വരാനിരിക്കുന്ന Skoda Slavia-യെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍
ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന സ്ലാവിയയുടെ ഇന്റീരിയര്‍ അടുത്തിടെ സ്‌കോഡ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിനായുള്ള ബ്രാന്‍ഡിന്റെ രണ്ടാമത്തെ പുതിയ മോഡലാണ് സ്‌കോഡ സ്ലാവിയ.

ഈ വര്‍ഷം അവസാനത്തോടെ മോഡല്‍ അവതരിപ്പിക്കാനാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള റാപ്പിഡിന് പകരക്കാരനായാകും മോഡല്‍ എത്തുക. അതിനാല്‍, നിരവധി മാറ്റങ്ങളോടെയാണ് വാഹനം വിപണിയില്‍ എത്തുക. വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കിയാലോ?.

എക്‌സ്റ്റീരിയര്‍
പുതിയ സ്‌കോഡ സ്ലാവിയ ചെക്ക് ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷ പിന്തുടരുമെന്ന് വേണം പറയാന്‍. ഇത് സ്‌കോഡയുടെ മിഡ്-സൈസ് എസ്‌യുവിയായ കുഷാഖിന് അടിവരയിടുന്ന MQB A0-IN പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സ്‌കോഡ സ്ലാവിയ നിലവിലെ തലമുറയിലെ സ്‌കോഡ ഒക്ടാവിയയെ പോലെ തന്നെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. L ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്കൊപ്പം മിനുസമാര്‍ന്ന എല്‍ഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റുകളാല്‍ ചുറ്റപ്പെട്ട ഒരു സാധാരണ സ്‌കോഡ ഷഡ്ഭുജ ഗ്രില്ലും ഡിസൈന്റെ ഭാഗമാകും.

സ്ലാവിയയുടെ പ്രൊഫൈലിന് വിന്‍ഡോ ലൈനിലുടനീളം പ്രവര്‍ത്തിക്കുന്ന പ്രതീക ലൈനുകളും സൈഡ് സ്‌കര്‍ട്ടുകളും ലഭിക്കും. അലോയ് വീലുകളും പുതിയ ഡിസൈന്‍ അവതരിപ്പിക്കും.

ഇന്റീരിയര്‍ & സ്‌പെയ്‌സ്
MQB A0-IN പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങുന്നതെന്ന് പറഞ്ഞല്ലോ, അതുകൊണ്ട് തന്നെ വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയ നല്ല ഇന്റീരിയര്‍ സ്‌പെയ്‌സും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമായി വരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഇതുകൂടാതെ, സ്‌കോഡ സ്ലാവിയയ്ക്ക് 4,541 mm നീളവും 1,752 mm വീതിയും 1,487 mm ഉയരവും ഉണ്ട്, ഇത് വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയയെ അതിന്റെ സെഗ്മെന്റിലെ രണ്ടാമത്തെ നീളവും വീതിയുമുള്ള കാറാക്കി മാറ്റുകയും ചെയ്യുന്നു.

കൂടാതെ, 2,651 mm വീല്‍ബേസ് ഉള്ളതിനാല്‍, വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയ മികച്ച ഇന്‍-ക്ലാസ് റിയര്‍ ലെഗ്‌റൂം സ്‌പേസ് വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സ്ലാവിയയിലെ ക്യാബിന്റെ ഡിസൈന്‍ സവിശേഷതകള്‍ പരിശോധിച്ചാല്‍, പ്രധാന എസി വെന്റുകള്‍ക്ക് തൊട്ടുമുകളില്‍ മധ്യഭാഗത്തായി ഇരിക്കുന്ന സെന്‍ട്രല്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍ ഉള്ള ഫ്‌ലൂയിഡ് ഹോറിസോണ്ടല്‍ ഡാഷ്‌ബോര്‍ഡ് ലേഔട്ട് പ്രദര്‍ശിപ്പിക്കുന്നു. ഇരുവശത്തും വൃത്താകൃതിയിലുള്ള എസി വെന്റുകളുണ്ടാകും.

വയര്‍ലെസ് ചാര്‍ജിംഗ് ഓപ്ഷനുള്ള സെന്‍ട്രല്‍ യൂണിറ്റില്‍ മൊബൈല്‍ ഫോണുകള്‍ക്കായി ഒരു സ്റ്റോറേജ് സ്‌പേസും കമ്പനി വാഹനത്തില്‍ ഒരുക്കിയേക്കുമെന്നാണ് സൂചന. മധ്യ ലേഔട്ടില്‍ ഒന്നിലധികം കപ്പ് ഹോള്‍ഡറുകളും ഡിസൈന്‍ സ്‌കെച്ചുകളില്‍ കമ്പനി ഒരുക്കിയിരുന്നു. സ്റ്റിയറിംഗ് വീല്‍, ഫ്‌ലാറ്റ്-ബോട്ടം അല്ലെങ്കിലും, കുഷാഖ് പോലുള്ള മോഡലുകളില്‍ മുമ്പ് കണ്ടിട്ടുള്ളതാണ്, മൗണ്ടഡ് കണ്‍ട്രോളും ഇതില്‍ ഇടംപിടിക്കും.

സവിശേഷതകള്‍
വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയയും അടുത്തിടെ പുറത്തിറക്കിയ സ്‌കോഡ കുഷാഖിന്റെ അതേ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനാല്‍, ഫീച്ചറുകളും സമാനമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വലിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടച്ച്-സെന്‍സിറ്റീവ് എയര്‍-കോണ്‍ കണ്‍ട്രോളുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് തുടങ്ങിയ സമാന സവിശേഷതകള്‍ ഈ പതിപ്പിലും പ്രതീക്ഷിക്കാം. ഓട്ടോ, റിവേഴ്സ് ക്യാമറ, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കൂള്‍ഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതകളാകും.

സുരക്ഷയുടെ കാര്യത്തിലേക്ക് വന്നാല്‍, നിരവധി എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, TCS, മള്‍ട്ടി-കൊളിഷന്‍ ബ്രേക്കിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ആന്റി-സ്ലിപ്പ് റെഗുലേഷന്‍ ആന്‍ഡ് മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, TPMS, ISOFIX പോയിന്റുകള്‍ എന്നിവയും വാഹനത്തില്‍ ഇടംപിടിക്കും.

എഞ്ചിന്
ഫീച്ചറുകളും സവിശേഷതകള്‍ക്കുമൊപ്പം തന്നെ എഞ്ചിനും കുഷാഖുമായി പങ്കിടുമെന്നാണ് സൂചന. ഇതിനര്‍ത്ഥം വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയയില്‍ 113 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റര്‍ TSI എഞ്ചിനും കൂടുതല്‍ ശക്തമായ 150 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5-ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനും ഇടംപിടിച്ചേക്കുമെന്നാണ് സൂചന.

സ്‌കോഡ കുഷാഖിനെപ്പോലെ, വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയയ്ക്കും രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുള്ള 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കും. കൂടുതല്‍ ശക്തമായ 1.5-ലിറ്റര്‍ TSI എഞ്ചിന് 7-സ്പീഡ് DSG ട്രാന്‍സ്മിഷന്‍ ലഭിക്കും. എന്നിരുന്നാലും, 1.0-ലിറ്റര്‍ പതിപ്പിന് കുഷാഖിനെപ്പോലെ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ലഭിച്ചേക്കും.

വില
വിലനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സ്‌കോഡ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയയ്ക്ക് സ്‌കോഡ റാപ്പിഡിനേക്കാള്‍ വില കുറച്ച് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, ഒരു പ്രീമിയം മിഡ്-സൈസ് സെഡാനാണ് സ്ലാവിയ. അതിനാല്‍ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വെര്‍ണ, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവയോടാകും വിപണിയില്‍ മത്സരിക്കുക. ഈ സെഗ്മെന്റില്‍ അടുത്തിടെ വരെ ടൊയോട്ട യാരിസും ഉണ്ടായിരുന്നു, എന്നാല്‍ വില്‍പ്പന എണ്ണം കുറയുന്നതിനാല്‍ ഈ മോഡല്‍ ഇപ്പോള്‍ കമ്പനി നിര്‍ത്തലാക്കുകയും ചെയ്തു.


Click it and Unblock the Notifications








