കൊവിഡ്-19; ഒരു കോടി രൂപയുടെ ധനസഹായവുമായി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍
കൊറോണ വൈറസിനെതിരായിട്ടുള്ള പോരാട്ടത്തില്‍ ധനസഹായവുമായി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ രംഗത്ത്. രോഗ ബാധിതരെ പരിചരിക്കുന്ന പൂനെയിലെ സസൂണ്‍ ആശുപത്രിക്ക് ഒരു കോടി രൂപയുടെ ധനസഹായവുമായിട്ടാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും തീവ്രപരിചരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമാണ് ധനസഹായം നല്‍കുന്നതെന്നും കമ്പനി അറിയിച്ചു. നേരത്തെ തന്നെ വിവിധ സഹായങ്ങളുമായി മിക്ക നിര്‍മ്മാതാക്കളും രംഗത്തെത്തിയിരുന്നു.

പൂനെ, ഔറംഗാബാദ്, മുംബൈ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് 35,000 ബോട്ടില്‍ സാനിറ്റൈസറും, ഔറംഗാബാദില്‍ 50,000 ഭക്ഷണപൊതികളും നല്‍കുമെന്ന് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. കമ്പനികളുടെ ചാകനിലെ പ്ലാന്റില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ് ഷീല്‍ഡുകള്‍ ഒരുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഫോഗ് തടയാന്‍ കഴിയുന്ന ഫെയ്സ് ഷീല്‍ഡുകളാണ് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ നിര്‍മ്മിക്കുന്നത്. ഇത് സസൂണ്‍ ആശുപത്രി ഡീന്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്. ഫോഗ് തടയുന്നതിനാല്‍ തന്നെ ഐസിയുവിലും ഒപിയിലുമെല്ലാം ഈ ഷീല്‍ഡ് ഉപയോഗപ്പെടുത്താമെന്നും ഇത് അണുവിമുക്തമാക്കാനും സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.

നിലവില്‍ സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും അടഞ്ഞുകിടക്കുകയാണ്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ മറ്റ് പല നിര്‍മ്മാതാക്കളും വിവിധ സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു. വെന്റിലേറ്റര്‍ സൗകാര്യവും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്രയും രംഗത്തെത്തിയിട്ടുണ്ട്.

പുത്തന്‍ ഫേസ് ഷീല്‍ഡിന്റെ ചിത്രവും, ഇതുസംബന്ധിച്ച വാര്‍ത്തയും കമ്പനി മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക് തന്നെ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍ നിന്നാണു മഹീന്ദ്ര ഈ മുഖാവരണത്തിന്റെ രൂപകല്‍പ്പന സ്വന്തമാക്കിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

ഘട്ടം ഘട്ടമായി ഇവയുടെ ഉല്‍പ്പാദനം ഗണ്യമായി ഉയര്‍ത്താനാകും. മുംബൈയ്ക്കടുത്ത് കാന്‍ഡിവ്ലിയില്‍ മഹീന്ദ്രയ്ക്കായി യന്ത്രഘടകങ്ങള്‍ സപ്ലൈ ചെയ്യുന്ന കമ്പനിയാവും ഈ മുഖാവരണം നിര്‍മിക്കുക. കൊറോണ വൈറസിനെതിരെ പേരാടാന്‍ വെന്റിലേറ്റര്‍ വികസിപ്പിക്കാനുള്ള നടപടികളും മഹീന്ദ്ര നേരത്തെ ആരംഭിച്ചിരുന്നു.

ലോക്ക്ഡൗണിന്റെ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്ന വാഹന നിര്‍മാണ ശാലകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ഒരുക്കമാണെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിക്കുകയും 48 മണിക്കൂറിനുള്ളില്‍ ഇതിന്റെ മതൃക കമ്പനി പുറത്തുവിടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications