കോംപാക്ട് എസ്‌യുവിയുടെ പേര് പുറത്തുവിട്ട് നിസ്സാന്‍
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍ പുതിയ കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന ടീസര്‍ ചിത്രങ്ങളും നേരത്തെ തന്നെ കമ്പനി പുറത്തുവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വാഹനത്തിന്റെ പേര് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നിസ്സാന്‍ മാഗ്‌നെറ്റ് എന്നായിരിക്കും പുതിയ കോപാക്ട് എസ്‌യുവിയുടെ പേര് എന്നാണ് ലഭിക്കുന്ന സൂചന.

2020 -ന്റെ പകുതിയോടെ തന്നെ ഈ വാഹനം നിരത്തുകളിലെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് ആണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നാല് മാസത്തിനുള്ളില്‍ കോപാക്ട് എസ്‌യുവിയെ നിരത്തില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ശ്രേണിയില്‍ വാഹനങ്ങള്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് പുതിയ വാഹനത്തെ അവതരിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെയും നിര്‍മ്മാണം.

ഫീച്ചര്‍ സമ്പന്നമാണ് ഈ അഞ്ച് സീറ്റര്‍ വാഹനം എന്നും കമ്പനി അറിയിച്ചു. ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവരും നിസ്സാന്റെ പുതിയ വാഹനത്തിന്റെ നിരത്തിലെ എതിരാളികള്‍.

കഴിഞ്ഞ വര്‍ഷം ഏറെ പ്രതീക്ഷയോടെ കിക്ക്സിനെ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വലിയ വിജയങ്ങള്‍ സ്വന്തമാക്കാന്‍ വാഹനത്തിന് സാധിച്ചില്ല. 98 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന വാഹനമായിരിക്കും നിസ്സാന്റെ ഈ കോപാക്ട് എസ്‌യുവി. പിന്നീട് മറ്റ്‌വിദേശ രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതി ചെയ്യുമെന്നാണ് സൂചന.

കിക്ക്‌സിനോട് സാമ്യമുള്ള ഡിസൈനായിരിക്കും ഈ വാഹനത്തിനും. നിലവില്‍ ഈ ശ്രേണിയില്‍ നിരത്തിലുള്ള മോഡലുകളോട് കിടപിടിക്കുന്ന ഡിസൈന്‍ സൗന്ദര്യവും ഫീച്ചര്‍ നിരയും വാഹനത്തില്‍ ഉണ്ടാകും. നിസ്സാന്‍ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ അവതരിപ്പിക്കുന്നത്.

എന്നാല്‍, ഈ വാഹനത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഫ്ളോട്ടിങ് റൂഫ്, സില്‍വര്‍ നിറത്തിലുള്ള റൂഫ് റെയിലുകള്‍, വലിപ്പം കൂടിയ C-പില്ലര്‍, വശങ്ങളിലേക്ക് കയറി നില്‍ക്കുന്ന ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നീ വിവരങ്ങള്‍ മാത്രമാണ് നേരത്തെ കമ്പനി പുറത്തുവിട്ടിരിക്കുന്ന ടീസര്‍ ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ഓഫ് റോഡ് ലുക്ക് നല്‍കുന്നതിനായി വലിപ്പം കൂടിയ വീല്‍ ആര്‍ച്ചുകളും കറുപ്പ് നിറത്തിലുള്ള ക്ലാഡിങ്ങും നിസ്സാന്‍ പുതിയ വാഹനത്തില്‍ ഉള്‍പ്പെടുത്തിയോക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് (ലോക വിപണിയ്ക്കായി ഇന്ത്യയില്‍ നിര്‍മ്മിക്കുക) എന്ന തത്വത്തില്‍ അധിഷ്ഠിതമായി ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന വാഹനമായിരിക്കും ഇതെന്നും കമ്പനി അവകാശപ്പെടുന്നു.

അതേസമയം കിക്ക്‌സിന്റെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിസ്സാന്‍. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കിക്ക്‌സിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

വലിയ അകമ്പടിയോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വിപണിയില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വാഹനത്തിന് സാധിച്ചില്ല. എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യയിലേക്ക് പുതിയ ഒരു മോഡല്‍ അവതരിപ്പിച്ചത്.


Click it and Unblock the Notifications








