ബിഎസ് VI എലൈറ്റ് i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.50 ലക്ഷം രൂപ
തങ്ങളുടെ ജനപ്രീയ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 -യുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടായി. 6.50 ലക്ഷം രൂപ മുതല്‍ 8.31 ലക്ഷം രുപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

വാഹനത്തിനായുള്ള ബുക്കിങ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിരുന്നു. പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ചതായി കമ്പനി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

മാഗ്‌ന പ്ലസ്, സ്പോര്‍ട്സ് പ്ലസ്, ആസ്ത (O) എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് പുതിയ എലൈറ്റ് i20 വില്‍പ്പനക്കെത്തുന്നത്. എഞ്ചിന്‍ നവീകരണത്തിനൊപ്പം വാഹനത്തില്‍ ചെറിയ ചില മാറ്റങ്ങളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോണറിങ് ലാമ്പുകളോടുകൂടിയ പ്രൊജക്ട് ഹെഡ്‌ലാമ്പുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലേയി വീലുകള്‍ ഇതൊക്കെ വാഹനത്തിന്റെ പുതുമകളാണ്. അകത്തളത്തിലും കമ്പനി മാറ്റങ്ങള്‍ കൊണ്ടുന്നിട്ടുണ്ട്.

മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍വശത്ത് എസി വെന്റുകള്‍, ബ്ലൂടൂത്ത്, വോയ്സ് റെക്കഗ്‌നിഷന്‍, ആപ്പിള്‍ കര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.

ഡീസല്‍ പതിപ്പിനെ പിന്‍വലിച്ചതാണ് മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലെ പ്രധാന മാറ്റം. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ എലൈറ്റ് i20 -യുടെ കരുത്ത്.

ഈ എഞ്ചിന്‍ 6,000 rpm -ല്‍ 82 bhp കരുത്തും 4,000 rpm -ല്‍ 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വര്‍, സ്റ്റാര്‍ഡസ്റ്റ്, ഫിയറി റെഡ്, ബ്ലാക്ക് റൂഫിനൊപ്പം പോളാര്‍ വൈറ്റിന്റെ ഇരട്ട-ടോണ്‍ ഷേഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.

വിപണിയില്‍ മാരുതി സുസുക്കി ബലേനോ, ടോയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ്, ഹോണ്ട ജാസ് എന്നിവരാണ് എലൈറ്റ് i20 -യുടെ എതിരാളികള്‍. ഈ ശ്രണിയിലേക്ക് അടുത്തിടെയാണ് ടാറ്റ മോട്ടോര്‍സ് ചുവടുവെച്ചത്.

1.4 ലിറ്റര്‍ CRDI ഡീസല്‍ പതിപ്പിന്റെ വില്‍പ്പനയാണ് കമ്പനി അവസാനിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും വാഹനത്തെ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 90 bhp കരുത്തും 220 Nm torque ഉം ആയിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. 2008 -ലാണ് ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് i20 അവതരിപ്പിച്ചത്. തുടര്‍ന്ന് 2014-ല്‍ അത് എലൈറ്റ് i20 -യായി വികാസം പ്രാപിക്കുകയായിരുന്നു.


Click it and Unblock the Notifications








