വിപണിയിൽ എത്തും മുമ്പ് ഫ്ലാറ്റ്ബെഡ് ട്രക്കിൽ സവാരി നടത്തി ഹവാൽ F5
കഴിഞ്ഞ മാസം 2020 ഓട്ടോ എക്‌സ്‌പോയിൽ ഗ്രേറ്റ് വോൾ മോട്ടോർ തങ്ങളുടെ ഹവാൽ, GWM ഇവി ബ്രാൻഡുകൾക്ക് കീഴിൽ എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും പ്രദർശിപ്പിച്ചിരുന്നു.

ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസൺ, എംജി ഹെക്ടർ എന്നിവയ്‌ക്കെതിരെ മത്സരിക്കാൻ തയ്യാറെടുക്കുന്ന F5 എസ്‌യുവിയായിരുന്നു നിർമ്മാതാക്കളുടെ പവലിയനിലെ പ്രധാന ആകർഷണം.

മറകളൊന്നും കൂടാതെ ഒരു ഫ്ലാറ്റ്ബെഡ് ട്രക്കിൽ വാഹനം കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്. ഗ്രേറ്റർ നോയിഡയിലെ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചിരുന്ന F5 ന് സമാനമായ സവിശേഷതകളും അതേ ഓറഞ്ച് നിറവുമാണ് ട്രക്കിൽ കണ്ട വാഹനത്തിന് ഉണ്ടായിരുന്നത്.
Image Source: Gaadiwaadi

ചൈനയിൽ ഏറ്റവും കൂടുതൽ എസ്‌യുവികൾ ഉൽപാദിപ്പിക്കുന്ന നിർമ്മാതാക്കളാണ് GWM. പ്രാദേശിക പ്രവർത്തനങ്ങൾക്കായി ഘട്ടംഘട്ടമായി 7,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിൽ രണ്ട് ലക്ഷം യൂണിറ്റ് ശേഷിയുള്ള തലേഗാവ് ഉത്പാദനകേന്ദ്രം നിർമ്മാതാക്കൾ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്.

ഹവാൽ ബ്രാൻഡിൽ നിന്നുള്ള F5 ഉൾപ്പെടെയുള്ള എസ്‌യുവികൾ വിപണിയിൽ എത്തിച്ചാവും GWM തങ്ങളുടെ ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിക്കുന്നത്. 4,470 mm നീളവും 2,680 mm നീളമുള്ള വീൽബേസും F5 എസ്‌യുവിക്കുണ്ട്.

താരതമ്യേന 75 mm നീളവും ജീപ്പ് കോമ്പസിനേക്കാൾ 44 mm നീളമുള്ള വീൽബേസും വാഹനത്തിന് ലഭിക്കുന്നു. F5 അതിന്റെ വലിയ സഹോദരൻ ഹവാൽ H6 ന്റെ അതേ ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.

ഹവൽ F5 -ന് ആനുപാതികമായ ഡിസൈൻ ഘടകങ്ങൾക്കും വൈഡ് സ്റ്റാൻസുകൾക്കുമൊപ്പം റാക്ക്ഡ് വിൻഡ്ഷീൽഡും സ്ലോപ്പിംഗ് റൂഫും ലഭിക്കുന്നതിനാൽ ബാഹ്യ രൂപഭാവം ആകർഷണീയമാക്കുന്നു.

ക്രോം ഘടകങ്ങളുള്ള മുൻ ഗ്രില്ല്, ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്‌പോർടി ഹോൾഡർ ലൈനുകൾ, മുന്നിലും പിന്നിലും ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്, വീതിയിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ടെയിൽ ലാമ്പുകൾ, ഫോക്സ് എയർ ഡാമുകൾ, ക്രോം ടിപ്പുകളുള്ള എക്‌സ്‌ഹോസ്റ്റുകൾ തുടങ്ങി നിരവധി സവിശേഷതകൾ ലഭിക്കുന്നു.

9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതർ സീറ്റുകൾ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്രൈവർ ഫോക്കസ്ഡ് കോക്ക്പിറ്റ് തുടങ്ങിയവ ഉൾക്കൊള്ളുന്ന ഹവാൽ F5 ന്റെ ക്യാബിനും വാഹനത്തിന്റെ പുറംപോലെ പ്രീമിയമാണ്.

പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് F5 ഉപയോഗിക്കുന്നത്. ഇത് 166 bhp കരുത്തും 285 Nm torque ഉം വികസിപ്പിക്കുന്നു.

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സാവും വാഹനത്തിൽ വരുന്നത്. ആംബിയന്റ് ലൈറ്റിംഗ്, ആറ് എയർബാഗുകൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. GWM തങ്ങളുടെ ആദ്യ ഉൽപ്പന്നം ആഭ്യന്തരമായി അടുത്ത വർഷം ആരംഭിക്കും എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








