ഇന്ത്യയില്‍ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ
ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ്. വിപണിയില്‍ എത്തിയ മോഡലുകളെല്ലാം ഹിറ്റായതോടെ പ്ലാന്റിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിപണിയില്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 54 മില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 408 കോടി രൂപ) നിക്ഷേപമാണ് കമ്പനി നടത്തുക.

കമ്പനിയുടെ ആന്ധ്ര പ്രദേശിലെ അനന്തപൂരി പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപം നടത്തുക. കൂടുതല്‍ വാഹനങ്ങള്‍ കിയയില്‍ നിന്നും നിരത്തിലെത്താനൊരുങ്ങുകയാണ്. ഇതുകൂടി മുന്നില്‍ കണ്ടാണ് പ്ലാന്റിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി നിക്ഷേപം നടത്തുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കിയ ഇന്ത്യ സിഇഒ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്ലാന്റിലേക്ക് കൂടുതല്‍ നിക്ഷേപമെത്തുന്നതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങളുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം തന്നെ പുതിയൊരു പ്ലാന്റും കിയ ആരംഭിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ കിയ മോട്ടോര്‍സിന് ഇന്ത്യയില്‍ ഒരു പ്ലാന്റ് മാത്രമാണുള്ളത്. വാഹനങ്ങളുടെ നിര വര്‍ധിക്കുന്നതോടെ ഒരു പ്ലാന്റില്‍ തന്നെയുള്ള വാഹനത്തിന്റെ ഉത്പാദനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായിട്ടാണ് മറ്റൊരു പ്ലാന്റുകൂടി ആരംഭിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മഹാരാഷ്ട്രയിലാണ് രണ്ടാമത്തെ കിയ പ്ലാന്റ് ഉയരുക. നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്പനി മഹാരാഷ്ട്ര തെരഞ്ഞെടുത്തിരിക്കുന്നത്.

അനന്ത്പൂര്‍ രാജ്യത്തിന്റെ തെക്കു ഭാഗത്തായതിനാല്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് രണ്ടാമത് പ്ലാന്റ് സ്ഥാപിക്കുന്നത് വാഹന നിര്‍മ്മാണം വിപുലപ്പെടുത്താന്‍ കിയ മോട്ടോര്‍സിനെ സഹായിക്കും.

മാത്രമല്ല മുംബൈ പോര്‍ട്ടിന്റെ സാന്നിദ്ധ്യം ഭാവിയില്‍ കാറുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമ്പോള്‍ ഉപകാരപ്രദവുമാകുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിവവില്‍ 8,400 കോടി രൂപ മുതല്‍ മുടക്കില്‍ പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റ് കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് നിലവിലെ പ്ലാന്റ്. കിയ മോട്ടോര്‍സിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഈ പ്ലാന്റ് കേന്ദ്രീകരിച്ചു തന്നെയാണ് മുന്നോട്ട് പോവുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Click it and Unblock the Notifications








