നെക്‌സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം രൂപ
നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ്. 13.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ഒരുപിടി പുതുമകള്‍ക്കൊപ്പം പുതിയ മൂന്ന് നിറങ്ങളിലുമാണ് വാഹനം എത്തിയിരിക്കുന്നത്.

XM, XZ+, XZ+Lux എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. മൂന്ന് പതിപ്പുകളിലും നിരവധി ഫീച്ചറുകളും കമ്പനി നല്‍കിയിട്ടുണ്ട്. 2019 ഡിസംബറില്‍ നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കുമെങ്കിലും 2020 -ല്‍ മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളുവെന്ന് കമ്പനി അറിയിച്ചിരുന്നു.

അതേസമയം വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. ഔദ്യോഗിക വെബ്സൈറ്റ് വഴിയും, ഡീലര്‍ഷിപ്പുകള്‍ വഴിയും ബുക്ക് ചെയ്യാമെന്നാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. 21,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്സോണ്‍.

ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ 250-300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.

കണക്ടിവിറ്റി സംവിധാനവും വാഹനത്തിന്റെ സവിശേഷതയാണ്. സികണക്ട് ആപ്പ് ഉപയോഗിച്ച് മൊബൈല്‍ വഴി തന്നെ മുഴുവന്‍ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും. ഡിസൈനില്‍ ഉള്‍പ്പടെ നിരവധി പുതുമകളോടെയാണ് ആദ്യ ഇലക്ട്രിക്ക് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും. വാഹനത്തിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പ്രധാന നഗരങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ടാറ്റാ മോട്ടോര്‍സ് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും അവതരണവേളയില്‍ അറിയിച്ചു. ഹോം ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിനായി ഏകദേശം 8 മണിക്കൂര്‍ ആവശ്യമാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

പുതുക്കിയ ഗ്രില്ല്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പോടുകൂടിയ പുതിയ ഹെഡ്‌ലാമ്പ്, പുതിയ ബമ്പര്‍, പുതിയ ടെയില്‍ലാമ്പ് എന്നിവയാണ് ഇലക്ട്രിക്ക് പതിപ്പിന്റെ സവിശേഷതകള്‍.

പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീലും, ഗിയര്‍നോബും അകത്തളത്തെ സവിശേഷതകളാണ്.

കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ഡ്രൈവിങ് മോഡുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് വൈപ്പറുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്-ഇബിഡി ബ്രേക്കിങ് സംവിധാനം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്‌സ് ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകള്‍ സുരക്ഷയ്ക്കായി വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

9.9. സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. വിപണിയില്‍ എത്തുന്ന മഹീന്ദ്രയുടെ XUV300, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് എന്നിവരാകും വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.


Click it and Unblock the Notifications