ടാറ്റ നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇതിനോടകം തന്നെ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

പരസ്യ ചിത്രീകരണത്തിനായുള്ള ഷൂട്ടിനിടെയാണ് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. റഷ്‌ലെയ്ന്‍ ആണ് ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്. പുതിയ മോഡലില്‍ സണ്‍റൂഫും കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

സ്ഥലം കൃത്യമല്ലെങ്കിലും കേരളത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കുന്നിന്‍ മുകളില്‍ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് സമീപമായി ഒരു മഹീന്ദ്ര ഥാറും ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്. നിലവിലെ മോഡലില്‍ സണ്‍റൂഫ് ലഭ്യമല്ല.

എന്നാല്‍ നെക്‌സോണിന്റെ വിപണിയിലെ മുഖ്യഎതിരാളികളായ ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവരെല്ലാം സണ്‍റൂഫ് ഫീച്ചറോടെ വിപണിയില്‍ എത്തിയതാണ് ഇപ്പോള്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ടാറ്റയും ഈ സവിശേഷത ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് XE, XM, XMA, XZ, XZ+, XZA+, XZ+ (O), XZA+ (O) തുടങ്ങിയ വകഭേദങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആറ് പുതിയ കളര്‍ ഓപ്ഷനുകളും ഫെയ്‌സ് ലിഫ്റ്റ് പതിപ്പിന്റെ സവിശേഷതയാണ്.

ഡിസൈന്‍ നോക്കിയാല്‍ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച് നെക്‌സോണ്‍ ഇലക്ട്രിക്കുമായി ഒരു സാമ്യം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കാണാന്‍ സാധിക്കും.2019 ഡിസംബര്‍ മാസത്തിലാണ് നെക്സോണ്‍ ഇലക്ട്രിക്കിനെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചത്.

ജനുവരി 28 -ന് വാഹനം വിപണിയില്‍ എത്തിക്കും. മികച്ച പ്രതികരണങ്ങളാണ് നെക്സോണ്‍ ഇലക്ട്രിക്കിന് ലഭിക്കുന്നത്. ഡിസൈന്‍ കൊണ്ടും, പുതിയ ഫീച്ചറുകള്‍ കൊണ്ടും, പുതിയൊരു ലുക്കുകൊണ്ടും മികച്ചതാണ് നെക്സോണ്‍ ഇലക്ട്രിക്ക്.

ഇപ്പോള്‍ വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്നതും നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനായിട്ടാണ്. നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന നെക്സോണിന്റെ ചിത്രങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ പുതിയ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

മുന്നിലെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2017 -ന്റെ അവസാനത്തേടെയാണ് നെക്‌സോണ്‍ വിപണിയില്‍ എത്തുന്നത്. പുതുക്കിയ ബമ്പറാണ് മുന്‍വശത്തെ പ്രധാന മാറ്റം. പരിഷ്‌കരിച്ച ബോണറ്റ് ഡിസൈനും പുതുക്കിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുമാണ് മറ്റൊരു സവിശേഷത.

അതോടൊപ്പം L ഡിസൈനോടുകൂടിയ ഡേ ടൈം റണ്ണിങ് ലാമ്പുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ ഗ്രില്ലും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തും. നെക്സോണിന്റെ ഇലക്ട്രിക്ക് പതിപ്പില്‍ ഈ സവിശേഷതകളൊക്കെ ഉള്‍പ്പെടുത്തിയിരുന്നു. ഫെയ്‌സ്‌ലിഫ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക്കിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അകത്തളത്തിലെ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, മാറ്റങ്ങള്‍ കമ്പനി പരിമിതപ്പെടുത്തിയേക്കാം. പുതിയൊരു സ്റ്റിയറിങ് വീലും അതിനൊപ്പം ക്രൂയിസ് കണ്‍ട്രാള്‍ സ്വിച്ചുകളും നല്‍കിയേക്കും. എന്നാല്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

നെക്സോണ്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ ബിഎസ് VI കംപ്ലയിന്റ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളാവും നല്‍കുക. പെട്രോള്‍, ഡീസല്‍ വകഭേതങ്ങളില്‍ നെക്സോണ്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ടര്‍ബോ ചാര്‍ജ്ഡാണ്.

108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ലഭ്യമാണ്.

ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്‌പോര്‍ട് തുടങ്ങിയവരാണ് നെക്‌സോണിന്റെ എതിരാളികള്‍.


Click it and Unblock the Notifications








