മൈലേജാണ് പ്രധാനം; ബ്രെസയുടെ പെട്രോള്‍ മാനുവലിനും ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി മാരുതി
2020 ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി തങ്ങളുടെ ജനപ്രീയ കോപാക്ട് എസ്‌യുവി വിറ്റാര ബ്രെസയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കുന്നത്. 7.34 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

മുഖം മിനുക്കലിനൊപ്പം എഞ്ചിനിലും മാറ്റം വരുത്തിയാണ് പുതിയ പതിപ്പ് എത്തുന്നത്.ഡീസല്‍ എഞ്ചിന്‍ വിട്ട് പകരം പെട്രോള്‍ എഞ്ചിനാണ് പുതിയ പതിപ്പിന്റെ കരുത്ത്. ബിഎസ് VI പ്രാബല്യത്തില്‍ വരുന്നതോടെ ഡീസല്‍ മോഡലുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇതോടെയാണ് ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനു പകരം 1.5 ലിറ്റര്‍ K15B പെട്രോള്‍ എന്‍ജിനാകും പുതിയ ബ്രെസയ്ക്ക് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും.

സിയാസ്, എര്‍ട്ടിഗ, XL6 എന്നീ വാഹനങ്ങള്‍ക്ക് കരുത്തേകുന്നതും ഇതേ എന്‍ജിന്‍ തന്നെയാണ്. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും പുതിയ പതിപ്പില്‍ ലഭ്യമാകും. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 12V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം മാനുവല്‍ പതിപ്പിലും ഇടംപിടിക്കും.

നിലവില്‍ ഓട്ടോമാറ്റിക് പതിപ്പില്‍ മാത്രമാണ് ഈ സംവിധാനം ലഭിക്കുക. ഇതിനൊപ്പം സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ടെക്‌നോളജിയും ടോര്‍ഖ് ബൂസ്റ്റ് സംവിധാനവും ഈ പതിപ്പില്‍ ലഭ്യമാകും. ഈ ടെക്‌നോളജി കൂടി ഉള്‍പ്പെടുത്തുന്നതോടെ വാഹനത്തിന്റെ മൈലേജില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന ഡീസല്‍ യൂണിറ്റിന് ലിറ്ററിന് 24.3 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുമ്പോള്‍, പെട്രോള്‍ മാനുവലിന് 17.03 കിലോമീറ്ററും ഓട്ടോമാറ്റിക് വകഭേദങ്ങള്‍ക്ക്ക്ക് 18.76 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

ഹ്യുണ്ടായി വെന്യു, ഫോര്‍ട് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 എന്നിവരാണ് വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍. LXi, VXi, ZXi, ZXi+, VXi(AT)SHVS, ZXi+ Duel Tone, ZXi(AT)SHVS, ZXi+(AT)SHVS, ZXi+(AT) ഡ്യുവൽ ടോൺ എന്നിങ്ങനെ ഒമ്പത് വകഭേദങ്ങളിലാണ് ബ്രെസയുടെ പെട്രോള്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്.

ഇതില്‍ നാല് വേരിയന്റുകള്‍ക്കൊപ്പമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയിട്ടുള്ളത്. ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, L- ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, ഫോഗ്‌ലാമ്പ് എന്നിവയാണ് ബ്രെസയുടെ മുന്‍വശത്തെ മാറ്റങ്ങള്‍.

വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ ഏറ്റവും പുതിയ അലോയി വീലുകളാണ് ശ്രദ്ധേയ മാറ്റം. മെഷീന്‍ കട്ട് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും, വീല്‍ ആര്‍ച്ചുകളും, ക്ലാഡിങ്ങും, ബ്ലാക്ക് B -പില്ലര്‍, ബോഡി കളറില്‍നിന്ന് മാറിയുള്ള മിറര്‍ എന്നിവയൊക്കെയാണ് വശക്കാഴ്ചയിലെ പുതുമകള്‍.

പിന്നിലേക്ക് നോക്കുമ്പോള്‍ ടെയില്‍ ലാമ്പില്‍ പുനര്‍നിര്‍മ്മിച്ച എല്‍ഇഡി ഇന്‍സേര്‍ട്ട് ഒഴികെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. വാഹനത്തിന്റെ അകത്തളങ്ങളിലും കാര്യമായ മാറ്റങ്ങള്‍ ഇല്ല എന്നുവേണം പറയാന്‍. സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ റിട്രാക്ടിങ്ങ് റിയര്‍വ്യൂ മിറര്‍, ഓട്ടോ ഡിമ്മിങ്ങ്, ആന്റി ഗ്ലെയര്‍ ഗ്ലാസ്, ഗിയര്‍ ഷിഫ്റ്റ് ഇന്റിക്കേറ്റര്‍ എന്നിവ അകത്തളത്തിലെ പുതുമകളാണ്.

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ MID -ക്കായി ഡിജിറ്റല്‍ ഡിസ്പ്ലേയും ഉണ്ട്. ഉയര്‍ന്ന rpm കാണിക്കുന്നതിന് ടാക്കോമീറ്ററും കമ്പനി നവീകരിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയും വാഹനത്തില്‍ ഇടംപിടിക്കും. പുതിയ മൂന്ന് നിറങ്ങളിലും വാഹനം വിപണയില്‍ എത്തും.


Click it and Unblock the Notifications








