15 മിനിറ്റില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം; eQ ഇലക്ട്രിക്കുമായി ടൊയോട്ട
ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രിയം ഏറിയതോടെ നിര്‍മ്മാതാക്കളുടെ ശ്രദ്ധയും ഇപ്പോള്‍ ഇലക്ട്രിക്ക് മോഡലുകളിലേക്കാണ്. മിക്കവരും ഈ ശ്രേണിയിലേക്ക് വരവ് അറിയിച്ചു കഴിഞ്ഞു. അടുത്തിടെയായി പുതിയ ഇലക്ട്രിക്ക് വാഹനങ്ങളെ വിപണി പരിചയപ്പെടുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും ഇലക്ട്രിക്ക് വാഹനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ വിപണിയ്ക്ക് അനുയോജ്യമായ ചെറു ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ കമ്പനി അറിയിച്ചിരുന്നു.

ടൊയോട്ട eQ BEV (ബാറ്ററി ഇലക്ട്രിക്ക് വെഹിക്കിള്‍) എന്ന് പേരിട്ടിരിക്കുന്ന വാഹനം ആണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. ടൊയോട്ടയുടെ പെട്രോള്‍ വാഹനമായ iQ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് ഈ ഇലക്ട്രിക്ക് വാഹനത്തിന്റെ നിര്‍മ്മാണം.

മഹീന്ദ്ര e2o, സ്മാര്‍ട്ട് ഫോര്‍ട്ട്വോ ഇലക്ട്രിക്ക്, എംജി E200 (2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്) എന്നിവയ്ക്ക് സമാനമായ വിഭാഗത്തിലാണ് ടൊയോട്ട eQ ഇലക്ട്രിക്കും വരുന്നത്. 2012 മുതല്‍ eQ അന്താരാഷ്ട്ര വിപണികളില്‍ ലഭ്യമാണ്. 12kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന്റെ കരുത്ത്.

ഈ ഇലക്ട്രിക്ക് മോട്ടോര്‍ 63 bhp കരുത്തും 163 Nm torque ഉം ഉത്പാദിപ്പിക്കും. നഗര യാത്രകള്‍ക്ക് അനുയോജ്യമായി പ്രത്യേകം രൂപകല്‍പന ചെയ്ത മോഡലാണിത്. പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ച്, ഹ്രസ്വദൂര യാത്രകള്‍ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ചെറു ഇലക്ട്രിക്ക് കാര്‍ വിപണിയില്‍ അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഒറ്റ തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം വരം സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 60 കിലോമീറ്ററാണ് പരമാവധി വേഗത. 200V AC ഔട്ട്‌ലെറ്റ് വഴി വാഹനം പൂര്‍ണമായും ചാര്‍ദജ് ചെയ്യാന്‍ മൂന്നു മണിക്കൂര്‍ ആവശ്യമാണ്.

എന്നാല്‍ DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 15 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു. നോര്‍മല്‍, പവര്‍ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തില്‍ ലഭ്യമാണ്. എളുപ്പത്തില്‍ വളച്ചെടുക്കാന്‍ ഷോര്‍ട്ട് ടേണിങ് റേഡിയസാണ് വാഹനത്തിനുള്ളത്.

നഗര യാത്രകള്‍ക്ക് അനുയോജ്യമാണെങ്കിലും ഇതിനെ ഒരു ഫെര്‍ഫോമെന്‍സ് വാഹനമായി കാണേണ്ടതില്ല. കാഴ്ചയില്‍ ചെറുതെങ്കില്‍ നാലു പേര്‍ക്ക് വാഹനത്തില്‍ യാത്ര ചെയ്യാം. സ്പോര്‍ട്ടി ബോണറ്റിനൊപ്പം മുന്നില്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ കാണാം.

ടേണ്‍ ഇന്‍ഡികേറ്ററോടെയുള്ള റിയര്‍വ്യൂ മിറര്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്റ്റീല്‍ വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളും ചെറു ഇലക്ട്രിക്ക് കാറിന്റെ സവിശേഷതകള്‍. ഹെഡ്ലാമ്പുകള്‍ക്ക് നടുവിലായാണ് ചാര്‍ജിങ് പോര്‍ട്ട്.

3,115 mm നീളവും 1,680 mm വീതിയും 1,535 mm ഉയരവും മാത്രമാണ് വാഹനത്തിനുള്ളത്. 2,000 mm ആണ് വാഹനത്തിന്റെ വീല്‍ബേസ്. പ്രായമായവര്‍ക്കും അനയാസം കൈകാര്യം ചെയ്യത്തക്ക വിധമാണ് വാഹനത്തിന്റെ നിര്‍മ്മാണമെന്നും ടൊയോട്ട വാഹന വികസന മേധാവി അകിഹിരൊ യനാക് പറഞ്ഞു.

ഉടന്‍ തന്നെ eQ ഇലക്ട്രിക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വാഹനത്തിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല.


Click it and Unblock the Notifications








