X7 എസ്‌യുവിയുടെ പുതിയ വകഭേദത്തെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 92.50 ലക്ഷം രൂപ
ആഡംബര എസ്‌യുവി ശ്രേണിയില്‍ ബിഎംഡബ്ല്യു ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച മോഡലാണ് X7. വിപണിയില്‍ എത്തി ചുരുങ്ങിയ സമയംകൊണ്ട് മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുകയും ചെയ്തത്.

xDrive40i, xDrive30d എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. 98.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. വാഹനത്തിന് ആവശ്യക്കാര്‍ കൂടുയതോടെ ഇപ്പോഴിതാ xDrive30d DPE എന്നൊരു അടിസ്ഥാന പതിപ്പിനെ കൂടി കമ്പനി അവതരിപ്പിച്ചു.

92.50 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറും വില. പുതിയ പതിപ്പിനെ അവതരിപ്പിച്ചതോടെ പഴയ രണ്ട് പതിപ്പുകളുടെയും വില കമ്പനി ഉയര്‍ത്തി. xDrive30d, xDrive40i മോഡലുകളുടെ വില യഥാക്രമം Rs 1.02 കോടിയായും, Rs 1.06 കോടിയായുമായിട്ടാണ് കമ്പനി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

xDrive30d വേരിയന്റിനൊപ്പം DPE signature എന്നും xDrive40i വേരിയന്റിനൊപ്പം M Sport എന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എസ്‌യുവിയുടെ ഡീസല്‍ പതിപ്പ് പ്രാദേശികമായി ഉത്പാദിപ്പിക്കുമ്പോള്‍ പെട്രോള്‍ വകഭേദം CBU (കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ്) വഴി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്.

ഇന്ത്യയിലെ കമ്പനിയുടെ വില്‍പ്പനയെ സംബന്ധിച്ചിടത്തോളം വളരെ വിജയകരമായ ഒരു ഉല്‍പ്പന്നമാണെന്ന് ബിഎംഡബ്ല്യു X7 മോഡല്‍ തെളിയിച്ചതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രുദ്രതേജ് സിംഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ബിഎംഡബ്ല്യുവില്‍ നിന്നുള്ള മികച്ച ഇന്‍-ക്ലാസ് പ്രൊഡക്റ്റ് ഓഫറായതിനാല്‍ X7-ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മികച്ച പ്രതികരണമുണ്ടെന്നും കമ്പനി സ്ഥിരീകരിക്കുന്നു. പുതിയൊരു വകഭേദത്തെ അവതരിപ്പിച്ചെങ്കിലും മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

340 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ സ്ട്രെയിറ്റ്-6, ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് xDrive40i-ന്റെ കരുത്ത്. 265 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കുന്ന 3.0 ലിറ്റര്‍ സ്ട്രെയിറ്റ്-6 ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് xDrive30d വകഭേദത്തിന്റെ കരുത്ത്.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ എക്‌സ്-ഡ്രൈവ് ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം X7 -ല്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

വലിയ സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്ലുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ വലിയ ഗ്രില്‍ ലഭിച്ച ആദ്യത്തെ മോഡലാണ് ഈ എസ്‌യുവി. പിന്നീട് കമ്പനിയുടെ 7 സീരീസ് സെഡാനിലും ഇത് അവതരിപ്പിച്ചു. വലിയ ഗ്രില്ലിനൊപ്പം ചെറിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് മുന്നിലെ പ്രധാന ആകര്‍ഷണം.

ഇന്റഗ്രേറ്റഡ് ഡേ ടൈം റണ്ണിങ് ലൈറ്റുകളുള്ള ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, 20 ഇഞ്ച് അലോയ് വീലുകള്‍, ട്വിന്‍ എക്സ്ഹോസ്റ്റ് എന്നിവ മോഡലിന്റെ മറ്റ് സവിശേഷതകളാണ്.

പ്രീമിയം ക്വില്‍റ്റഡ് ലെതര്‍ സീറ്റുകള്‍, ബോവേഴ്സ്, വില്‍ക്കിന്‍സ് സറൗണ്ട് സൗണ്ട് സിസ്റ്റം, അഞ്ച് സോണ്‍ ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, 12.4 ഇഞ്ച് സ്പ്ലിറ്റ് ഇന്‍ഫോടെയിന്‍മെന്റ് ഡിസ്പ്ലേ, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.4 ഇഞ്ച് സ്‌ക്രീന്‍ എന്നിവയും വാഹനത്തിലുണ്ട്.

മിനറല്‍ വൈറ്റ്, ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയര്‍, ടെറ ബ്രൗണ്‍, ആര്‍ട്ടിക് ഗ്രേ ബ്രില്യന്റ് ഇഫക്റ്റ്, കാര്‍ബണ്‍ ബ്ലാക്ക് എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ ബിഎംഡബ്ല്യു X7 ലഭ്യമാകും.


Click it and Unblock the Notifications








