അരങ്ങേറ്റത്തിനൊരുങ്ങി മെര്‍സിഡീസ് EQC ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് രാജ്യത്ത്, ആദ്യത്തെ പ്രീമിയം ഇലക്ട്രിക്ക് എയ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

നേരത്തെ കൊവിഡ്-19 മൂലം മാറ്റിവെച്ചിരുന്ന വാഹനത്തിന്റെ അവതരണം സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വാഹനത്തിന്റെ അവതരണം ഉണ്ടാകുമെന്നാണ് കമ്പനി വക്താവ് അറിയിച്ചിരിക്കുന്നത്.

കമ്പനി അടുത്തിടെ തങ്ങളുടെ മുന്‍നിര എസ്‌യുവി GLS -നെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് എസ്‌യുവി രാജ്യത്ത് നേരത്തെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും നിലവിലുള്ള കൊവിഡ്-19 മൂലം പദ്ധതികളില്‍ മാറ്റം വരുത്തുകയായിരുന്നു.

നേരത്തെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി EQ എന്നൊരു ബ്രാന്‍ഡും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മെര്‍സിഡീസ് ബെന്‍സ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ഈ മോട്ടോര്‍ 408 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കും.

5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഒറ്റ ചാര്‍ജില്‍ 445-471 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം. അതേസമയം DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. താങ്ങവുന്ന വിലയില്‍ വിപണിയില്‍ ടാറ്റയും മഹീന്ദ്രയും ഹ്യണ്ടായിയും എല്ലാം ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ വെളിപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.


Click it and Unblock the Notifications








