വില പ്രഖ്യാപിച്ചിട്ടില്ല; ബുക്കിങ് വാരിക്കൂട്ടി ഹ്യുണ്ടായി ക്രെറ്റ
2020 ഓട്ടോ എക്‌സ്‌പോയിലാണ് ഉടച്ചുവര്‍ത്ത പുതിയ ക്രെറ്റയെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. രണ്ടാം തലമുറ മോഡലിനെ മാര്‍ച്ച് 17 -ന് വിപണിയില്‍ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ച് ഒരു ആഴ്ച പിന്നിടുമ്പോള്‍ ക്രെറ്റ സ്വന്തമാക്കാനുള്ള തിരക്കുകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 10,000 അധികം ബുക്കിങ്ങുകളാണ് ഒരു ആഴ്ച കൊണ്ട് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

ആദ്യ നാളുകളില്‍ എസ്‌യുവി ശ്രേണിയിലെ ജനപ്രീയ മോഡലായിരുന്നു ക്രെറ്റ. എന്നാല്‍ ശ്രേണിയിലേക്ക് പുതുമുഖങ്ങള്‍ എത്തിയതോടെ വില്‍പ്പനയില്‍ കാര്യമായ ഇടിവ് ഉണ്ടായി. ഇതോടെയാണ് ഇപ്പോള്‍ പുതിയ പതിപ്പിനെ അവതരിപ്പിച്ച് വില്‍പ്പന തിരിച്ച് പിടിക്കാന്‍ കമ്പനി ശ്രമിക്കുന്നത്.

10,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. ആകര്‍ഷകമായ ഡിസൈന്‍ മാറ്റമാണ് രണ്ടാം തലമുറ ക്രെറ്റയില്‍ വരുത്തിയിരിക്കുന്നത്. അടുത്തിടെ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ച ix25 എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ ഡിസൈന്‍.

വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍.

പുതിയ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളാണ് വാഹനത്തിലുമുള്ളത്. ബ്ലാക്ക് ഫിനീഷിങ് B-പില്ലറുകള്‍, വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ് എന്നിവ വശങ്ങളെ മനേഹരമാക്കും. എല്‍ഇഡി സ്ട്രിപ്പ് ലൈറ്റും പുതിയ ടെയില്‍ ലാമ്പും ഡ്യുവല്‍ ടോണ്‍ ബമ്പറും റിയര്‍ ഫോഗ് ലാമ്പുമാണ് പിന്‍വശത്തെ മനോഹരമാക്കുന്നത്.

ക്രെറ്റയുടെ അകത്തളവും കൂടുതല്‍ ആഡംബരമാകും. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും പ്രധാന മാറ്റം. ഹ്യുണ്ടായിയുടെ പുതിയ ബ്ലൂലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് എംഐഡി (MID) ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവിങ് മോഡുകള്‍ എന്നിവയും അകത്തളത്തെ സമ്പന്നമാക്കും.

ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് തുടങ്ങി ഒന്നിലധികം ഡ്രൈവിങ് മോഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം സ്‌നോ, സാന്റ്, മഡ് എന്നീ ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകളും പുതിയ ഹ്യുണ്ടായി എസ്‌യുവിയില്‍ ഇടംപിടിച്ചേക്കും.

ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്ക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് എന്നിങ്ങനെയാണ് ഗിയര്‍ബോക്‌സ്.


Click it and Unblock the Notifications








