സര്‍വീസിന് കാര്‍ കൊണ്ടുചെല്ലേണ്ട, ടൊയോട്ട വരും വീട്ടുപടിക്കല്‍
ടൊയോട്ട കാറുടമകള്‍ ഇനി സര്‍വീസ് സെന്ററില്‍ ചെന്ന് ബുദ്ധിമുട്ടേണ്ട. സര്‍വീസ് സേവനങ്ങളുമായി ടൊയോട്ട നിങ്ങളുടെ വീട്ടുപടിക്കലെത്തും. പുതിയ കാര്‍ സര്‍വീസ് പദ്ധതി, സര്‍വീസ് എക്‌സ്പ്രസ്സിന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ രാജ്യത്ത് തുടക്കമിട്ടു. ഇനി ഉപഭോക്താക്കളുടെ വീട്ടപടിക്കലെത്തി കമ്പനി സര്‍വീസ് നടത്തും. റോഡ്‌സൈഡ് അസിസ്റ്റന്‍സിന് വേണ്ടി നിലവിലുള്ള മൊബൈല്‍ സര്‍വീസ് വാനുകള്‍ എക്‌സ്പ്രസ്സ് സര്‍വീസിനായും നിയോഗിക്കാനാണ് ടൊയോട്ടയുടെ തീരുമാനം.

പ്രധാനപ്പെട്ട സര്‍വീസ് സേവനങ്ങള്‍ മുഴുവന്‍ സര്‍വീസ് എക്‌സ്പ്രസ്സിലൂടെ കമ്പനി ലഭ്യമാക്കും. മെയിന്റനന്‍സ് നടപടികള്‍ക്ക് പുറമെ ചെറിയ ബോഡി പെയിന്റ് വര്‍ക്കുകളും ഇതില്‍ ഉള്‍പ്പെടും. മൊബൈല്‍ സര്‍വീസ് വാനുകള്‍ക്കൂടാതെ പ്രത്യേക ട്രക്കുകളും സര്‍വീസ് എക്‌സ്പ്രസ്സിന്റെ ഭാഗമായുണ്ട്. ഉപഭോക്താവ് നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് വന്ന് സര്‍വീസ് എക്‌സ്പ്രസ്സ് ജീവനക്കാര്‍ കാറിന്റെ മെയിന്റനന്‍സ് നടത്തും.

നിലവില്‍ രാജസ്താന്‍ ജില്ലയിലാണ് ടൊയോട്ട സര്‍വീസ് എക്‌സ്പ്രസ്സ് സേവനങ്ങള്‍ ലഭ്യമാവുക. പുതിയ പദ്ധതി ഇതിനോടകം മികച്ച പ്രതികരണമാണ് സംസ്ഥാനത്ത് നേടുന്നതെന്ന് കമ്പനി പറയുന്നു. ഘട്ടംഘട്ടമായി മറ്റു സംസ്ഥാനങ്ങളിലും സര്‍വീസ് എക്‌സ്പ്രസ്സ് പദ്ധതിക്ക് ടൊയോട്ട തുടക്കമിടും. മുമ്പ് ആഢംബര കാര്‍, ബൈക്ക് നിര്‍മ്മാതാക്കള്‍ മാത്രം നല്‍കിയിരുന്ന സര്‍വീസ് സൗകര്യമാണ് ഇപ്പോള്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി നടപ്പിലാക്കുന്നത്. നിലവില്‍ ലിവ, എത്തിയോസ്, ഇന്നോവ ക്രിസ്റ്റ, കൊറോള ആള്‍ട്ടിസ്, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ടയുടെ ഇന്ത്യന്‍ നിരയിലുണ്ട്.

ഈ കാറുടമകള്‍ക്ക് മുഴുവന്‍ സര്‍വീസ് എക്‌സ്പ്രസ്സ് സേവനം കമ്പനി ഉറപ്പുവരുത്തും. ഉപഭോക്തൃ സംതൃപ്തി ലക്ഷ്യമിട്ട് രാത്രികാല സര്‍വീസ് ക്യാമ്പയിന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയും തുടക്കമിട്ടിട്ടുണ്ട്. ജോലിത്തിരക്കേറിയ പകല്‍സമയത്ത് സര്‍വീസിന് കാര്‍ കൊണ്ടുചെല്ലാനുള്ള ഉടമകളുടെ പതിവ് പ്രശ്നത്തിന് രാത്രികാല സര്‍വീസ് ക്യാമ്പയിനിലൂടെയാണ് മാരുതി നീക്കുപോക്ക് കണ്ടെത്തുന്നത്.

ഇതോടെ വിലപ്പെട്ട പകല്‍സമയം മാരുതി ഉടമകള്‍ക്ക് സര്‍വീസ് സെന്ററില്‍ ചിലവഴിക്കേണ്ടതായി വരില്ല. രാത്രിയില്‍ കാര്‍ കൊടുത്താല്‍ അടുത്തദിവസം രാവിലത്തേക്ക് പണികളെല്ലാം കഴിഞ്ഞ് കാര്‍ സജ്ജമായിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ഗുരുഗ്രാമില്‍ സംഘടിപ്പിച്ച രാത്രികാല സര്‍വീസ് ക്യാമ്പയിന്‍ മികച്ച പ്രതികരണം നേടിയതിനെ തുടര്‍ന്നാണ് രാജ്യമെങ്ങും ഇതേ നടപടി ആവിഷ്‌കരിക്കാനുള്ള മാരുതിയുടെ തീരുമാനം.

ആദ്യഘട്ടത്തില്‍ അഞ്ചു പ്രധാന നഗരങ്ങളിലാണ് രാത്രികാല സര്‍വീസിന് മാരുതി തുടക്കമിടുന്നത്. നോയിഡ, ഭുബനേശ്വര്‍, ബെംഗളൂരു, ശഹിബാബാദ്, മംഗളൂരു നഗരങ്ങളിലെ മാരുതി ഉടമകള്‍ക്ക് രാത്രികാല സര്‍വീസ് ക്യാമ്പയിന്‍ പ്രയോജനപ്പെടുത്താം. വരുംനാളുകളില്‍ മറ്റു ഇന്ത്യന്‍ നഗരങ്ങളിലും ഈ സൗകര്യം കമ്പനി ഉറപ്പുവരുത്തും. പുതിയ നടപടി ടാക്സി മേഖലയില്‍ കാര്യമായ ഗുണം ചെയ്യുമെന്നാണ് മാരുതിയുടെ വിലയിരുത്തല്‍.

പകല്‍സമയത്ത് ടാക്സി കാറുകള്‍ സര്‍വീസിന് വെയ്ക്കുമ്പോള്‍ ഉടമകള്‍ക്ക് വരുമാനനഷ്ടം സംഭവിക്കാറ് പതിവാണ്. മാരുതിയുടെ രാത്രികാല സര്‍വീസ് ക്യാമ്പയിന്‍ ഈ പ്രശ്നംകൂടി പരിഹരിക്കും. നിലവില്‍ രാത്രികാല ഷിഫ്റ്റില്‍ ശരാശരി 25 കാറുകള്‍ സര്‍വീസ് ചെയ്യാനുള്ള ശേഷി കമ്പനിയുടെ 24X7 സര്‍വീസ് സെന്ററുകള്‍ക്കുണ്ട്.


Click it and Unblock the Notifications








