എംജി ZS ഇവിയുടെ ആദ്യഘട്ട ബുക്കിംഗ് നാളെ അവസാനിക്കും
ഇന്ത്യൻ വിപണിയിലേക്ക് അടുത്തിടെ കടന്നു വന്ന അന്താരാഷ്ട്ര നിർമ്മാതാക്കളായ എംജി രാജ്യത്ത് ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്.

ആദ്യ മോഡലായ ഹെക്ടറിന് ലഭിച്ച വൻ വരവേൽപ്പിന് പിന്നാലെ രണ്ടാം മോഡൽ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. ZS ഇലക്ട്രിക് എസ്‌യുവിയാണ് എംജിയിൽ നിന്ന് രണ്ടാമതായി എത്തുന്ന വാഹനം.

50,000 രൂപയുടെ ടോക്കൺ തുകയ്ക്കെതിരെ കഴിഞ്ഞ ഡിസംബർ 21 ന് എംജി ZS ഇവിയുടെ ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിരുന്നു. പൂർണ്ണ-ഇലക്ട്രിക് എസ്‌യുവി തുടക്കത്തിൽ ഡെൽഹി NCR, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു എന്നിങ്ങനെ അഞ്ച് നഗരങ്ങളിൽ മാത്രമേ ലഭ്യമാകൂ.

എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനം എത്തുന്നത്. ഈ മാസം അവസാനം ZS ഇവി പുറത്തിറക്കി കഴിഞ്ഞാൽ മാത്രമേ ഇരു പതിപ്പുകളുടേയും വില കമ്പനി വെളിപ്പെടുത്തുകയുള്ളൂ. കൂടാതെ ജനുവരി 17 ന് വാഹനത്തിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് എംജി അറിയിച്ചു.

ജനുവരി 17 ന് മുമ്പ് നടത്തിയ എല്ലാ ബുക്കിംഗുകളും നിർമ്മാതാക്കളുടെ പ്രത്യേക വിലനിർണ്ണയത്തിന് വിധേയമായിരിക്കും, ഇത് എന്തായിരിക്കും എന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

IP67 റേറ്റുചെയ്ത 44.5 കിലോവാട്ട് ബാറ്ററി പാക്കാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ZS ഇവിയിൽ നൽകിയിരിക്കുന്ന ഇലക്ട്രിക് മോട്ടോറിന് 143 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും.

8.5 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും. ഒരൊറ്റ ചാർജിൽ 340 കിലോമീറ്റർ സഞ്ചരിക്കാൻ ZS ഇവിക്ക് കഴിയുമെന്ന് എംജി അവകാശപ്പെടുന്നു.

സാധാരണ 7.4 കിലോവാട്ട് വോൾ ബോക്സ് ചാർജർ ഉപയോഗിച്ച് പൂർണ്ണമായി ചാർജ് ചെയ്യാൻ 6-8 മണിക്കൂർ വരെ സമയം എടുക്കും. അതേസമയം, ഒരു DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച ഒരു മണിക്കൂറിൽ 0-80 ശതമാനം ബാറ്ററി ചാർജ് ചെയ്യാൻ കഴിയും.

ZS ഇവിയുടെ രണ്ട് വകഭേദങ്ങളിൽ എക്‌സൈറ്റാണ് വാഹനത്തിന്റെ എൻട്രി ലെവൽ പതിപ്പ്. റൂഫ് റെയിലുകൾ, ലെതർ സീറ്റുകൾ, ഡ്യുവൽ-പാൻ സൺറൂഫ്, PM 2.5 എയർ ഫിൽട്ടർ, i-സ്‌മാർട്ട് ഇവി 2.0 കണക്റ്റഡ് സവിശേഷതകൾ, ആറ് സ്പീക്കർ സിസ്റ്റം എന്നിവയാണ് എക്സൈറ്റിന്റെ സവിശേഷതകൾ.

അതേസമയം, എക്സ്ക്ലൂസീവ് പതിപ്പിന് 8.0 ഇഞ്ച് ടച്ച്സ്ക്രീൻ, നാല് സ്പീക്കറുകൾ, ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ESP എന്നിവയും ലഭിക്കുന്നു.

എസ്‌യുവിയുടെ ടർബോ പെട്രോൾ എഞ്ചിൻ വെളിപ്പെടുത്തുന്ന ഒരു RTO ഡോക്കുമെന്റ് വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തു വന്നതാണ് ZS ഇവിയെക്കുറിച്ചുള്ള മറ്റ് പ്രധാന വാർത്തകൾ.

ഇതിലൂടെ, ZS -ന്റെ പരമ്പരാഗത പവർട്രെയിൻ പതിപ്പുകളും ഉടൻ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം. 23 ലക്ഷം മുതൽ 25 ലക്ഷം വരെയായിരിക്കും വാഹനത്തിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








