ക്വാഡ്രിസൈക്കിള്‍ ആറ്റം ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര
അടുത്തിടെയാണ് ക്വാഡ്രിസൈക്കിള്‍ ആറ്റം ഇലക്ട്രിക്കിന്റെ ചെറിയ ടീസര്‍ വീഡിയോ മഹീന്ദ്ര പുറത്തുവിട്ടത്. നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ വാഹനത്തെ പ്രദര്‍ശിപ്പിക്കുമെന്നും ഏറെക്കുറെ ഉറപ്പായി.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തുന്ന പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ലെമന്‍ ഗ്രീന്‍ സ്റ്റുഡിയോയാണ് ചെന്നൈയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2020 മൂന്നാം പാദത്തില്‍ ആറ്റം ഇലക്ട്രിക്ക് വിപണിയില്‍ അവതരിപ്പിക്കുമെന്നും മഹീന്ദ മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക സ്ഥിരീകരിച്ചു.

2018 -ല്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. അതേ ബോക്‌സി ഘടന തന്നെയാണ് പ്രൊഡക്ഷന്‍ പതിപ്പിനും ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ക്വാഡ്രിസൈക്കിള്‍ വിഭാഗത്തില്‍ ബജാജ് മാത്രമാണ് വിപണിയില്‍ ഉള്ളത്.

ബജാജ് അവരുടെ ക്വാഡ്രിസൈക്കിളായ ക്യൂട്ട് ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവരുകയും ചെയ്തിരുന്നു. എന്നാല്‍ ക്യൂട്ട് ഇലക്ട്രിക്ക് എന്ന് വിപണിയില്‍ എത്തും എന്നത് സംബന്ധിച്ച് കമ്പനി വിവരങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

മഹീന്ദ്ര ആറ്റം 2020 മൂന്നാം പാദത്തില്‍ വിപണിയിലെത്തുമ്പോള്‍ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക്ക് ക്വാഡ്രിസൈക്കിളായി മാറും. ഇലക്ട്രിക്ക് വാഹനത്തിന്റെ നിര്‍മാണം ബംഗളൂരു പ്ലാന്റിലായിരിക്കും. എല്ലാ താഴ്ന്ന വോള്‍ട്ടേജ് മോഡലുകളും ഇവിടെയാണ് അസംബിള്‍ ചെയ്യുന്നത്.
15 കിലോവാട്ടില്‍ താഴെ കരുത്തായിരിക്കും ഉല്‍പ്പാദിപ്പിക്കുന്നത്. ചെറിയ വാഹനമാണെങ്കില്‍ കൂടിയും വലിയ വാഹനങ്ങളില്‍ കാണുന്ന ഫീച്ചറുകളും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് വാഹനത്തില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, ടെയിൽ ലാമ്പുകളും ഇടംപിടിച്ചേക്കും.

അകത്തളത്തില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, HVAC യൂണിറ്റും ഇടംപിടിച്ചേക്കും. ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് സുഖകരമായ രീതിയില്‍ യാത്ര ചെയ്യാവുന്ന വിധമായിരിക്കും വാഹനത്തിന്റെ ഡിസൈന്‍. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 70 കിലോമീറ്ററായി പരിമിതപ്പെടുത്തും.

മഹീന്ദ്ര ഇതുവരെ 150 കോടി രൂപയുടെ നിക്ഷേപമാണ് ക്വാഡ്രിസൈക്കിളുകള്‍ക്കായി നടത്തിയിരിക്കുന്നത്. ബംഗളൂരു പ്ലാന്റില്‍ പുതിയ അസംബ്ലി ലൈന്‍ സ്ഥാപിക്കുന്നതിന് 250 കോടി രൂപയും ചെലവഴിച്ചു. റിപ്പോര്‍ട്ട് പ്രകാരം ഇലക്ട്രിക്ക് KUV100, ഇലക്ട്രിക്ക് XUV300 എന്നിവ നിര്‍മിക്കുന്നതിന് ചാകണ്‍ പ്ലാന്റില്‍ 500 കോടി രൂപയുടെ നിക്ഷേപവും നടത്തും.

എന്നാല്‍ വാഹനം സംബന്ധിച്ച് വിലയോ, ബാറ്ററി വിവരങ്ങളോ ഒന്നും തന്നെ ലഭ്യമായിട്ടില്ല. വിപണിയില്‍ എത്തിയാല്‍ ബജാജ് ക്യൂട്ട് തന്നെയാകും മുഖ്യ എതിരാളി. പരീക്ഷണ ഓട്ടം നടത്തുന്ന ഇലക്ട്രിക്ക് ക്യൂട്ടിന് നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും ഡിസൈനില്‍ മാറ്റം ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല.


Click it and Unblock the Notifications








