നായകന്‍. 75.88 ശതമാനം തകര്‍ച്ചയാണ് ക്യാപ്ച്ചര്‍ അഭിമുഖീകരിക്കുന്നത്. 67.08 ശതമാനം ഇടിവ് രേഖപ്പെടുത്തി മാരുതി എസ്-ക്രോസാണ് കഥയിലെ മറ്റൊരു ശോക കഥാപാത്രം. എങ്കിലും ആദ്യ പത്തില്‍ എട്ടാം സ്ഥാനത്തുണ്ട് മാരുതി എസ്-ക്രോസ്.

| Model | Jun-19 | Jun-18 | Diff % | |
| 1 | Maruti Brezza | 8,871 | 10,713 | -17.19 |
| 2 | Hyundai Venue | 8,763 | - | - |
| 3 | Hyundai Creta | 8,334 | 11,111 | -24.99 |
| 4 | Mahindra XUV300 | 4,769 | - | - |
| 5 | Tata Nexon | 4,170 | 4,148 | 0.53 |
| 6 | Ford Ecosport | 3,254 | 4,007 | -18.79 |
| 7 | Mahindra Scorpio | 3,071 | 3,323 | -7.58 |
| 8 | Maruti S-Cross | 1,359 | 4,128 | -67.08 |
| 9 | Honda WR-V | 1,268 | 2,783 | -54.44 |
| 10 | Tata Harrier | 1,216 | - | - |

| Model | Jun-19 | Jun-18 | Diff % | |
| 11 | Mahindra TUV300 | 1,210 | 1,811 | -33.19 |
| 12 | Mahindra XUV500 | 1,129 | 2,717 | -58.45 |
| 13 | Renault Duster | 882 | 1,165 | -24.29 |
| 14 | Jeep Compass | 791 | 1,478 | -46.48 |
| 15 | Tata Safari | 161 | 488 | -67.01 |
| 16 | Nissan Terrano | 132 | 117 | 12.82 |
| 17 | Nissan Kicks | 128 | - | - |
| 18 | Renault Captur | 103 | 427 | -75.88 |

ഹോണ്ട WR-V ആണ് ഒന്‍പതാം സ്ഥാനം കൈയ്യടക്കുന്നത്. പത്താം സ്ഥാനത്ത് ടാറ്റ ഹാരിയറും നിലകൊള്ളുന്നു. ടാറ്റ നെക്‌സോണിനെ കൂടാതെ നിസാന്‍ ടെറാനോയും ജൂണില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 117 യൂണിറ്റുകളുടെ വില്‍പ്പന നേടിയ ടെറാനോ, പോയമാസം 132 യൂണിറ്റുകളിലേക്ക് വില്‍പ്പന ഉയര്‍ത്തി. അടുത്തിടെ അവതരിച്ച നിസാന്‍ കിക്ക്‌സിനെക്കാളും വില്‍പ്പന ടെറാനോയ്ക്കുണ്ടെന്നത് വിപണിയില്‍ കൗതുകമാവുന്നു.
Source: Auto Punditz


Click it and Unblock the Notifications








