ഫോക്‌സ്‌വാഗണ്‍ അമിയോ കോര്‍പ്പറേറ്റ് എഡിഷന്‍ വിപണിയില്‍
അമിയോ കോര്‍പ്പറേറ്റ് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍ വിപണിയില്‍. ഹൈലൈന്‍ പ്ലസ് വകഭേദത്തില്‍ മാത്രമാണ് പുതിയ അമിയോ കോര്‍പ്പറേറ്റ് എഡിഷനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നത്. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ കാര്‍ ലഭ്യമാണ്. MPI ഹൈലൈന്‍ പ്ലസ് പെട്രോള്‍ മോഡല്‍ 6.69 ലക്ഷം രൂപ വില കുറിക്കും. 1.5 TDI ഹൈലൈന്‍ പ്ലസ് ഡീസല്‍ മോഡലിന് 7.99 ലക്ഷം രൂപയാണ് വില.

അമിയോയിലെ 1.0 ലിറ്റര്‍ MPI പെട്രോള്‍ എഞ്ചിന്‍ 75 bhp കരുത്തും 95 Nm torque ഉം പരമാവധി സൃഷ്ടിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 109 bhp കരുത്തും 250 Nm torque ഉം കുറിക്കാന്‍ ശേഷിയുണ്ട്. അഞ്ചു നിറങ്ങളിലാണ് അമിയോ വില്‍പ്പനയ്ക്ക് വരുന്നത്. ലാപിസ് ബ്ലൂ, റിഫ്‌ളക്‌സ് സില്‍വര്‍, ക്യാന്‍ഡി വൈറ്റ്, ടോഫീ ബ്രൗണ്‍, കാര്‍ബണ്‍ സ്റ്റീല്‍ നിറങ്ങള്‍ കാറില്‍ തിരഞ്ഞെടുക്കാം.

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഗാല്‍വനൈസ്ഡ് സ്റ്റീല്‍ ബോഡി, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം മുതലായവ അമിയോ മോഡലുകളിലെ അടിസ്ഥാന ഫീച്ചറുകളാണ്. ശ്രേണിയില്‍ എതിരാളികളെക്കാള്‍ മികവുറ്റ സംവിധാനങ്ങളും സൗകര്യങ്ങളും അമിയോയ്ക്ക് കമ്പനി നല്‍കുന്നുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഓട്ടോ എസി എന്നിങ്ങനെ കാറില്‍ നൂതന സവിശേഷതകള്‍ ഒരുപാട് കാണാം.

ആപ്പ് കണക്ടിവിറ്റിയുള്ള ഡയനാമിക് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം. നിലവില്‍ കാറുകള്‍ക്ക് മുഴുവന്‍ നാലുവര്‍ഷം/ഒരുലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി ഫോക്‌സ്‌വാഗണ്‍ നല്‍കുന്നുണ്ട്. ഒപ്പം നാലുവര്‍ഷ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും മോഡലുകളില്‍ ലഭ്യമാണ്.

ഈ ആനുകൂല്യങ്ങള്‍ പുതിയ അമിയോ കോര്‍പ്പറേറ്റ് എഡിഷനിലും കമ്പനി ഉറപ്പുവരുത്തും. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ഡിസൈര്‍, ഹോണ്ട അമേസ് തുടങ്ങിയ സെഡാനുകള്‍ക്ക് ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ച മറുപടിയാണ് അമിയോ. ഇന്ത്യയില്‍ മാത്രമേ അമിയോ സെഡാനെ കമ്പനി വില്‍ക്കുന്നുള്ളൂ.


Click it and Unblock the Notifications








