കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിച്ച് വെന്യു; ബ്രെസയെ പിന്തള്ളി ഒന്നാമത്
ഇന്ത്യന്‍ വാഹന വിപണിയില്‍ കോംപാക്ട് എസ്‌യുവി ശ്രേണില്‍ വലിയ മത്സരമാണ് നടക്കുന്നത്. നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ മോഡലുകളെ ഈ ശ്രേണിയില്‍ എത്തിച്ചിട്ടുണ്ട്.

പുതിയ നിര്‍മ്മാതാക്കളും ഈ ശ്രേണിയിലേക്ക് എത്തിയതോടെ മത്സരം ശക്തമായി എന്നുവേണം പറയാന്‍. എന്നാല്‍ മാര്‍ച്ച് മാസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ ശ്രേണിയില്‍ സ്ഥാനം കൈയ്യടക്കിവെച്ചിരുന്ന ബ്രെസയുടെ വില്‍പ്പന ഇടിഞ്ഞുവെന്നാണ് കണക്ക്.

മുഖ്യ എതിരാളിയായ ഹ്യുണ്ടായി വെന്യു തന്നെയാണ് ഇപ്പോള്‍ സ്ഥാനം കൈയ്യടക്കിയിരിക്കുന്നത്. ബ്രെസയുടെ 5,513 യൂണിറ്റ് മാത്രമാണ് നിരത്തിലെത്തിയത്. എന്നാല്‍ വെന്യുവിന്റെ 6,127 യൂണിറ്റുകള്‍ നിരത്തിലെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വിപണിയില്‍ എത്തിയ നാളുകളില്‍ മികച്ച വില്‍പ്പന സ്വന്തമാക്കിയ മോഡലാണ് വെന്യു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഒരു ഒറ്റ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ബ്രെസ വിപണിയില്‍ എത്തുന്നത്.

ആദ്യ നാളുകളില്‍ വലിയ ഹിറ്റായിരുന്ന ഡീസല്‍ എഞ്ചിന്‍ വിട്ട് പകരം പെട്രോള്‍ എഞ്ചിനാണ് പുതിയ ബ്രെസയുടെ കരുത്ത്. ബിഎസ് VI പ്രാബല്യത്തില്‍ വരുന്നതോടെ ഡീസല്‍ മോഡലുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇതോടെയാണ് ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനു പകരം 1.5 ലിറ്റര്‍ K15B പെട്രോള്‍ എന്‍ജിനാകും പുതിയ ബ്രെസയ്ക്ക് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും.

അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും പുതിയ പതിപ്പില്‍ ലഭ്യമാകും. ഓട്ടോമാറ്റിക് പതിപ്പിനൊപ്പം സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡീസല്‍ എഞ്ചിന്റെ വില്‍പ്പന അവസാനിപ്പിച്ചത് മുന്നോട്ടുള്ള വില്‍പ്പനയില്‍ ഗണ്യമായ കുറവ് സൃഷ്ടിക്കുമെന്ന് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. നിരവധി പുതുമകളോടെയാണ് വെന്യു പോയവര്‍ഷം വിണിയില്‍ എത്തിയത്.

കണക്ടിവിറ്റി സംവിധാനമാണ് വാഹനത്തിലെ പ്രധാന ആകര്‍ഷണം. 50 ശതമാനത്തോളം ഉപഭോക്താക്കളും കമ്പനിയുടെ പുതിയ ടെക്‌നോളിയായ ബ്ലുലിങ്ക് കണക്ടിവിറ്റി സംവിധാനമുള്ള ഉയര്‍ന്ന വകഭേദങ്ങളാണ് തെരഞ്ഞെടുക്കുന്നത്.

വാഹനത്തിന് ആവശ്യക്കാര്‍ കൂടിയതോടെ ചില മോഡലുകളുടെ കാത്തിരിപ്പ് കാലാവധിയും കമ്പനി വര്‍ധിപ്പിച്ചിരുന്നു. 13 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഫോര്‍ട് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 എന്നിവരാണ് ഈ ശ്രേണിയിലെ മറ്റ് എതിരാളികള്‍.

ബ്രെസയുടെ വില്‍പ്പന കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ മാനുവല്‍ പതിപ്പിലും സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം നല്‍കാന്‍ ഒരുങ്ങുകയാണ് മാരുതി. ഇതുകൂടി മാനുവല്‍ പതിപ്പില്‍ വന്നാല്‍ വില്‍പ്പന വീണ്ടും ഉയരും എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

12V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമാകും മാനുവല്‍ പതിപ്പിലും ഒരുങ്ങുക. സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ടെക്‌നോളജിയും ടോര്‍ഖ് ബൂസ്റ്റ് സംവിധാനവും ഈ പതിപ്പില്‍ ലഭ്യമാകും. ഈ ടെക്‌നോളജി കൂടി ഉള്‍പ്പെടുത്തുന്നതോടെ വാഹനത്തിന്റെ മൈലേജില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന ഡീസല്‍ യൂണിറ്റിന് ലിറ്ററിന് 24.3 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുമ്പോള്‍, പെട്രോള്‍ മാനുവലിന് 17.03 കിലോമീറ്ററും ഓട്ടോമാറ്റിക് വകഭേദങ്ങള്‍ക്ക്ക്ക് 18.76 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

Lxi, Vxi, Zxi, Zxi പ്ലസ് എന്നിങ്ങനെ നാല് വകഭേദങ്ങളാണ് മാനുവല്‍ പതിപ്പില്‍ ഉള്ളത്. ഈ നാലു പതിപ്പുകള്‍ക്കും സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും വരും ആഴ്ചകളില്‍ തന്നെ വാഹനം വിപണിയില്‍ എത്തിയേക്കും.


Click it and Unblock the Notifications








